ചിന്നം വിളിച്ച് നില്ക്കുന്ന പൂഞ്ഞാറിലെ ഒറ്റയാനെ ആര് മെരുക്കും, ആര് തളയ്ക്കും ?
മുന്നണി പ്രവേശത്തെ എതിര്‍ക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം ജനപക്ഷത്തിന്റെ കരുത്ത് മനസിലാകുമെന്നാണ് പി സി ജോര്‍ജിന്റെ പ്രഖ്യാപനം.
27 Jan 2021 7:16 AM GMT
അനുപമ ശ്രീദേവി

കാലങ്ങളായി കേരള കോണ്‍ഗ്രസിന്റെ വിവിധ ചേരികളുടെ മണ്ഡലമായിരുന്ന പുഞ്ഞാര്‍ മധ്യകേരളത്തിലെ കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലൊന്നാണ്. 2016-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ട് പുറത്തുവന്ന പി സി ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളെ ഒരുപോലെ ഞെട്ടിച്ചതോടെയാണ് മണ്ഡലം ഒരു പുതിയ രാഷ്ട്രീയ ചിത്രത്തിലേക്ക് കടന്നത്. യുഡിഎഫ് പ്രവേശമെന്ന ആഗ്രഹം എങ്ങുമെത്താതായതോടെ ഇത്തവണയും ഒറ്റക്കുതന്നെയെന്ന് പി സി ജോര്‍ജ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍പ് പാലയിലേക്കെന്ന് പറഞ്ഞതും പിന്‍വലിച്ച അദ്ദേഹം ഈ തെരഞ്ഞെടുപ്പിലും പൂഞ്ഞാറുതന്നെ കാണും. അങ്ങനെയെങ്കില്‍ ഇത്തവണയും മണ്ഡലത്തിലെ പോരാട്ടത്തില്‍ തീപാറും.
മണ്ഡലരൂപീകരണത്തിനുശേഷമുള്ള 1957-ലെയും 1960-ലെയും ഒന്നും രണ്ടും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. പിന്നീട് 1967-ലെ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ പുനര്‍നിര്‍വ്വചിച്ച് കേരള കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്തപ്പോള്‍ അതിന്റെ ഭാഗമായ മണ്ഡലങ്ങളിലൊന്നായിരുന്നു പൂഞ്ഞാര്‍. 1964-ല്‍ കോണ്‍ഗ്രസ് വിട്ട 15 എംഎല്‍എമാര്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. അതിനുശേഷം നടന്ന 1967-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയപ്പോള്‍ സ്ഥാപകനേതാവ് കെ എം ജോര്‍ജിന്റെ മണ്ഡലമായി പൂഞ്ഞാര്‍. 1967-ല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1970-ലും വിജയം ആവര്‍ത്തിച്ചു.
എന്നാല്‍ ഇതിനകം പിളര്പ്പുകളാരംഭിച്ച കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ തമ്മിലായി പിന്നീട് മണ്ഡലത്തിലെ ഏറ്റുമുട്ടലുകള്‍. 1977-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (പി) സ്ഥാനാര്‍ഥിയായ പി ഐ ദേവസ്യയെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിന്റെ വി ജെ ജോസഫ് പൂഞ്ഞാര്‍ എംഎല്‍എയായി. 1980 -ല്‍ മണ്ഡലത്തില്‍ നിന്ന് വിജയം തേടിയത് നിലവിലെ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജായിരുന്നു. 1977-ലെ തെരഞ്ഞെടുപ്പില്‍ വി ജെ ജോസഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് (ജെ)യുടെ ഭാഗമായിരുന്ന സമയത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്. അന്ന് വി ജെ ജോസഫിനെ 1148 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അദ്ദേഹം നിയമസഭയിലെത്തി. 1982-ല്‍ വീണ്ടും ഇരുവരും മണ്ഡലത്തില്‍ ഏറ്റുമുട്ടുകയും പി സി ജോര്‍ജ് തന്നെ വിജയിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു.
പിന്നീട് 1987-ലെ തെരഞ്ഞടുപ്പിലാണ് മണ്ഡലം ചരിത്രത്തിലെ പ്രധാനപ്പെട്ട അട്ടിമറിക്ക് സാക്ഷ്യം വഹിക്കുന്നത്. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി സി ജോര്‍ജിനെ 1076 വോട്ടുകള്‍ക്ക് ജനതാ പാര്‍ട്ടിയുടെ എന്‍ എം ജോസഫ് പരാജയപ്പെടുത്തി. പൂഞ്ഞാറുനിന്ന് പി സി ജോര്‍ജ് പരാജയപ്പെട്ട ഒരേയൊരു തെരഞ്ഞെടുപ്പാണിത്. 1991-ല്‍ ജോയ് എബ്രാഹാമിലൂടെ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പിടിച്ചു. എന്‍ എം ജോസഫിനെ പരാജയപ്പെടുത്തിയായിരുന്നു ആ വിജയം.
