Top

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ ഇന്നെത്തും, മൊഴിയില്‍ തുടങ്ങും

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് സിബിഐ ഇന്നെത്തും. സംഭവ സ്ഥലം സിബിഐ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിക്കുന്നത്. കേസ് അന്വേഷണം സിബിഐക്ക് നല്‍കികൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് മാറിയത്. ഇത് സംബന്ധിച്ച മുഴുവന്‍ അന്വേഷണ രേഖകളും സിബിഐക്ക് കൈമാറി. പെരിയ […]

14 Dec 2020 8:37 PM GMT

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ ഇന്നെത്തും, മൊഴിയില്‍ തുടങ്ങും
X

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് സിബിഐ ഇന്നെത്തും. സംഭവ സ്ഥലം സിബിഐ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിക്കുന്നത്.

കേസ് അന്വേഷണം സിബിഐക്ക് നല്‍കികൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് മാറിയത്. ഇത് സംബന്ധിച്ച മുഴുവന്‍ അന്വേഷണ രേഖകളും സിബിഐക്ക് കൈമാറി.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം ആറു പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു. അപ്പീലുകള്‍ നല്‍കിയിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് രേഖകള്‍ കൈമാറിയത്.

സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയായിരുന്നു സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറിയത്.

പെരിയ കേസ് സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ അപ്പീലിലെ വാദം. കുറ്റപത്രം റദ്ദാക്കിയത് ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. പ്രതികള്‍ ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണ് എന്നതുകൊണ്ട് മാത്രം അന്വേഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വാദിച്ചിരുന്നു.

ഇതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തു. കേസ് ഡയറി സിബിഐയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ക്രൈം ബ്രാഞ്ച് പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കൃപേഷിന്റേയും ശരത്ലാലിന്റേയും മാതാപിതാക്കള്‍ ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപയാണ് ചെലവാക്കിയത്. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി മറികടക്കാന്‍ വേണ്ടിയുള്ള നിയമനടപടികള്‍ക്കാണ് പൊതുഖജനാവില്‍ നിന്ന് ഭീമമായ നികുതിപ്പണം സര്‍ക്കാര്‍ ചെലവാക്കിയത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടത്. 14 പ്രതികളെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയാണുണ്ടായത്. അന്വേഷണസംഘത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നവംബര്‍ 16ന് വാദം കഴിഞ്ഞെങ്കിലും വിധി വന്നില്ല. സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഒമ്പത് മാസം പിന്നിട്ടിട്ടും വിധി വൈകിപ്പിക്കുന്ന ഹൈക്കോടതി സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ കോടതിയിലെത്തിയത്. ഹൈക്കോടതി സിബിഐ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2018 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്ന വാര്‍ത്തകള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Next Story