Top

പട്ടാമ്പി: ഇഎംഎസ് മുതല്‍ മുഹ്‌സിന്‍ വരെ; തിരിച്ചുപിടിക്കാന്‍ യുവരക്തത്തെ ഇറക്കി കോണ്‍ഗ്രസ്; വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് സിപിഐ

കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ് പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു ഒരു കാലത്ത് പട്ടാമ്പി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍ച്ചയ്ക്ക് മുന്‍പും ശേഷവും സിപിഐ ബാനറിലും സിപിഐഎം ബാനറിലുമായി മൂന്നുതവണയാണ് പട്ടാമ്പിയില്‍ നിന്ന് നിയമസഭയിലെത്തിയത്‌. ആ വിജയങ്ങളടക്കം മണ്ഡലത്തിലെ പതിനാല് തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും ഇടതുപക്ഷമുന്നണിക്കായിരുന്നു വിജയം. എന്നാല്‍ 2001 മുതല്‍ 2011 വരെയുള്ള സി പി മുഹമ്മദിന്റെ ഹാട്രിക് വിജയം അടക്കം അഞ്ചുതവണ യുഡിഎഫും വിജയിച്ചിട്ടുണ്ട്‌‌. ഒരു മുന്നണിയുടെയും കോട്ടയല്ലെങ്കിലും എല്‍ഡിഎഫില്‍ നിന്ന് സിപിഐ മത്സരിക്കുന്ന പട്ടാമ്പി ഇടതുപക്ഷത്തിന് […]

26 March 2021 10:13 AM GMT
അനുപമ ശ്രീദേവി

പട്ടാമ്പി: ഇഎംഎസ് മുതല്‍ മുഹ്‌സിന്‍ വരെ; തിരിച്ചുപിടിക്കാന്‍ യുവരക്തത്തെ ഇറക്കി കോണ്‍ഗ്രസ്; വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് സിപിഐ
X

കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ് പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു ഒരു കാലത്ത് പട്ടാമ്പി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍ച്ചയ്ക്ക് മുന്‍പും ശേഷവും സിപിഐ ബാനറിലും സിപിഐഎം ബാനറിലുമായി മൂന്നുതവണയാണ് പട്ടാമ്പിയില്‍ നിന്ന് നിയമസഭയിലെത്തിയത്‌. ആ വിജയങ്ങളടക്കം മണ്ഡലത്തിലെ പതിനാല് തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും ഇടതുപക്ഷമുന്നണിക്കായിരുന്നു വിജയം. എന്നാല്‍ 2001 മുതല്‍ 2011 വരെയുള്ള സി പി മുഹമ്മദിന്റെ ഹാട്രിക് വിജയം അടക്കം അഞ്ചുതവണ യുഡിഎഫും വിജയിച്ചിട്ടുണ്ട്‌‌. ഒരു മുന്നണിയുടെയും കോട്ടയല്ലെങ്കിലും എല്‍ഡിഎഫില്‍ നിന്ന് സിപിഐ മത്സരിക്കുന്ന പട്ടാമ്പി ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള മണ്ഡലമാണ്.

ഏറ്റവും ഒടുവില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ പതിനഞ്ച് വര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തെ അട്ടിമറിച്ചായിരുന്നു സിപിഐയുടെ യുവനേതാവ് പി മുഹമ്മദ് മുഹ്‌സിന്‍ മണ്ഡലം ഇടതുപക്ഷത്തേക്ക് തിരിച്ചുപിടിച്ചത്. നാലാം തവണ മത്സരിക്കാനെത്തിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി പി മുഹമ്മദിനെ തന്റെ കന്നിയങ്കത്തിലായിരുന്നു മുഹമ്മദ് മുഹ്‌സിന്‍ പരാജയപ്പെടുത്തിയത്. അന്ന് 7404 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയും എഐഎസ്എഫിന്റെ ദേശീയ നേതാവുമായിരുന്ന മുഹ്‌സിന്റെ വിജയം.

എഐഎസ്എഫിന്റെ അന്നത്തെ നേതാവ്‌ പട്ടാമ്പിയില്‍ രണ്ടാമങ്കത്തിനെത്തുമ്പോള്‍ യുഡിഎഫില്‍ നിന്ന് ഇത്തവണ എതിരിടുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിയാസ് മുക്കോളിയാണ്. ഒരു ഘട്ടത്തില്‍ എംഎല്‍എയെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ചുവരെ ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് അത്തരമൊരു നിര്‍ദ്ദേശം തള്ളിയ സിപിഐ മുഹ്‌സിനെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കി. മറുപക്ഷത്ത് യുഡിഎഫില്‍ നിന്ന് സി പി മുഹമ്മദ് വീണ്ടും മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുളെങ്കിലും മത്സരിക്കുന്നില്ലെന്നായിരുന്നു സിപിയുടെ നിലാപാട്‌.

