ഇന്നും ഇന്ധന വില കൂട്ടി: പെട്രോളിന് 29 പൈസയും ഡീസല്‍ 31 പൈസയും ഉയര്‍ന്നു; വര്‍ദ്ധന പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണ
രാജ്യത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് കൂടിയത്. ഈ മാസം പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. 42 ദിവസത്തിനിടെ 24 തവണയും വില കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.45 രൂപയായി. കഴിഞ്ഞ ദിവസത്തെ വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില പലയിടത്തും നൂറ് രൂപയും പിന്നിട്ടിരുന്നു. ദിനം പ്രതി തുടരുന്ന വില വര്‍ദ്ധനയില്‍ രാജ്യ […]
13 Jun 2021 8:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് കൂടിയത്. ഈ മാസം പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. 42 ദിവസത്തിനിടെ 24 തവണയും വില കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.45 രൂപയായി.
കഴിഞ്ഞ ദിവസത്തെ വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില പലയിടത്തും നൂറ് രൂപയും പിന്നിട്ടിരുന്നു. ദിനം പ്രതി തുടരുന്ന വില വര്‍ദ്ധനയില്‍ രാജ്യ വ്യാപകമായി തന്നെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എഐസിസിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധം വ്യാപിപ്പിക്കുന്നതിനിടെ ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ ഇന്ന് രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തും. രാവിലെ 11 ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ധര്‍ണ ഉദ്ഘാടനം ചെയ്യും.
രണ്ടാഴ്ച്ച നീളുന്ന പ്രക്ഷോഭ പരിപാടികള്‍ക്കാണ് ഇടത് പാര്‍ട്ടികള്‍ ഇന്ധന വില വര്‍ധനവിനെതിരെ ആഹ്വാനം ചെയതിരിക്കുകയാണ്. ഈ മാസം 16 മുതല്‍ 30 വരെയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ കൊവിഡ് പ്രതിസന്ധിയില്‍ വലയുമ്പോഴും ഇന്ധന വില കുട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഇടത് പക്ഷത്തിന്റെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമരമെന്ന് സംയുക്ത പ്രസ്താവനയില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുക, ഭക്ഷ്യധാന്യ കിറ്റ് 10 കിലോ ആക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്‍ട്ടികള്‍ ഉയര്‍ത്തുന്നു. സിപിഐഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
അതിനിടെ, രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുന്നത് ക്ഷേമ പദ്ധതികള്‍ക്ക് സഹായകരമാവുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിലപാട്. പ്രയാസകരമായ സാഹചര്യങ്ങളില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കരുതി വെക്കുകയാണെന്നും മന്ത്രി പറയുന്നു. വാക്‌സീന്‍ വിതരണം അടക്കം പ്രതിസന്ധികാല പ്രവര്‍ത്തനങ്ങള്‍ക്ക് പണം വേണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35,000 കോടി രൂപ വാക്‌സിനായി ചെലവഴിക്കുകയാണെന്നും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറയുന്നു.