‘അഹങ്കാരി, പ്രതിഭ, ഇതിഹാസം’; ലോകത്തെ അമ്പരിപ്പിച്ച ഫുട്‌ബോള്‍ മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് 50-ാം പിറന്നാള്‍

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഇന്ന് 50-ാം പിറന്നാള്‍ മധുരം. സ്പാനിഷ് ഫുട്‌ബോളിലെ തന്ത്രങ്ങളുടെ രാജാവാണ് ഗ്വാര്‍ഡിയോള. മാനേജര്‍ മാത്രമല്ല മൈതാനത്ത് പന്ത് തട്ടിയിരുന്ന കാലത്ത് മിന്നും പ്രകടനം പുറത്തെടുത്ത പ്രതിഭ കൂടിയാണ് പെപ്. സ്‌പെയ്‌ന് വേണ്ടി 47 മത്സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ ഇതിഹാസത്തിന്‍റെ പേരിലുണ്ട്.

ക്ലബ് ഫുട്‌ബോളിലെ കിരീടം വെക്കാത്ത മാനേജര്‍

2021 ജനുവരി 17 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 711 ക്ലബ് മത്സരങ്ങളാണ് ഗ്വാര്‍ഡിയോള മാനേജര്‍ കസേരയിലിരുന്ന് നിയന്ത്രിച്ചത്. ഇതില്‍ 516 എണ്ണത്തില്‍ വിജയം സ്വന്തമാക്കി. 72.57 ശതമാനമാണ് വിജയ നിരക്ക്. 2007 ജൂണിലാണ് പ്രൊഫഷണല്‍ മാനേജര്‍ വേഷത്തില്‍ ഗ്വാര്‍ഡിയോള എത്തുന്നത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് ഒരു വര്‍ഷക്കാലത്തോളം ബാഴ്‌സലോണയുടെ ബി ടീമിനെ പരിശീലിപ്പിച്ചു. 66.67 വിജയ ശതമാനം. കളിച്ച 42 മത്സരങ്ങളില്‍ 28 വിജയം, തോല്‍വിയറിഞ്ഞതാകട്ടെ 5 കളികളില്‍ മാത്രം.

റെക്കോര്‍ഡുകളുടെ തുടക്കം ആരംഭിക്കുന്നതും ബാഴ്‌സലോണയില്‍ നിന്ന് തന്നെ. 2008 ജൂലൈ ഒന്നിന് ബാഴ്‌സയുടെ സീനിയര്‍ ടീമിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 2012 വരെ ബാഴ്‌സലോണയുടെ കളി മെനഞ്ഞെടുത്ത പെപ് 247 മത്സരങ്ങളില്‍ നിന്ന് 21 തോല്‍വികള്‍ മാത്രമാണ് രുചിച്ചത്. 179 വിജയങ്ങള്‍. ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ എല്ലാ സുപ്രധാന ടൂര്‍ണമെന്റുകളിലും കപ്പയുര്‍ത്തി. ലോകഫുട്‌ബോളിലെ കീരീടം വെക്കാത്ത രാജാവായി പെപ് ഉയരുന്നതും ബാഴ്‌സലോണ കാലഘട്ടത്തിലായിരുന്നു.

പെപ്-മെസി കാലഘട്ടം

ബാഴ്സലോണ റൊണാള്‍ഡിന്യോ മുതല്‍ സാക്ഷാല്‍ ലയണല്‍ മെസി വരെ പെപിന്റെ തന്ത്രങ്ങളിലൂടെ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാഴ്സലോണയുടെ ചരിത്രത്തില്‍ തന്നെ മെസിയുമായി ഏറെ സൌഹൃദം സൂക്ഷിച്ചിരുന്ന മാനേജറായിരിക്കും പെപ്. മെസിയുടെ കളി മികവിനെയും തന്ത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള മാനേജറെന്ന സ്ഥാനം ഇപ്പോഴും അദ്ദേഹത്തിനുണ്ട്. കളി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ‘മെസിയിലെ കളിക്കാരാനെ ഇത്രയധികം ഉപയോഗപ്പെടുത്തിയ മറ്റൊരു കോച്ചുണ്ടായിട്ടുണ്ടാവില്ല’.

2013ല്‍ ബയേണ്‍ മ്യൂണിച്ചിലേക്ക് ചേക്കേറിയ പെപ് റെക്കോര്‍ഡ് വിജയങ്ങള്‍ തുടര്‍ന്നു. 161 മത്സരങ്ങളില്‍ നിന്ന് 121 വിജയങ്ങളാണ് ബയേണിന് വേണ്ടി നേടിയത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാന നിരക്കും (75.16) ബയേണ്‍ കാലഘട്ടത്തിലായിരുന്നു.

2016ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. 261 മത്സരങ്ങളില്‍ 188ലും വിജയം സ്വന്തമാക്കി. 37 പരാജയം, 36 സമനില. ഗ്വാര്‍ഡിയോള ഏറ്റവും കൂടുതല്‍ വിജയവും പരാജയവും നേടുന്നത് സിറ്റിയുടെ വേഷത്തിലാണ്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ഗാര്‍ഡിയോളയ്ക്കായിട്ടില്ല. 2008ല്‍ പരിശീലകനായശേഷം അഞ്ച് വര്‍ഷത്തിലധികം ഒരു ക്ലബ്ബില്‍ ഗ്വാര്‍ഡിയോള തുടരുന്നത് ഇതാദ്യമാണ്.

കിരീട നേട്ടങ്ങളും അഹങ്കാരിയെന്ന വിശേഷണവും

ബാഴ്‌സലോണയില്‍ കളിച്ച നാല് സീസണില്‍ മൂന്ന് തവണ ലീഗ് കിരീടം പെപ് സ്വന്തം പോക്കറ്റിലാക്കിയിട്ടുണ്ട്. നാല് തവണ സൂപ്പര്‍ കപ്പ്, രണ്ട തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് തുടങ്ങി നേട്ടങ്ങളുടെ നീണ്ടനിര തന്നെ കാംപ് നുവില്‍ പെപ് സ്വന്തമാക്കി. ബയേണ്‍ മ്യൂണിച്ചിലെത്തിയ ശേഷവും വിജയങ്ങള്‍ തുടര്‍ന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെത്തിയ രണ്ടാം സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പുയര്‍ത്തി. ലീഗില്‍ ചാര്‍ജെടുത്ത ശേഷം ആദ്യത്തെ 11 മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയം സ്വന്തമാക്കുന്ന അപൂര്‍വ്വതയും ഗ്വാര്‍ഡിയോളയുടെ സ്വന്തമാണ്. ഒന്നിലധകിം തവണ പ്രീമിയര്‍ ലീഗ് മാനേജര്‍ അവാര്‍ഡും പെപിനെ തേടിയെത്തിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലും കളിക്കാരുടെ മുന്നിലും കര്‍ക്കശക്കാരനായ മാനേജറെന്നാണ് പെപിനെ വിശേഷിപ്പിക്കുന്നത്. അഹങ്കാരിയെന്ന് വിളിക്കുന്നവരും കുറവല്ല, പക്ഷേ പ്രതിഭ തെളിയിച്ച മാനേജറെന്ന നിലയില്‍ അദ്ദേഹത്തിന്റെ കാര്‍കശ്യങ്ങള്‍ ടീമിന് ഏറെ ഗുണകരമാണ്.

Latest News