
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ആശുപത്ര കിടക്കകളും ജീവശ്വാസവും വെന്റിലേറ്റര്‍ സൗകര്യവും ലഭിക്കാതെ വലയുന്ന ഉത്തര്‍ പ്രദേശ് ജനതയുടെ ദുരിതത്തിന് അറുതിയില്ല. ആശുപത്രിയില്‍ കിടക്ക നല്‍കാത്തതിനെത്തുടര്‍ന്ന് കൊവിഡ് രോഗികളെ ബിജെപി എംഎല്‍എയുടെ വീടിനുമുന്നില്‍ കിടത്തിയാണ് ബന്ധുക്കള്‍ ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. ബുദാനയ്ക്കടുത്തുള്ള സൗരം ഗ്രാമത്തിലാണ് സംഭവം. പ്രായമായ കൊവിഡ് രോഗിയെ ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ ബിജെപി എംഎല്‍എയായ ഉമേഷ് മാലിക്കിന്റെ വീടിന് മുന്നില്‍ കിടത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ രോഗികളുമായി എംഎല്‍എയുടെ വസിതിയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.
താന്‍ ഉടന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് മുകള്‍ നിലയില്‍ നിന്നും എംഎല്‍എ വിളിച്ചുപറഞ്ഞങ്കിലും രോഗികളുടെ ബന്ധുക്കള്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഗത്യന്തരമില്ലാതെ എംഎല്‍എ മാസ്‌ക് ധരിച്ച് താഴെ രോഗികളുടേയും ബന്ധുക്കളുടേയും അരികിലെത്തുകയും ചികിത്സ ഉറപ്പുനല്‍കുകയുമായിരുന്നു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
കൊവിഡ് സാഹചര്യം രൂക്ഷമായതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധ സംവിധാനത്തിനുനേരെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. ബ്യൂറോക്രസിയുടെ സഹായത്തോടെയുളള യോഗി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്നാണ് സിംഗിന്റെ വിമര്‍ശനം. ബിജെപി എംഎല്‍എമാര്‍ക്ക് ഉള്‍പ്പെടെ മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സുരേന്ദ്ര സിംഗ്.