Top

തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്തും പോരില്‍പെട്ട് ഗണേഷ്; പത്തനാപുരത്ത് ചാമക്കാലയുടെ അട്ടിമറി പ്രതീക്ഷകളുടെ വിധിയെന്ത്?

രണ്ട് പതിറ്റാണ്ടായി കെ ബി ഗണേഷ് കുമാറിന്റെ തട്ടകമായി തുടരുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കാണ് വേദിയാകുന്നത്‌. ഏറ്റവും ഒടുവില്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ പി വി ജഗദീഷ് കുമാറെന്ന ജഗദീഷിനെ കോണ്‍ഗ്രസും രഘു ദാമോദരന്‍ എന്ന ഭീമന്‍ രഘുവിനെ ബിജെപിയും ഗണേഷിനെതിരെ കളത്തിലിറക്കിയപ്പോള്‍ മലയാള സിനിമയിലെ പ്രമുഖതാരങ്ങള്‍ ഏറ്റുമുട്ടിയ താരപോരാട്ടത്തിനായിരുന്നു പത്തനാപുരം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ തെരഞ്ഞെടുപ്പില്‍ താരപ്രഭാവം വോട്ടാക്കാമെന്ന യുഡിഎഫ്-എന്‍ഡിഎ മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റി. 24562 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ […]

2 April 2021 7:01 AM GMT
അനുപമ ശ്രീദേവി

തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്തും പോരില്‍പെട്ട് ഗണേഷ്; പത്തനാപുരത്ത് ചാമക്കാലയുടെ അട്ടിമറി പ്രതീക്ഷകളുടെ വിധിയെന്ത്?
X

രണ്ട് പതിറ്റാണ്ടായി കെ ബി ഗണേഷ് കുമാറിന്റെ തട്ടകമായി തുടരുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കാണ് വേദിയാകുന്നത്‌. ഏറ്റവും ഒടുവില്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ പി വി ജഗദീഷ് കുമാറെന്ന ജഗദീഷിനെ കോണ്‍ഗ്രസും രഘു ദാമോദരന്‍ എന്ന ഭീമന്‍ രഘുവിനെ ബിജെപിയും ഗണേഷിനെതിരെ കളത്തിലിറക്കിയപ്പോള്‍ മലയാള സിനിമയിലെ പ്രമുഖതാരങ്ങള്‍ ഏറ്റുമുട്ടിയ താരപോരാട്ടത്തിനായിരുന്നു പത്തനാപുരം സാക്ഷ്യം വഹിച്ചത്.

സംസ്ഥാനത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ തെരഞ്ഞെടുപ്പില്‍ താരപ്രഭാവം വോട്ടാക്കാമെന്ന യുഡിഎഫ്-എന്‍ഡിഎ മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റി. 24562 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അന്ന് വിജയിച്ച ഗണേഷ് കുമാര്‍ ആ തെരഞ്ഞെടുപ്പോടെ തന്റെ രാഷ്ട്രീയ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്തത്. 2001ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണിയുടെ ഭാഗമായി കന്നിയംഗത്തിനിറങ്ങിയ കെ ബി ഗണേഷ് കുമാറും കേരള കോണ്‍ഗ്രസ് ബിയും ഇടതുപക്ഷത്തേക്കുള്ള മുന്നണിമാറ്റത്തിനുശേഷം വിധി തേടിയ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ ഗണേഷ് കുമാറിനെതിരെ കത്തിനിന്നിരുന്ന സോളാര്‍ വിവാദമടക്കം മുന്നണി മാറ്റത്തോടെ ദുര്‍ബ്ബലമായ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

2021-ലേക്കെത്തുമ്പോള്‍ ഇത്തവണ നടി ആക്രമിക്കപ്പെട്ട കേസിലെ ഗണേഷ് കുമാറിന്റെ പി എയുടെ ഇടപെടലുകളില്‍ എംഎല്‍എക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ പി എയായ പ്രദീപ് കുമാര്‍ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു. അതേസമയം, എതിര്‍പക്ഷത്തിന്റെ ആരോപണങ്ങള്‍ നേരിടുന്നതിനിടയില്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ വിഭാഗീയത ഉയരുന്നതാണ് എല്‍ഡിഎഫിന് തലവേദനയാകുന്നത്. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ എംഎല്‍എയും സിപിഐ നേതാക്കളും തമ്മിലെ തര്‍ക്കം വാക്‌പോരിലെത്തിയിരുന്നു.

