
ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ലണ്ടനിലുള്ള ബ്ലഡ് അഡ്വാന്‍സ് എന്ന ജേര്‍ണലിലാണ് കൊവിഡ് ബാധയേല്‍ക്കുന്നതും രക്ത ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തെപറ്റി പുതിയ പഠനം വരുന്നത്. രോഗബാധയേറ്റവരില്‍ അധികവും മറ്റ് ബ്ലഡ് ഗ്രൂപ്പിലുള്ളവരാണെന്നാണ് ഒ ബ്ലഡ് ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നാണ് ജേര്‍ണയില്‍ പറയുന്നത്.
ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ അതില്‍ തീവ്രത കുറവായിരിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇതില്‍ കുടുതല്‍ പഠനം നടത്തണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒ ബ്ലഡ് ഗ്രൂപ്പിലുള്ളവരെക്കാള് എ, ബി, എബി എന്നീ ബ്ലഡ് ഗ്രൂപ്പിലുള്ളവരാണ് കൂടുതല്‍ രോഗബാധിതരാകുന്നതെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ഡെന്മാര്ക്കില് നടത്തിയ പഠനമനുസരിച്ച് കൊവിഡ് ബാധിതരായ 7,422 പേരില്‍ 34.4 ശതമാനം മാത്രമാണ് ഒ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 44.4 ശതമാനമാണ് എ ഗ്രൂപ്പിലുള്ളവര്‍. ജനസംഖ്യയുടെ 62 ശതമാനത്തിന്റെ റിപ്പോര്‍ട്ട് മാത്രമാണിത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ വിശദമായ പഠനം വേണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
നേരത്തെ ക്ലിനിക്കല്‍ ഇന്‍ഫെക്റ്റിയസ് ഡിസീസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ എ രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് കൊവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഒ ഗ്രൂപ്പുകാരില്‍ വൈറസ് ബാധക്കുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.