‘പ്രതികളെ മാപ്പുസാക്ഷികളാക്കുന്ന ഇഡിയുടെ ഉദ്ദേശം വേറെയാണ്, അത് മുഖ്യമന്ത്രിയുടെ വീട്ടില്‍ കൊണ്ടുകെട്ടാനാണ്’, പിസി ജോര്‍ജ്ജ്
കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമെന്ന് തുറന്നടിച്ച് പിസി ജോര്‍ജ്ജ്. ഇഡിക്ക് യഥാര്‍ത്ഥ പ്രതികളെയല്ല ആവശ്യം. വേറെ ലക്ഷ്യം അവര്‍ക്കുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ പറഞ്ഞു. ‘സ്വപ്ന സുരേഷ് അഞ്ചാറ് മാസമായി ഇഡിയുടെ കസ്റ്റഡിയിലാണ്. അവിടെ മടുത്തപ്പോള്‍ അവര്‍ സത്യം തുറന്നുപറഞ്ഞതാണോ അതോ ആരെങ്കിലും പറയിപ്പിച്ചതാണോ എന്ന കാര്യങ്ങളാണ് അറിയേണ്ടത്. സ്വര്‍ണക്കടത്തിന് ഇത്രത്തോളം കൂട്ടുനിന്ന പ്രതിയാണ് […]

കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമെന്ന് തുറന്നടിച്ച് പിസി ജോര്‍ജ്ജ്. ഇഡിക്ക് യഥാര്‍ത്ഥ പ്രതികളെയല്ല ആവശ്യം. വേറെ ലക്ഷ്യം അവര്‍ക്കുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ പറഞ്ഞു.
‘സ്വപ്ന സുരേഷ് അഞ്ചാറ് മാസമായി ഇഡിയുടെ കസ്റ്റഡിയിലാണ്. അവിടെ മടുത്തപ്പോള്‍ അവര്‍ സത്യം തുറന്നുപറഞ്ഞതാണോ അതോ ആരെങ്കിലും പറയിപ്പിച്ചതാണോ എന്ന കാര്യങ്ങളാണ് അറിയേണ്ടത്. സ്വര്‍ണക്കടത്തിന് ഇത്രത്തോളം കൂട്ടുനിന്ന പ്രതിയാണ് സ്വപ്ന സുരേഷ്. കള്ളക്കടത്തിനും തീവ്രവാദത്തിനും ബന്ധമുള്ളയാളാണ് ശിവശങ്കര്‍. ഇവരെ രണ്ടുപേരെയും മാപ്പുസാക്ഷിയാക്കാന്‍ ഇഡി ശ്രമിക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ എനിക്ക് സംശയമുണ്ട്. അതിന്റെ ആവശ്യമെന്താണ്? പ്രധാന കുറ്റവാളികള്‍ അവരാണ്. അവരെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുകയാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം രാഷ്ട്രീയ നേതൃത്വത്തെ അപമാനിക്കുക എന്നാണ്. ഇഡിയുടെ അന്വേഷണണം നിഷ്പക്ഷമാണെങ്കില്‍ ഇതിന് പ്രതിയാരാണ്, പിന്നില്‍ രാഷ്ട്രീയക്കാരുണ്ടോ, മുഖ്യമന്ത്രിയോ സ്പീക്കറോ പിസി ജോര്‍ജ്ജോ ആരെ വേണമെങ്കിലും പ്രതിയാക്കാം. അതിലൊന്നും പ്രശ്നമല്ല. ഇവിടെ അതല്ല. പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കുക എന്ന് പറഞ്ഞാല്‍ ഇഡിയുടെ ഉദ്ദേശം വേറെയാണ്’, പിസി ജോര്‍ജ്ജ് പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പിണറായി വിജയന്റെ വീട്ടിലെത്തിക്കണം എന്ന ഉദ്ദേശമാണ് ഇഡിക്ക് എന്നാണ് ഞാന്‍ സംശയിക്കുന്നത്. കാരണം, കുറ്റക്കാരായ ശിവശങ്കരനെയും സ്വപ്ന സുരേഷ് എന്ന സ്ത്രീയെയും മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ അര്‍ത്ഥം വേറെ എന്താണ്? യഥാര്‍ത്ഥ പ്രതികളെയല്ല അവര്‍ക്ക് വേണ്ടത്. വേറെ എന്തോ ലക്ഷ്യം അവര്‍ക്കുണ്ട് എന്നാണ് മനസിലാക്കേണ്ടത്. അരിയാഹാരം കഴിച്ചിട്ടാണ് ചിന്തിക്കുന്നത്. യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റുചെയ്തെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് എനിക്കറിയില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നയാള്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അങ്ങേര് ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാരജാരാകാതിരിക്കാന് പാടില്ല. ഇല്ലെങ്കില്‍ ജനങ്ങളുടെ സംശയം ഇരട്ടിക്കുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.