തുടര്‍ന്ന് നിലമ്പൂരിനുമേല്‍ ആവശ്യമുന്നയിച്ചിരുന്ന ആര്യാടന്‍ മുഹമ്മദിനെ പട്ടാമ്പിയിലേക്ക് പരിഗണിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല. അതോടെയായിരുന്നു തവനൂരില്‍ പരിഗണിച്ചിരുന്ന റിയാസിന് പട്ടാമ്പിയില്‍ നറുക്കുവീണത്. പാലക്കാട് ജില്ലയില്‍ പതിയെ പതിയെ സ്വാധീനം വര്‍ദ്ധിപ്പിച്ചുവരുന്ന ബിജെപിക്ക് പക്ഷേ വലിയ വേരോട്ടമില്ലാത്ത മണ്ഡലമാണ് പട്ടാമ്പി. ഇത്തവണ ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ഹരിദാസിനെ തന്നെ കളത്തിലിറക്കി വോട്ടുവര്‍ദ്ധിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഇഎംഎസിന് പുറമെ സിപിഐ നേതാവ് കെ ഇ ഇസ്‌മെയിലും കോണ്‍ഗ്രസിന്റെ സി പി മുഹമ്മദും മൂന്നുവീതം വിജയം പട്ടാമ്പിയില്‍ നേടിയിട്ടുണ്ട്.

1957 -ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ പി പത്മനാഭ മേനോനെ പരാജയപ്പെടുത്തിയ സിപിഐ നേതാവ് ഇ പി ഗോപാലനായിരുന്നു പട്ടാമ്പിയുടെ ആദ്യ എംഎല്‍എ. തുടര്‍ന്ന്‌ 1960 മുതലാണ് ഇഎംഎസ് മണ്ഡലത്തില്‍ മത്സരിച്ചത്‌. 1960 മുതല്‍ 1970വരെയുള്ള ഒന്നരപതിറ്റാണ്ടുകാലം അദ്ദേഹം പട്ടാമ്പിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. അതില്‍ 1960ലെയും 1967ലെയും തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു.

വിമോചന സമരത്തെ തുടര്‍ന്ന് 1957ല്‍ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് 1960-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച് ഇഎംഎസ് മത്സരിച്ചത് പട്ടാമ്പിയിലായിരുന്നു.

E. M. S.: CONTRIBUTIONS
ഇഎംഎസ് നമ്പൂതിരിപ്പാട്

അത്തവണ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇഎംഎസിന്റെ എതിരാളി കോണ്‍ഗ്രസ്- പിഎസ്പി- മുസ്ലിം ലീഗ് സഖ്യ സ്ഥാനാര്‍ത്ഥി രാഘവന്‍ നായരായിരുന്നു. തെരഞ്ഞെടുപ്പില്‍ രാഘവന്‍ നായര്‍ക്കുവേണ്ടി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളും ജനസംഖത്തിന്റെ (ആര്‍എസ്എസിന്റെ ആദ്യരാഷ്ട്രീയ മുഖം) ദേശീയ നേതാക്കളും അടക്കമുള്ളവര്‍ പ്രചാരണത്തിനായി പട്ടാമ്പിയിലെത്തി. അക്കൂട്ടത്തില്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരഗാന്ധിയും അന്നത്തെ എഐസിസി അധ്യക്ഷന്‍ നീലം സഞ്ജീവ് റെഡ്ഡിയും കേന്ദ്രമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായി, കാമരാജ്, സി സുബ്രഹ്മണ്യം, ദീന്‍ ദയാല്‍ ഉപാദ്ധ്യായയും ഉള്‍പ്പടെയുള്ള പ്രമുഖരുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വമ്പന്‍ ശക്തികള്‍ ഒന്നിച്ചുനിന്ന് കാടിളക്കി പ്രചാരണം നടത്തിയിട്ടും പട്ടാമ്പിക്കാര്‍ ഇഎംഎസിനൊപ്പം നിന്നു. 7322 വോട്ടുകളായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.

പിന്നീട് 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം 1967ലും 1970ലും സിപിഐഎം സ്ഥാനാര്‍ത്ഥിയായി പട്ടാമ്പിയില്‍ മത്സരിച്ച ഇഎംഎസ് 67ല്‍ കോണ്‍ഗ്രസിന്റെ കെ ജി മേനോനെയും 70ല്‍ സിപിഐ സ്ഥാനാര്‍ത്ഥി ഇ ആര്‍ ഗോപാലനെയും പരാജയപ്പെടുത്തി. 1970ല്‍ 3432 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം 1977ല്‍ ആലത്തൂരിലേക്ക് മണ്ഡലം മാറി. 1977-ലെ ആ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായ ദേവകി വാര്യരെ പിന്തള്ളി സിപിഐ ബാനറില്‍ മത്സരിച്ച മുന്‍ എംഎല്‍എ ഇ പി ഗോപാലന്‍ വീണ്ടും വിജയിച്ചു.