സിപിഐ കാലുവാരുന്നതായി പൊതുവെ ആക്ഷേപമുണ്ടെന്നും നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് ആരോപണത്തില്‍ വ്യക്തത വരുത്തണമെന്നുമായിരുന്നു എംഎല്‍എയുടെ പക്ഷം. ഇതിന് മറുപടിയായി തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബിയുടെ നേതൃത്വത്തില്‍ സിപിഐക്ക് എതിരെ വിമതനീക്കം നടത്തിയെന്ന് സിപിഐ നേതാക്കളും തിരിച്ചടിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റം പരസ്യവിമര്‍ശനത്തിലാണ് അവസാനിച്ചത്. എന്നാല്‍, ഇത്തരം വിഭാഗീയതകളില്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി മറ്റ് വെല്ലുവിളികള്‍ നേരിടാമെന്നാണ് എംഎല്‍എയുടെയും മുന്നണിയുടെയും വിശ്വാസം.

യുഡിഎഫില്‍ നിന്ന് കളത്തിലിറങ്ങുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഇത്തവണ കോട്ടപൊളിക്കാമെന്ന വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് നേരിടാനിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പത്തനാപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ എംഎല്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് പ്രചാരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ തുടക്കഘട്ടത്തില്‍ പ്രാദേശിക നേതൃത്വത്തില്‍ നിന്ന് ചാമക്കാലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ക്ക് കത്തയയ്ക്കുന്നതും പോസ്റ്റര്‍ പ്രതിഷേധവും ഉള്‍പ്പടെയുണ്ടായെങ്കിലും ഒടുവില്‍ നേതാക്കളെ അനുനയിപ്പിച്ച് ചാമക്കാലയെ തന്നെ യുഡിഎഫ് പത്തനാപുരത്ത് രംഗത്തിറക്കുകയായിരുന്നു. മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവെന്ന നിലയിലുള്ള സ്വാധീനത്തില്‍ ചാമക്കാലക്ക് മികച്ച മത്സരം തന്നെ മണ്ഡലത്തില്‍ കാഴ്ചവെയ്ക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ 2011-ലെ 2.21 ശതമാനം വോട്ടുകളില്‍ നിന്ന് 2016-ല്‍ 8.24 ശതമാനത്തിലേക്ക് വോട്ടുകളുയര്‍ത്താന്‍ ബിജെപിക്കായിട്ടുണ്ടെങ്കിലും എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്ക് മത്സരമാകുന്ന അളവില്‍ മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത ബിജെപി ഇത്തവണ ജില്ലാ സെക്രട്ടറി ജിതിന്‍ ദേവിനെയാണ് പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

സര്‍വ്വേ ഫലങ്ങള്‍ ഇത്തവണ അട്ടിമറി സാധ്യതയും തുടര്‍വിജയവും പ്രവചിക്കുന്ന മണ്ഡലമാണ് പത്തനാപുരം. മനോരമ വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ യുഡിഎഫിന് അട്ടിമറി വിജയം പ്രവചിക്കുമ്പോള്‍ 24 ന്യൂസിന്റെ മെഗാ പ്രീപോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ബി ഗണേഷ് കുമാറിനാണ് വിജയം പ്രവചിക്കുന്നത്. ഏഴ് ശതമാനത്തിന്റെ ഭൂരിപക്ഷത്തില്‍ ജ്യോതികുമാര്‍ ചാമക്കാലയെ പിന്തള്ളി കെ ബി ഗണേഷ് കുമാര്‍ വിജയിക്കുമെന്നാണ് 24-ന്റെ പ്രവചനം.

