Top

‘എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും’; പിണറായിയെ കൊണ്ട് താന്‍ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ മാണിക്ക് അഭിനന്ദനമെന്ന് പിസി ജോര്‍ജ്ജ്

കെഎം മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്നും പിസി ജോര്‍ജ്

16 Oct 2020 1:08 AM GMT

‘എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും’; പിണറായിയെ കൊണ്ട് താന്‍ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ മാണിക്ക് അഭിനന്ദനമെന്ന് പിസി ജോര്‍ജ്ജ്
X

ജോസ് കെ മാണിയെപ്പോലെ ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന ചാനല്‍ ചര്‍ച്ചയിലെ ചോദ്യത്തിന് രസകരമായ മറുടപടിയുമായി പിസി ജോര്‍ജ്ജ്. എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.

‘എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ’, പിസി ജോര്‍ജ്ജ് പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍പോയിന്റ് ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ മാണിയുടെ മിടുക്കിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്. മാണി സാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് താന്‍ ഉറപ്പിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. ‘ബാര്‍ക്കോഴയായി പണം കൊടുക്കാന്‍ വന്ന മുതലാളിമാര്‍ വരുന്ന വഴി ബാറില്‍ കയറി ഒന്നു മിനുങ്ങി. ഇത്ര ലക്ഷം പെട്ടിയിലിരിക്കയല്ലേ എന്നു കരുതി അതില്‍ നിന്നും പണം എടുത്ത് ബാറിലെ ബില്ലും അടച്ചു. പതിനായിരം കുറഞ്ഞാല്‍ മാണി സാര്‍ എങ്ങനെ അറിയാനാ എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ അവര്‍ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റര്‍ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതില്‍ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്’, പി.സി ജോര്‍ജ് പറയുന്നു.

ആ യന്ത്രം താന്‍ കണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു.

Next Story