അറബ് സൗഹൃദം വഴി വെട്ടി; പശ്ചിമേഷ്യയിലെ നിര്‍ണായക സ്വാധീനത്തിന് വഴി തുറന്നു കിട്ടി ഇസ്രായേല്‍

പശ്ചിമേഷ്യയിലെ സൈനിക പ്രവര്‍ത്തനങ്ങളുടെ സെന്‍ട്രല്‍ കമാന്‍ഡില്‍ ഇസ്രായേലിനെയും ഉള്‍പ്പെടുത്തുന്നതായി അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണ്‍. യുഎഇ, ബഹ്റിന്, മൊറോക്കോ,സുഡാന് എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാനകരാര്‍ സ്ഥാപിച്ച ശേഷമാണ് ഇസ്രായേലിനെ പെന്റഗണ്‍ മിഡില്‍ ഈസ്റ്റ് സെന്‍ട്രല്‍ കമാന്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തെ അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഇല്ലാതിരുന്നതിനാല്‍ പതിറ്റാണ്ടുകളായി അമേരിക്കന്‍ സേനയുടെ യൂറോപ്യന്‍ കമാന്‍ഡിലായിരുന്നു ഇസ്രായേല്‍ സേനയെ ഉള്‍പ്പെടുത്തിയിരുന്നത്.
പശ്ചിമേഷ്യയിലും മധ്യേഷയിലുമായി വ്യാപിച്ചു കിടക്കുന്നതാണ് മേഖലയിലെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയ്ക്കു പുറമെ അഫ്ഗാനിസ്താന്, പാകിസ്താന് മേഖലകള്‍ എന്നിവയുള്‍പ്പെടെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ഉത്തരവാദിത്തത്തില്‍ വരും. ഇസ്രായേലിനെ കമാന്‍ഡില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇനി മധ്യേഷയും ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ക്ക് വേദിയാവും.
അതേസമയം പശ്ചിമേഷ്യയില്‍ ഇറാനിയന്‍ നീക്കങ്ങളെ തടുക്കാന്‍ ഇസ്രായേലിന്റെ വരവ് സഹായിക്കുമെന്നാണ് പെന്റഗണ്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ‘ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത ഇല്ലാതായത് പശ്ചിമേഷ്യയിലെ പൊതുശത്രുവിനെതിരെ അണിനിരക്കാന്‍ ഒരു നയതന്ത്ര അവസരം യുഎസിന് നല്കി,’ പെന്റഗണ്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയില്‍ ഇറാന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്നു പുറത്തു പോവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ രുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം നടപ്പില്‍ വരുത്തേണ്ടി വരിക നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനായിരിക്കും.