1996-ല്‍ വീണ്ടും പി സി ജോര്‍ജ് മണ്ഡലത്തിലേക്ക് തിരിച്ചെത്തി. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായ ജോയ് എബ്രഹാം എംഎല്‍എയെ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു പി സി ജോര്‍ജിന്റെ തിരിച്ചു വരവ്. പിന്നീട് മണ്ഡലത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പി ജോര്‍ജാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2001-ല്‍ കേരള കോണ്‍ഗ്രസ് (ജെ)യുടെ ഭാഗമായി മത്സരിച്ചു വിജയിച്ച പി സി 2004-ല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചു. ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എസ്) ബാനറില്‍ മത്സരിച്ച 2006-ലെ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനായിരുന്നു വിജയം. കോണ്‍ഗ്രസിന്റെ അഡ്വ ടി വി എബ്രഹാമിനെയാണ് ആ രണ്ട് ടേമിലും പി സി പരാജയപ്പെടുത്തിയത്.

പിന്നീട് കേരള കോണ്‍ഗ്രസ് എമ്മുമായി കേരള കോണ്‍ഗ്രസ് എസ് ലയിക്കുകയും 2011-ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായി പി സി പൂഞ്ഞാറില്‍ നിന്ന് വിജയിക്കുകയും ചെയ്തു. ഇടത് സ്വതന്ത്രനായ മോഹന്‍ തോമസിനെ 14984 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഈ വിജയം.എന്നാല്‍ സോളാറടക്കമുള്ള വിഷയങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പി സി നടത്തിയ ചില പരാമര്‍ശങ്ങളും അത് കേരള കോണ്‍ഗ്രസിനകത്തുണ്ടാക്കിയ തര്‍ക്കങ്ങളും അദ്ദേഹത്തെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചു. തുടര്‍ന്ന് 2016 തെരഞ്ഞെടുപ്പില്‍ ‘ജനപക്ഷ സ്ഥാനാര്‍ഥി’ എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് മത്സരിച്ചത്. അവസാന നിമിഷം വരെ പിന്തുണക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇടത് സ്വതന്ത്രനെ എതിര്‍സ്ഥാനാര്‍ഥിയായി രംഗത്തിറക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഇതോടെ ഒറ്റയാള്‍ പട്ടാളമായ പി സി ജോര്‍ജ് 27821 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലത്തില്‍ തന്റെ സ്വാധീനം തെളിയിക്കുകയായിരുന്നു.

തുടര്‍ന്ന് 2017-ല്‍ ജനപക്ഷം എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ച പി സി ജോര്‍ജ് കുറച്ചുകാലം എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരിക്കുകയും 2019-ല്‍ ബിജെപി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പടുക്കവെ വീണ്ടും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം പി സി ജോര്‍ജ് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തുവെന്നും പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ പി സി ജോര്‍ജ് മുന്നണിയിലെത്തുന്നത് മധ്യകേരളത്തില്‍ ഗുണകരമാകുമെന്ന് നിരീക്ഷിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും പി സി ജോര്‍ജിനെ മുന്നണിയിലെത്തിക്കാന്‍ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജില്ലയിലെ പ്രാദേശിക നേതൃത്വം രാജി ഭീഷണി വരെ ഉയര്‍ത്തിയാണ് ഈ നീക്കത്തോട് പ്രതികരിച്ചത്. പി സി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ മുഴുവന്‍ ഭാരവാഹികളും രാജിവെച്ച് ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റിയുടെ പ്രതികരണം. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികള്‍ പി സി ജോര്‍ജിന്റെ മുന്നണി പ്രവേശമെതിര്ത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു ഈ ഭീഷണി. മുസ്ലിം വിഭാഗക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തിയുള്ള ലീഗും മുന്നണി പ്രവേശത്തെ അനുകൂലിക്കുന്നില്ല എന്നും ഇതിനൊപ്പം പറയപ്പെട്ടിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ താന്‍ യുഡിഎഫില്‍ എത്തുന്നതിനെ പിന്തുണച്ചു എന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം.
