Top

റൊണാള്‍ഡോ കോള മാറ്റിയാല്‍ പോഗ്ബ ബിയര്‍ മാറ്റും; ‘തനിക്കിത് വിശ്വാസം’, സ്‌പോണ്‍സര്‍മാര്‍ക്കിത് കഷ്ടകാലം! -(വീഡിയോ)

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഇതു കഷ്ടകാലമാണ്. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍മാരില്‍ ഒന്നായ കൊക്കക്കോളയെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിലംതൊടാതെ പറപ്പിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് സ്‌കോര്‍ ചെയ്തത്. പോഗ്ബയുടെ മിന്നല്‍ നീക്കത്തില്‍ തിരിച്ചടിയേറ്റത് മറ്റൊരു സ്‌പോണ്‍സറും ബിയര്‍ നിര്‍മാണ കമ്പനിയുമായ ഹെയ്‌നിക്കന്‍ ഗ്രൂപ്പിനാണ്. ഇന്നലെ യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ആദ്യ മത്സരത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് പോഗ്ബയുടെ വക ‘പാര’ ഹെയ്‌നിക്കന് കിട്ടിയത്. വാര്‍ത്താസമ്മേളന വേദിയിലെ മേശയില്‍ സ്‌പോണ്‍സര്‍മാരായ കൊക്കക്കോളയും ഹെയ്‌നിക്കനും […]

16 Jun 2021 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റൊണാള്‍ഡോ കോള മാറ്റിയാല്‍ പോഗ്ബ ബിയര്‍ മാറ്റും; ‘തനിക്കിത് വിശ്വാസം’, സ്‌പോണ്‍സര്‍മാര്‍ക്കിത് കഷ്ടകാലം!  -(വീഡിയോ)
X

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഇതു കഷ്ടകാലമാണ്. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍മാരില്‍ ഒന്നായ കൊക്കക്കോളയെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിലംതൊടാതെ പറപ്പിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് സ്‌കോര്‍ ചെയ്തത്.

പോഗ്ബയുടെ മിന്നല്‍ നീക്കത്തില്‍ തിരിച്ചടിയേറ്റത് മറ്റൊരു സ്‌പോണ്‍സറും ബിയര്‍ നിര്‍മാണ കമ്പനിയുമായ ഹെയ്‌നിക്കന്‍ ഗ്രൂപ്പിനാണ്. ഇന്നലെ യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ആദ്യ മത്സരത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് പോഗ്ബയുടെ വക ‘പാര’ ഹെയ്‌നിക്കന് കിട്ടിയത്.

വാര്‍ത്താസമ്മേളന വേദിയിലെ മേശയില്‍ സ്‌പോണ്‍സര്‍മാരായ കൊക്കക്കോളയും ഹെയ്‌നിക്കനും തങ്ങളുടെ ഉത്പന്നങ്ങള്‍ പരസ്യാര്‍ഥം പ്രദര്‍ശിപ്പിച്ചിരുന്നു. വേദിയിലേക്കു വന്നിരുന്ന പോഗ്ബ ഒരുനിമിഷം മുന്നിലിരിക്കുന്ന കുപ്പികളിലേക്ക് നോക്കിയ ശേഷം ബിയര്‍ കുപ്പി എടുത്തു മാറ്റുകയായിരുന്നു.

തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ പോഗ്ബ, മദ്യോത്പന്നങ്ങള്‍ തന്റെ വിശ്വാസത്തിന് എതിരാണെന്ന കാരണത്താലാണ് ഹെയ്‌നിക്കിന്റെ പരസ്യ തന്ത്രത്തിനു നിന്നുകൊടുക്കാഞ്ഞത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ പോഗ്ബ നേരത്തെ ഇംഗ്ലണ്ടില്‍ മദ്യക്കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഒരു ഇംഗ്ലീഷ് നിര്‍മിത മദ്യക്കമ്പനിയുമായി യുണൈറ്റഡ് കരാറില്‍ എത്തിയപ്പോഴാണ് താന്‍ അതിന്റെ ഭാഗമാകില്ലെന്നു താരം തുറന്നു പറഞ്ഞത്. പോഗ്ബയുടെ വിശ്വാസത്തെ മാനിച്ച ക്ലബ് അതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. 2019-ല്‍ മുസ്ലീംകളുടെ ആരാധനാ കേന്ദ്രമായ മക്കയില്‍ എത്തിയാണ് പോഗ്ബ ഇസ്ലാം മതം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റിയത് വാര്‍ത്തയായിരുന്നു. പരസ്യത്തിനായി വച്ചിരുന്ന കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റിയ ശേഷം സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്തു മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ”ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ” എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

സൂപ്പര്‍ താരത്തിന്റെ ഈ പരാമര്‍ശം കൊക്കക്കോളയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് ഓഹരി വിപണിയില്‍ നാല് ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അവര്‍ക്കു നേരിട്ടത്.

Next Story

Popular Stories