Top

കാരണമില്ലാത്ത ആയിരക്കണക്കിന് മരണങ്ങളെന്ന്; കൊവിഡ് മരണനിരക്ക് ചൂണ്ടി നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോടതി

സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കൊവിഡ് മരണങ്ങളുടെ കണക്കില്‍പ്പെടാത്ത 75000 പേരുടെ മരണകാരണം ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.

20 Jun 2021 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാരണമില്ലാത്ത ആയിരക്കണക്കിന് മരണങ്ങളെന്ന്; കൊവിഡ് മരണനിരക്ക് ചൂണ്ടി നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോടതി
X

കൊവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ എണ്ണത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ കൃത്രിമത്വം കാണിച്ചുവെന്ന് സൂചിപ്പിച്ച് രൂക്ഷ വിമര്‍ശനവുമായി പാട്‌ന ഹൈക്കോടതി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി ആഞ്ഞടിച്ച ഘട്ടത്തില്‍ ബീഹാറില്‍ കാരണമറിയാത്ത ആയിരക്കണക്കിന് മരണങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ട് ചൂണ്ടിയാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന് നേരെ കോടതി ആഞ്ഞടിച്ചത്. ജനനവും മരണവും രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സമ്പ്രദായം തീരെ സുതാര്യതയില്ലാത്തതാണെന്ന് കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കൊവിഡ് മരണങ്ങളുടെ കണക്കില്‍പ്പെടാത്ത 75000 പേരുടെ മരണകാരണം ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മാത്രമുള്ള പിഴവാണിത്. കണക്കില്‍പ്പെടാത്ത 75000 മരണങ്ങള്‍ സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണസംഖ്യയുടെ ഏകദേശം പത്തിരട്ടി വരുമെന്ന വസ്തുതയെ കോടതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്യുകയായിരുന്നു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ കുറച്ച് കാണിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപണമുയര്‍ത്തി എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് മരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് സംഭവിച്ച കൊവിഡ് മരണങ്ങളുടെ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന ജനനത്തിന്റേയും മരണത്തിന്റേയും കണക്കുകള്‍ രേഖപ്പെടുത്തേണ്ട ഡിജിറ്റല്‍ പോര്‍ട്ടല്‍ 2018 മുതല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് അടിയന്തര പ്രാധാന്യത്തോടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Next Story