
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വര്‍ദ്ധന വില സര്‍വ്വകാല റെക്കോഡിലേക്ക്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാവുന്നത്. ലിറ്ററിന് 25 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 85.70 രൂപയും ഡീസലിന് 75. 88 രൂപയും കൂടി.
തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ധനവിലകൂടുന്നത്. ഈ ആഴ്ച്ചയില്‍ മാത്രം ലിറ്ററിന് ഒരു രൂപയുടെ വര്‍ദ്ധവ് ഉണ്ടായി. അതേസമയം സൗദി എണ്ണ ഉല്പാദനം വെട്ടിക്കുറച്ചതിനാലാണ് എണ്ണവില കുതിച്ചുയര്ന്നതെന്ന ആരോപണവുമായി ഇന്ധന വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് രംഗത്തെത്തി.
സൗദി അറേബ്യ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ എണ്ണ ഉല്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ അധികമായി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ധന വില വര്‍ദ്ധന സര്‍വ്വകാല റെക്കോഡിലേക്കെത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ആറ് മുതലാണ് ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചത്. അന്ന് മുതല്‍ പെട്രോള്‍ ലിറ്ററിന് 1.99 രൂപയും ഡീസലിന് 2.01 രൂപയുടെ വര്‍ദ്ധനയുമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് 2018 ഒക്ടോബര്‍ 4 നാണ് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നത്.