പെരിയയില്‍ സിബിഐ തന്നെ; സര്‍ക്കാരിന് തിരിച്ചടി; കള്ളക്കളി പൊളിഞ്ഞെന്ന് ശരത്‌ലാലിന്റെ കുടുംബം
പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. ഇരട്ടക്കൊലപാതകം സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്ളതിരിച്ചടിയാണിതെന്ന് ശരത് ലാലിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്ന് ശരത് ലാലിന്റെ പിതാവ് പറഞ്ഞു. നീതിയ്ക്ക് വേണ്ടിയുള്ള […]

പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. ഇരട്ടക്കൊലപാതകം സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനുള്ളതിരിച്ചടിയാണിതെന്ന് ശരത് ലാലിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്ന് ശരത് ലാലിന്റെ പിതാവ് പറഞ്ഞു.
നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിച്ചു.
ശരത്‌ലാലിന്റെ അച്ഛന്‍
പെരിയ കേസ് സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ അപ്പീലിലെ വാദം. കുറ്റപത്രം റദ്ദാക്കിയത് ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. പ്രതികള്‍ ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണ് എന്നതുകൊണ്ട് മാത്രം അന്വേഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വാദിച്ചിരുന്നു.
ഇതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തു. കേസ് ഡയറി സിബിഐയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ക്രൈം ബ്രാഞ്ച് പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കള്‍ ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപയാണ് ചെലവാക്കിയത്. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി മറികടക്കാന്‍ വേണ്ടിയുള്ള നിയമനടപടികള്‍ക്കാണ് പൊതുഖജനാവില്‍ നിന്ന് ഭീമമായ നികുതിപ്പണം സര്‍ക്കാര്‍ ചെലവാക്കിയത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കുകയായിരുന്നു.
2019 ഒക്ടോബറില്‍ 25 ലക്ഷവും, നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും അവരുടെ സഹായികള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയത്.
സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചതോടെ കനത്ത തിരിച്ചടിയാണ് സര്‍ക്കാരിനുണ്ടായത്. വാദം പൂര്‍ത്തിയായി ഒമ്പത് മാസത്തിന് ശേഷമാണ് അന്വേഷണകാര്യത്തില്‍ വിധി വന്നത്. ഹൈക്കോടതി വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊല കേസ് സിബിഐയ്ക്ക് വിട്ടത്. 14 പ്രതികളെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയാണുണ്ടായത്. അന്വേഷണസംഘത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നവംബര്‍ 16ന് വാദം കഴിഞ്ഞെങ്കിലും വിധി വന്നില്ല. സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഒമ്പത് മാസം പിന്നിട്ടിട്ടും വിധി വൈകിപ്പിക്കുന്ന ഹൈക്കോടതി സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ കോടതിയിലെത്തിയത്. ഹൈക്കോടതി സിബിഐ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2018 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്ന വാര്‍ത്തകള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.