Top

പാലയില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്; ‘കാപ്പനില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും’

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ല. യോക്കോബായ വിഭാഗക്കാരും പരിവര്‍ത്തിത കൃസ്ത്യന്‍ വിഭാഗവും ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ നില്‍ക്കുകയാണ്. കോട്ടയത്ത് മുന്നേറാന്‍ യുഡിഎഫിന് ജനശക്തിയുടെ പിന്തുണവേണമെന്നും പിസി ജോര്‍ജ് പറയുന്നു.

10 Feb 2021 9:10 PM GMT

പാലയില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്; ‘കാപ്പനില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും’
X

പാലാ മണ്ഡലത്തില്‍ ജോസ് കെ മാണിയ്‌ക്കെതിരെ മത്സരിക്കുന്നത് മാണി സി കാപ്പനാണെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്. മാണി സി കാപ്പന്‍ മത്സരത്തിനിറങ്ങിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കാപ്പനുണ്ടെങ്കില്‍ അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. മാണി ഗ്രൂപ്പിലെ ബഹുഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നത് ജോസ് കെ മാണിയാണെന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

പാലയില്‍ ജോസ് കെ മാണി നിര്‍ണ്ണായക ശക്തി തന്നെയാണ്. അത് നിഷേധിക്കാനാകില്ല. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച കിട്ടാനുള്ള സാധ്യത വളരെ വലുതാണ്. പിണറായി വിജയന്റെ രണ്ടാം വരവിനായി ഇടതുപക്ഷക്കാര്‍ മരിച്ച് വോട്ട് ചെയ്യും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ല. യോക്കോബായ വിഭാഗക്കാരും പരിവര്‍ത്തിത കൃസ്ത്യന്‍ വിഭാഗവും ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ നില്‍ക്കുകയാണ്. കോട്ടയത്ത് മുന്നേറാന്‍ യുഡിഎഫിന് ജനശക്തിയുടെ പിന്തുണവേണമെന്നും പിസി ജോര്‍ജ് പറയുന്നു.

എല്‍ഡിഎഫ്് വിടുകയാണെന്നതിന്റെ ശക്തമായ സൂചന നല്‍കിക്കൊണ്ടായിരുന്നു ഇന്നലെ മാണി സി കാപ്പന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. പാലാ അടക്കം മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് എന്‍സിപി ഇടതുപക്ഷത്ത് തുടരുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. എന്നാല്‍, പാലാ തരില്ല, വേണമെങ്കില്‍ കുട്ടനാട് മത്സരിച്ചോളാന്‍ പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. മുന്നണി മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം വെള്ളിയാഴ്ച പറയാമെന്നായിരുന്നു കാപ്പന്റെ മറുപടി.

Next Story