Petrol Diesel price

വോട്ടെണ്ണൽ അവസാനിച്ചതിന് പിന്നാലെ ഇന്ധന വില കൂട്ടി; ‍വർദ്ധനവ് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലമെത്തിയതിന് പിന്നാലെ പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. തുടര്‍ച്ചയായി 18 ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് 2021 മെയ് 4 ചൊവ്വാഴ്ച രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്. ഇതുപ്രകാരം രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസലിന്റെ വില 18 പൈസയുമാണ് ഉയര്‍ന്നിരിക്കുന്നത്.

മെയ് മാസത്തില്‍ എണ്ണ കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന ആദ്യ വിലപരിഷ്‌കരണമാണിത്. ഏറ്റവും ഒടുവില്‍ ഏപ്രില്‍ 25 നായിരുന്നു പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായത്.

ഇന്നത്തെ വില വര്‍ദ്ധനവോടെ ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 90.55 രൂപയിലും ഡീസല്‍ വില 80.91 രൂപയിലും എത്തി. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഇപ്പോള്‍ പെട്രോളിന് 96.95 രൂപയും ഡീസലിന് 87.98 രൂപയുമാണ് വില. ഈ വിവരങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഫെബ്രുവരി 27 നാണ് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നത് രാജസ്ഥാനിലൈയും മധ്യപ്രദേശിലെയും രണ്ട് നഗരങ്ങളിലായിരുന്നു

നിലവില്‍ ഈ രണ്ട് നഗരങ്ങളില്‍ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 101.43 പെട്രോള്‍ വില രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ ലിറ്ററിന് 93.54 രൂപയ്ക്ക് ലഭ്യമാണ്. മധ്യപ്രദേശിലെ അനുപൂരില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 101.15 രൂപയും ഡീസലിന് 91.56 രൂപയുമാണ് വില.

പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്കുശേഷം മാര്‍ച്ച് മാസത്തില്‍ അഞ്ച് തവണ മാത്രമായിരുന്നു പിന്നീട് വില പരിഷ്‌കരിക്കപ്പെട്ടത്. ഇതില്‍ നാലുതവണയും പെട്രോള്‍ വില കുറയ്ക്കുകയാണുണ്ടായത്.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്നതുമായ നികുതികളുടെയും ചരക്ക് കൂലിയുടെയും അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും ഇന്ധന വിലയില്‍ വ്യത്യാസമുണ്ടാകും.

ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.

സാധാരണയായി, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയ്ക്കും വിദേശനാണ്യ നിരക്കിനും അനുസരിച്ചാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്‌കരിക്കുന്നത്.

അതേസമയം, കൂടുതല്‍ യുഎസ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില നേട്ടമുണ്ടാക്കി. എന്നാല്‍ കൊവിഡ് -19 കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇന്ധനത്തിന് ഡിമാന്റ് കുറയുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021 മെയ് 4 ചൊവ്വാഴ്ച- പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില

ശ്രീ ഗംഗാനഗര്‍ – പെട്രോള്‍- 101.43 ഡീസല്‍ – 93.54
അനുപൂര്‍ – പെട്രോള്‍- 101.15- ഡീസല്‍ – 91.56
ന്യൂഡല്‍ഹി – പെട്രോള്‍- 90.55 – ഡീസല്‍ – 80.91
മുംബൈ – പെട്രോള്‍- 96.95 – ഡീസല്‍ – 87.98
കൊല്‍ക്കത്ത – പെട്രോള്‍- 90.76 – ഡീസല്‍ – 83.78
ചെന്നൈ – പെട്രോള്‍- 92.55 – ഡീസല്‍ – 85.90
ബെംഗളൂരു – പെട്രോള്‍- 93.60 – ഡീസല്‍ – 85.81
ഹൈദരാബാദ് – പെട്രോള്‍- 94.16 – ഡീസല്‍ – 88.25
പട്‌ന – പെട്രോള്‍- 92.87 – ഡീസല്‍ – 86.14
ജയ്പൂര്‍ – പെട്രോള്‍- 96.94 – ഡീസല്‍ -89.41
ലഖ്നൗ – പെട്രോള്‍- 88.84 – ഡീസല്‍ – 81.31
തിരുവനന്തപുരം – പെട്രോള്‍- 92.57 – ഡീസല്‍ – 87.07

ഉറവിടം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

Also Read: ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പരിഹാരമല്ലെന്ന് എയിംസ് മേധാവി

Covid 19 updates

Latest News