‘ജനം അസ്വസ്ഥരാണ്’; ജനാധിപത്യം പുനസ്ഥാപിക്കേണ്ട ഫലമുണ്ടാകണമെന്ന് സുകുമാരന്‍ നായര്‍; വോട്ടിങ്ങിനിടെ എല്‍ഡിഎഫിന് എന്‍എസ്എസിന്റെ ഷോക് ട്രീറ്റ്മെന്റ്
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫിന് എന്‍എസ്എസിന്റെ ഷോക് ട്രീറ്റ്മെന്റ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ജനാധിപത്യത്തിന്റെ പുനസ്ഥാപനമുണ്ടാകണം. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ തീര്‍ച്ചയായും ബാധിക്കുമെന്നും എന്‍എസ്എസ് നേതാവ് പറഞ്ഞു. വീടിന് സമീപത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് […]

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫിന് എന്‍എസ്എസിന്റെ ഷോക് ട്രീറ്റ്മെന്റ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ജനാധിപത്യത്തിന്റെ പുനസ്ഥാപനമുണ്ടാകണം. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ തീര്‍ച്ചയായും ബാധിക്കുമെന്നും എന്‍എസ്എസ് നേതാവ് പറഞ്ഞു. വീടിന് സമീപത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സുകുമാരന്‍ നായരുടെ പ്രതികരണം.
ജി സുകുമാരന്‍ നായര്‍ പറഞ്ഞത്
“ജനാധിപത്യം പുനസ്ഥാപിക്കത്തക്ക ഒരു ഫലമാണ് ഉണ്ടാകേണ്ടത്. ജനങ്ങള്‍ അത്ര കണ്ട് അസ്വസ്ഥരാണ്. ഭീതിജനകമായ ഒരു അവസ്ഥയാണുള്ളത്. പ്രചരങ്ങളെയൊക്കെ അത് കൊറേയൊക്കെ ബാധിക്കും. പക്ഷെ, അത് തിരിച്ചറിയാനുള്ള ശക്തി കേരളത്തിലെ ജനവിഭാഗത്തിനുണ്ട് എന്നുള്ളതുകൊണ്ട് ജനാധിപത്യം വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സമദൂര നിലപാടില്‍ യാതൊരു മാറ്റവുമില്ല. വസ്തുതകള്‍ മനസിലാക്കി ജനം വോട്ട് ചെയ്യും. ജനാധിപത്യത്തിന്റെ വിജയമായിരിക്കണം ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. അതിന് അനുകൂലമായ വിധിയെഴുത്തായിരിക്കണം ഇത്തവണ ഉണ്ടാകേണ്ടത്. കോട്ടയം ജില്ലയിലെ മത്സരത്തെ മാത്രമല്ല എല്ലാത്തിനേയും ഞാന്‍ ഒരുപോലെയേ കാണുന്നുള്ളൂ. ജനാധിപത്യം ജയിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ജനാധിപത്യത്തിന് സ്വല്പം മങ്ങലേറ്റിട്ടുണ്ട്. അത് പുനസ്ഥാപിക്കണം. വിവാദങ്ങള്‍ തീര്‍ച്ചയായും കുറേപ്പേരെ സ്വാധീനിക്കും. അതില്‍ സംശയമൊന്നുമില്ല. വിവാദങ്ങളാണല്ലോ തെരഞ്ഞെടുപ്പ് റിസല്‍റ്റില്‍ പ്രകടമാക്കുന്നത്. ആ വിവാദങ്ങളെ ശരിക്ക് അറിയുന്നതിനും കണക്കിലെടുക്കുന്നതിനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും കേരളത്തിലെ ജനങ്ങള്‍ക്ക് ബുദ്ധി ശക്തിയും കഴിവുമുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ടാകും.”
സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സാമുദായികമായി മുന്നിട്ട് നില്ക്കുന്നവരിലെ സാമ്പത്തിക പിന്നോക്കാര്ക്ക് പത്ത് ശതമാനം റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയത് ദളിത്, ഈഴവ, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കടുത്ത എതിര്‍പ്പുകളും സമരവും വകവെയ്ക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോക്ക സംവരണം കൊണ്ടുവന്നത് മുന്നോക്ക സമുദായങ്ങളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.