ഇടതുകോട്ടയായ പത്തനാപുരം 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി എന്‍ രാജഗോപാലന്‍ നായരെയാണ് നിയമസഭയിലെത്തിച്ചത്. 1960ല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആദ്യമായി കേരള നിയമസഭയിലെത്തിച്ചതും പത്തനാപുരമാണ്. സിപിഐ സ്ഥാനാര്‍ത്ഥിയായ എന്‍ രാജഗോപാലന്‍ നായരെയായിരുന്നു അന്ന് ബാലകൃഷ്ണപിള്ള പരാജയപ്പെടുത്തിയത്. 1965ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തിരിച്ചുപിടിച്ച മണ്ഡലത്തില്‍ 65ല്‍ പി സി ആദിച്ചനും 1967, 1970 തെരഞ്ഞെടുപ്പുകളില്‍ പി കെ രാഘവനും 1977, 80 തെരഞ്ഞെടുപ്പുകളില്‍ ഇ കെ പിള്ളയും സിപിഐ ബാനറില്‍ മത്സരിച്ച് വിജയിച്ചു.

പിന്നീട് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷമുന്നണി വിട്ടപ്പോള്‍ നടന്ന 1982 ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ ജോര്‍ജ് സിപിഐയുടെ കെ കൃഷ്ണ പിള്ളയെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ചു. 1987ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായെത്തിയ ഇ ചന്ദ്രശേഖരന്‍നായര്‍ എ ജോര്‍ജിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് 1991ലും 1996ലും സിപിഐയുടെ കെ പ്രകാശ് ബാബുവായിരുന്നു മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 91ല്‍ കേരള കോണ്‍ഗ്രസിന്റെ വി രാധാകൃഷ്ണനെയും 96ല്‍ തോമസ് കുതിരവട്ടത്തെയുമാണ് അദ്ദേഹം മണ്ഡലത്തില്‍ പിന്തള്ളിയത്.

2001ല്‍ പത്തനാപുരത്ത് കന്നിയങ്കത്തിന് ഗണേഷ് കുമാറെത്തിയത് യുഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥിയായിരുന്നു. സിറ്റിംഗ് എംഎല്‍എ കെ പ്രകാശ് ബാബുവിനെ 9931 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീട് 2006ലും 2011ലും യുഡിഎഫ് മുന്നണിയില്‍ നിന്ന് അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 2006ല്‍ സിപിഐയുടെ കെ ആര്‍ ചന്ദ്രമോഹനെ 11814 വോട്ടുകള്‍ക്കും 2011ല്‍ സിപിഐഎമ്മിന്റെ കെ രാജഗോപാലിനെ 20402 വോട്ടുകള്‍ക്കും പിന്തള്ളി ഗണേഷ് കുമാര്‍ ഭൂരിപക്ഷം ഉയര്‍ത്തി. 2011ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മറ്റെല്ലാ മണ്ഡലവും ചുവന്നപ്പോള്‍ ഗണേഷ് കുമാറും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണുമായിരുന്നു യുഡിഎഫിനാശ്വാസമായത്.

എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രണ്ട് പാര്‍ട്ടികളും രണ്ട് മുന്നണിയിലായി. ആര്‍എസ്പി യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ബി ഇടതുപക്ഷത്തെത്തി. 2016-ല്‍ സിറ്റിംഗ് എംഎല്‍എയും ചലചിത്രതാരവുമായ ഗണേഷിനെതിരെ അതേരംഗത്തെ രണ്ടുപേരെ യുഡിഎഫ് എന്‍ഡിഎ മുന്നണികള്‍ രംഗത്തിറക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ 24562 വോട്ടുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്തി ഗണേഷ് കുമാര്‍ മണ്ഡലം നിലനിര്‍ത്തി. ജഗദീഷ് 49867 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും ഭീമന്‍ രഘു 11700 വോട്ടുകളോടെ മുന്നാം സ്ഥാനത്തുമായിരുന്നു. ആ തെരഞ്ഞെടുപ്പോടെ കൊല്ലം ജില്ലയില്‍ യുഡിഎഫിന് ഒരു മണ്ഡലം പോലുമില്ലാതായി.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. മലയോര കാര്‍ഷിക മേഖലയായ പത്തനാപുരം പൊതുവെ ഇടത് അനുകൂല മണ്ഡലമായാണ് പരിഗണിക്കപ്പെടുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ഫലവും അനുകൂലമായിരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ അഞ്ചാമങ്കത്തിനാണ് കെ ബി ഗണേഷ് കുമാര്‍ എത്തുന്നത്. മുന്‍പ് പത്തനാപുരത്തിനുപകരം ഗണേഷ് കുമാര്‍ ഇത്തവണ ബാലകൃഷ്ണപിള്ളയുടെ പഴയ തട്ടകമായ കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലുണ്ടാകില്ല എന്നിരിക്കെയായിരുന്നു അത്തരമൊരു അഭ്യൂഹം.

