
രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ യുപിഎ സര്‍ക്കാരിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിന് കാരണം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് മോദി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ആശ്രയത്വം വര്‍ധിപ്പിച്ച് രാജ്യത്തെ മധ്യവര്‍ഗ്ഗത്തെ ഇന്നീ കാണുന്ന വിധത്തില്‍ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയതെന്ന് മോദി പറഞ്ഞു.
ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുക്ക് ഇപ്പോള്‍ ഈ വിധത്തില്‍ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ ആരേയും കുറ്റപ്പെടുത്തുകയോ പഴി ചാരുകയോ അല്ല വസ്തുതകള്‍ പറയുകമാത്രമാണ് ചെയ്യുന്നത് എന്ന് വിശദീകരിച്ചുകൊണ്ടാണ് മോദി ഈ വിധത്തിലൊരു പ്രസ്താവന നടത്തിയത്. രാജ്യത്ത് ചരിത്രത്തിലാദ്യമായി ഇന്ധനവില നൂറുകടന്നത് ചൂണ്ടി പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.
രാജ്യത്ത് ആകെ ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഗ്യാസിന്റെ 53 ശതമാനവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചുനിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം തുടര്‍ച്ചയായ 11-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 90.2 രൂപയും ഡീസല്‍ ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.78 രൂപ വിലയാകും. ഡീസല്‍ ലിറ്ററിന് 86.39 രൂപയായി ഉയര്‍ന്നു.
പത്ത് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് ഡീസലിന് 3 രൂപ 30 പൈസയും ഓരോ ലിറ്റര്‍ പെട്രോളിനും 2 രൂപ 93 പൈസ വീതവുമാണ് ഉയര്‍ന്നത്. പെട്രോള്‍ വില കുത്തനെ ഉയരുന്നത് ആവശ്യസാധനങ്ങളുടെ വിലയെയും ബാധിക്കും. ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ വില നൂറുകടന്നു. മഹാരാഷ്ട്രയിലെ പര്‍ഭാനയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100രൂപ 37 പൈസയാണ് വില.