1980ലാണ് കോണ്‍ഗ്രസ് ആദ്യമായി പട്ടാമ്പിയില്‍ വിജയിക്കുന്നത്. സിറ്റിംഗ് എംഎല്‍എ ഇ പി ഗോപാലനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ എ പി ഗംഗാധരനായിരുന്നു ആ അട്ടിമറി വിജയം സ്വന്തമാക്കിയത്. 1982ല്‍ തെരഞ്ഞെടുപ്പില്‍ കെ ഇ ഇസ്മയില്‍ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 1987ല്‍ ലീല ദാമോദരനിലൂടെ കോണ്‍ഗ്രസ് വീണ്ടും മണ്ഡലത്തിലേക്കെത്തി. 1991ല്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീലാ ദാമോദരനെ 3670 വോട്ടുകള്‍ക്ക് പിന്തള്ളി കെ ഇ ഇസ്മയില്‍ പട്ടാമ്പിയില്‍ വിജയിച്ചു. 1996ല്‍ വീണ്ടുമൊരു അട്ടിമറി വിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസില്‍ നിന്ന് എം ഐ ഷാനവാസ് കളത്തിലിറങ്ങിയെങ്കിലും 5474 വോട്ടുകള്‍ക്ക് കെ എ ഇസ്മയില്‍ വിജയമാവര്‍ത്തിച്ചു.

എന്നാല്‍ 2001ലെ തെരഞ്ഞെടുപ്പില്‍ കെ ഇ ഇസ്മയിലിനെ 531 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി പി മണ്ഡലം യുഡിഎഫിനൊപ്പമാക്കി. 2006ലും 566 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തില്‍ സി പി മുഹമ്മദ് മണ്ഡലം നിലനിര്‍ത്തി. കെ എ ഇസ്മയില്‍ തന്നെയായിരുന്നു എതിരാളി. 2011ലെ മൂന്നാമങ്കത്തില്‍ 12475 വോട്ടുകളിലേക്ക് സിപി മുഹമ്മദിന്റെ ഭൂരിപക്ഷമുയര്‍ന്നു. സിപിഐയുടെ കെ പി സുരേഷായിരുന്നു രണ്ടാം സ്ഥാനത്ത്‌.

എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ ദേശീയ നേതാവും കനയ്യ കുമാറിനൊപ്പം ജെഎന്‍യു സമരങ്ങളുടെ നേതൃത്വനിരയിലുണ്ടായിരുന്ന പട്ടാമ്പിക്കാരന്‍ പി മുഹമ്മദ് മുഹ്‌സിന്‍ സി പിയെ 7404 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തില്‍ ജെഎന്‍യുവും കനയ്യകുമാറും കത്തിനില്‍ക്കുന്ന സമയത്ത് പട്ടാമ്പിയെ ഇളക്കിമറിച്ച കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തില്‍ മുഹ്‌സിന് അനുകൂലമായ ഒരു തരംഗം രൂപപ്പെടുത്തിയിരുന്നു.

Cash for vote: case registered against C P Mohammed | cash for vote| C P  Mohammed| Pattambi| crime| law and justice| politics
സി പി മുഹമ്മദ്

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ പഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി. ജില്ലയിലെ പ്രധാന വാണിജ്യമേഖലയായ മണ്ഡലത്തില്‍ കൃഷിയും അനുബന്ധ തൊഴിലുകളും ഉപജീവനമാക്കിയവരാണ് കൂടുതലും. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 8791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്ന എല്‍ഡിഎഫ് കോണ്‍ഗ്രസില്‍ നിന്ന് വിഘടിച്ച വീ ഫോര്‍ പട്ടാമ്പി കൂട്ടായ്മയുടെ പിന്തുണയോടെ നഗരസഭാ ഭരണവും പിടിച്ചിരുന്നു. 28 സീറ്റുള്ള നഗരസഭയില്‍ 2015ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 19 സീറ്റുകളും എല്‍ഡിഎഫ് ആറും ബിജെപി മൂന്നും സീറ്റുകളുമാണ് നേടിയിരുന്നത്. ഇത്തവണ അത് യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് പത്തുമായി.

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി നിര്‍വ്വാഹക സമിതിയംഗമായിരുന്ന ടി പി ഷാജിയടക്കമുള്ളവര്‍ വി ഫോര്‍ പട്ടാമ്പി എന്ന പേരില്‍ നടത്തിയ വിമതനീക്കത്തില്‍ ആറ് സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു. പഞ്ചായത്തുകളിലും ഇടതുപക്ഷമുന്നണി വ്യക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ തുരുവേഗപ്പുറ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ഓങ്ങല്ലൂര്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന പട്ടാമ്പിയില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷമുന്നണിക്കായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. അതേസമയം, നിയമസഭാതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വീ ഫോര്‍ പട്ടാമ്പിയുടെ നിലപാടും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ ആദ്യ‌മായി മത്സരിക്കുന്ന റിയാസ് മുക്കോളിയെ മണ്ഡലം നിലനിര്‍ത്താനെത്തുന്ന മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ നേരിടുമ്പോള്‍ ഇത്തവണ യുവാക്കളുടെ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.