ഇതിനെല്ലാം പുറമെ പി ജെ ജോസഫും പി സി ജോര്‍ജിന്റെ മുന്നണി പ്രവേശത്തെ പരസ്യമായി തന്നെ എതിര്‍ത്ത് രംഗത്തെത്തിയതോടെ പി സിക്ക് യുഡിഎഫിലേക്കുള്ള വാതിലടഞ്ഞെന്ന തരത്തിലാണ് നിലവിലെ സാഹചര്യം. പി സി ജോര്‍ജിനെ മുന്നണിയിലോ പാര്‍ട്ടിയിലോ തിരിച്ചെടുക്കരുതെന്ന് പറഞ്ഞ പി ജെ ജോസഫ് വേണമെങ്കില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കട്ടെ എന്നാണ് പ്രതികരിച്ചത്. എന്നാല്‍ മുന്നണി പ്രവേശത്തിന് ആരുടെയും കാലുപിടിക്കാനില്ലെന്ന് വ്യക്തമാക്കിയ പി സി ജോര്‍ജ് ഇത്തവണയും ജനപക്ഷം ഒറ്റക്കാണെന്ന് പ്രഖ്യാപിക്കുകയാണ്.
മുന്നണി പ്രവേശത്തെ എതിര്‍ക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം ജനപക്ഷത്തിന്റെ കരുത്ത് മനസിലാകുമെന്നാണ് പി സി ജോര്‍ജിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ പതിനഞ്ചോളം മണ്ഡലങ്ങളില്‍ ജനപക്ഷത്തിന് വലിയ സ്വാധിനമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരു ജില്ലാ പഞ്ചായത്ത് സീറ്റിലും എട്ട് ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ജനപക്ഷം വിജയിച്ചിട്ടുമുണ്ട്.
യുഡിഎഫ് പ്രവേശനമുണ്ടാവുകയും ജോസ് കെ മാണി പാലായില്‍ മത്സരിക്കുകയും ചെയ്യുകയാണെങ്കില്‍ താന്‍ പാലായില്‍ മത്സരിക്കുമെന്നും പൂഞ്ഞാറില്‍ മകന് ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ഇതോടെ ഇല്ലാതാവുകയാണ്. ഇത്തവണയും ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ പി സി പൂഞ്ഞാര്‍ തന്നെ മത്സരിക്കും.
ജനപക്ഷം എന്‍ഡിഎയുടെ ഭാഗമായിരുന്ന കാലത്ത് പി സി ജോര്‍ജിനെ മുന്‍നിര്‍ത്തി മണ്ഡലം പിടിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലും പാര്‍ട്ടി മുന്നണി വിട്ടതോടെ അസ്തമിച്ചിരിക്കുകയാണ്. യുഡിഎഫ് പ്രവേശനം ചിത്രത്തില്‍ നിന്ന് മാഞ്ഞ സാഹചര്യത്തില്‍ അഥവാ വീണ്ടും ബിജെപി ആ നീക്കത്തെ പൊടി തട്ടിയെടുത്താലും പി സി ജോര്‍ജ് അത്തരം നീക്കങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം കാണാം എന്ന പി സിയുടെ പ്രസ്താവന അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
അതേസമയം പി സി ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിള കമ്മീഷനും രംഗത്തെത്തി. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ രണ്ട് തവണ സഭ ശാസിച്ച പി സി ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് മഹിള കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സഭ പി സിയെ വിമര്‍ശിച്ചത്. മുന്‍പ് 2013-ല്‍ കെ ആര് ഗൗരിയമ്മയെക്കുറിച്ചുള്ള പരാമര്‍ശത്തിലും പി സി ജോര്‍ജിനെ സഭ ശാസിച്ചിരുന്നു.
ഇടതുമുന്നണിയില്‍ കാഞ്ഞിരപ്പള്ളി മണ്ഡലം കേരള കോണ്‍ഗ്രസിന് കൈമാറി സിപിഐക്ക് പൂഞ്ഞാര്‍ നല്‍കാമെന്ന് ചര്‍ച്ചയുണ്ടായെങ്കിലും പൂഞ്ഞാര്‍ വേണ്ടെന്ന് സിപിഐ നിലപാടെടുത്തെന്നാണ് സൂചനകള്‍. ഇതോടെ പൂഞ്ഞാറും കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിനായിരിക്കും ലഭിക്കുക. കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യത്തിനൊപ്പം തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാനായെന്നതും അനുകൂലമാണെന്നിരിക്കെ മണ്ഡലത്തില്‍ സിപിഐഎം ഇത്തവണ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഐക്യജനാധിപത്യമുന്നണിയില്‍ കേരള കോണ്‍ഗ്രസിന്റെ സജി മഞ്ഞക്കടമ്പലിനാണ് മണ്ഡലത്തില്‍ സാധ്യത കണക്കാക്കപ്പെടുന്നത്.