Top

‘ശിവശങ്കറിനോട് അന്വേഷണ ഏജന്‍സികള്‍ അനീതി കാട്ടിയിട്ടില്ല’; അറസ്റ്റിന് ഇത്രയും തെളിവുകള്‍ പോലും വേണ്ടെന്ന് പി സി വിഷ്ണു നാഥ്

ശിവശങ്കറിനോട് അന്വേഷണ ഏജന്‍സികള്‍ അനീതി കാണിച്ചുവെന്ന് തോന്നുന്നില്ല.

17 Nov 2020 6:15 AM GMT

‘ശിവശങ്കറിനോട് അന്വേഷണ ഏജന്‍സികള്‍ അനീതി കാട്ടിയിട്ടില്ല’; അറസ്റ്റിന് ഇത്രയും തെളിവുകള്‍ പോലും വേണ്ടെന്ന് പി സി വിഷ്ണു നാഥ്
X

സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ അഞ്ചാം പ്രതിയായ എം ശിവശങ്കര്‍ ഒരേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കള്ളക്കടത്ത് സംഘത്തിന്റെ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണു നാഥ്. ശിവശങ്കറിന് കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കറിനെതിരെ അന്വേഷണം നടത്തുകയും സര്‍ക്കാരിന് അദ്ദേഹത്തെ സസ്‌പ്പെന്‍ഡ് ചെയ്യേണ്ടി വന്നതെന്നും വിഷ്ണു നാഥ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു വിഷ്ണു നാഥിന്റെ പ്രതികരണം.

വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച തെഴിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിയിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അഴിമതിയിലൂടെ ലഭിച്ച കൈക്കൂലി, സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ശിവശങ്കറിനെതിരെ നടന്ന അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായി ശിവശങ്കറിന്റെ വാദം കോടതി തള്ളുകയായിരുന്നുവെന്നും വിഷ്ണു നാഥ് പറഞ്ഞു.

ശിവശങ്കറിനോട് അന്വേഷണ ഏജന്‍സികള്‍ അനീതി കാണിച്ചുവെന്ന് തോന്നുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ പാകത്തിനുള്ള എന്തെങ്കിലും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കാമെന്നും എന്നിട്ടും അതിന്റെ വിശ്വാസ്യത പരിശോധിച്ചതിന് ശേഷവും നിരവധി തവണ ചോദ്യം ചെയ്തതിന്‌ ശേഷവുമാണ് ശിവശങ്കറിനെ സംഘം അറസ്റ്റ് ചെയ്തത് എന്നത് തന്നെ ശിവശങ്കറിനെതിരെ അനീതി നടന്നിട്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്.

അദ്ദേഹത്തെ ഏതെങ്കിലും സമ്മര്‍ദ്ദത്തില്‍ ഉള്‍പ്പെടുത്തി എന്ന് കരുതേണ്ട കാര്യമില്ലെന്നും അതിന്റെ തെളിവാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ്ക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ഇരുവരും നടത്തിയ സംഭാഷണത്തിന്റെ ഡിജിറ്റല്‍ തെളിവുകളുമെന്നും വിഷ്ണു നാഥ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കള്ളക്കടത്ത് സംഘത്തിന്റെ പ്രൊസീഡ്‌സ് ഓഫ് ക്രൈം സൂക്ഷിക്കാന്‍ അദ്ദേഹം ഒരു കാര്യക്കാരനായി പോയെന്നും, 36 ലക്ഷം രൂപയടങ്ങിയ ബാഗുമായി കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയോടൊപ്പം അദ്ദേഹം യാത്ര നടത്തിയിരുന്നു എന്നുമാണ് ഡിജിറ്റല്‍ തെളിവുകള്‍ ചൂണ്ടി കാണിക്കുന്നതെന്നും വിഷ്ണു നാഥ് പറഞ്ഞു. ഇത്രയും തെളിവുകള്‍ പോലും അറസ്റ്റിന് ആവശ്യമില്ലെന്നും എന്നാല്‍ ഇത്രയും വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് സംഘം കടന്നത് എന്നത് തന്നെ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ടാണ് തന്നെ ദ്രോഹിക്കുന്നതെന്ന എന്ന വാദം നിലനില്‍ക്കുന്നില്ലെന്നും വിഷ്ണു നാഥ് കൂട്ടിച്ചേര്‍ത്തു.

Next Story