May be an image of 3 people, people standing, indoor and text that says
പി മുഹമ്മദ് മുഹ്‌സിന്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കഘട്ടത്തില്‍ മണ്ഡലത്തിലെ പ്രാദേശിക നേതൃത്വത്തോട് സഹകരിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്ന എംഎല്‍എക്കെതിരെ ജില്ലാ എക്‌സിക്യൂട്ടീവ് അതൃപ്തിയറിയിച്ചിരുന്നു. തുടര്‍ന്ന് മുഹ്‌സിനെ മാറ്റി പകരം ജില്ലാ എക്‌സിക്യൂട്ടിവ് അംഗമായ ഒ കെ സെയ്തലവിയെ മണ്ഡലത്തില്‍ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെയ്തലവിയെ പട്ടാമ്പിയില്‍ മത്സരിപ്പിച്ച് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് പരാജയപ്പെട്ട മണ്ണാര്‍ക്കാട് മണ്ഡലം തിരിച്ചുപിടിക്കാന്‍ മുഹ്‌സിനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. മണ്ഡലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ സെയ്തലവിയെ പന്ത്രണ്ട് അംഗ സിപിഐ പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ ഒമ്പത് പേരും പിന്തുണച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്നുടേം നിബന്ധനയില്‍ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാരെ നിലനിര്‍ത്താനാണ് സിപിഐ തീരുമാനിച്ചത്. ഈ ഘട്ടത്തില്‍ എംഎല്‍എ മാറ്റുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലില്‍ നടപടികള്‍ ജില്ലാനേതൃത്വം ശാസനയിലൊതുക്കുകയായിരുന്നു.

യുഡിഎഫില്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിനും ശേഷം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിത്വമായിരുന്നു റിയാസ് മുക്കോളിയുടേത്. ആദ്യഘട്ടത്തില്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദ് വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും നിലമ്പൂര്‍ മണ്ഡലത്തില്‍ ആവശ്യമുന്നയിച്ച ആര്യാടന്‍ ഷൗക്കത്തിനെയാണ് മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിച്ചത്. എന്നാല്‍ നിലമ്പൂരിന് മേലുള്ള തര്‍ക്കം തുടരവെ ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പി സീറ്റ് നിരസിക്കുകയും രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതോടെ തവനൂരില്‍ പരിഗണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മാറ്റുകയായിരുന്നു.

May be an image of one or more people, people standing and outdoors
റിയാസ് മുക്കോളി

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച റിയാസ് മുക്കോളി കൊണ്ടോട്ടി സ്വദേശിയാണ്. എന്നാല്‍ യുവ സ്ഥാനാര്‍ത്ഥിയെ വേണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് അയച്ച കത്തില്‍ ഡിസിസി ഉപാധ്യക്ഷന്‍ കൂടിയായ കെഎസ്ബിഎ തങ്ങള്‍ സ്വന്തം പേര് എഴുതി ചേര്‍ത്തെന്ന് ആരോപണമുയരുകയും ഇത് നിരസിച്ച തങ്ങള്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി പി മുഹമ്മദും ഗ്രൂപ്പ് പോരുമാണെന്ന് പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പട്ടാമ്പി സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗും രംഗത്തെത്തിയെങ്കിലും ബേപ്പൂര്‍, ചേലക്കര, കൂത്തുപറമ്പ് സീറ്റുകള്‍ വിട്ടുകൊടുത്ത യുഡിഎഫ് പട്ടാമ്പിക്ക് മേലുള്ള ആവശ്യം അംഗീകരിച്ചില്ല.

May be an image of 3 people
കെ എം ഹരിദാസ്‌

ജില്ലയിലെ മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് സ്വാധീനം കുറവുള്ള പട്ടാമ്പിയില്‍ 2011ല്‍ പൂക്കാട്ടിരി ബാബു 7.53 ശതമാനം വോട്ടുകളും 2016ല്‍ പി മനോജ് 10.58 ശതമാനം വോട്ടുകളുമായിരുന്നു നേടിയത്. ആര് നിയമസഭയിലെത്തണമെന്ന നിലപാട് ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണയിക്കുന്ന മണ്ഡലത്തില്‍ വലിയ അട്ടിമറി പ്രതീക്ഷകള്‍ ഇത്തവണയും ബിജെപിക്കില്ല.

Next Story