May be an image of 12 people, people standing and outdoors

എന്നാല്‍ അത് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ എംഎല്‍എ മുന്‍പ് കേരള കോണ്‍ഗ്രസ് ബി മത്സരിച്ചിരുന്ന കൊട്ടാരക്കര ആവശ്യപ്പെടുമെങ്കിലും പത്തനാപുരത്ത് തന്നെയായിരിക്കും മത്സരിക്കുന്നതെന്ന് വ്യക്തമാക്കി. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പോടെ എംഎല്‍എയോട് ഇടഞ്ഞ സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. എംഎല്‍എക്ക് എതിരെ പൊതുയോഗം വിളിച്ച് രൂക്ഷവിമര്‍ശനം നടത്തുന്നത് വരെയുള്ള നടപടികള്‍ സിപിഐഎം പ്രാദേശികനേതൃത്വത്തില്‍ നിന്നുണ്ടായിരുന്നു. അടുത്തിടെ എംഎല്‍എയെ കരിങ്കോടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച വിഷയത്തിലും സിപിഐ പരസ്യമായി പരസ്യമായി എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. അതിനെല്ലാം ഒടുവിലായിരുന്നു എക്‌സിക്യൂട്ടീവ് യോഗത്തിലെ വാക്‌പോര്.

താലൂക്ക് ആശുപത്രി നിര്‍മ്മാണം വൈകുന്നതും ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിലൂടെ സ്ഥലം നഷ്ടമായ ചെറുകിട കച്ചവടക്കാരുടെ വിഷയങ്ങളും നടിയെ അക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ അറസ്റ്റും ചര്‍ച്ചയാക്കി പ്രതിപക്ഷവും ശക്തമാണ്. അതേസമയം വികസന നേട്ടങ്ങള്‍ക്കൊപ്പം മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള എന്‍എസ്എസിന്റെ പിന്തുണയാണ് ഗഷേണികുമാറിന് ആത്മവിശ്വാസമാകുന്നത്.

മറുപക്ഷത്ത് യുഡിഎഫ് പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ജില്ലയില്‍ നിന്നുതന്നെയുള്ള നേതാവായ ചാമക്കാല സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഘട്ടം മുതല്‍ തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനെ മുന്‍പ് പ്രാദേശിക നേതൃത്വത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. ചാമക്കാല സ്ഥാനാര്‍ത്ഥിയായാല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് കാട്ടി കെപിസിസി പ്രസിഡന്റിനും ഐസിസിസി പ്രസിഡന്റിനും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടിമാര്‍ക്കും പ്രാദേശിക നേതാവ് കത്തയച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാലുവാരി പരാജയപ്പെടുത്താന്‍ ചാമക്കാല ശ്രമിച്ചുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.

May be an image of 2 people and people standing

ഇത്തവണ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നാവശ്യപ്പെട്ട് മണ്ഡലത്തില്‍ ബാനറുകളും ഉയര്‍ന്നിരുന്നു 40 വര്‍ഷമായി മണ്ഡലത്തില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പത്തനാപുരത്തുകാരന്‍ തന്നെയായ സി ആര്‍ നജീബിനെയോ ബാബു മാത്യുവിനെയോ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അത്തരം പോസ്റ്ററുകളിലെ ആവശ്യം. ഇതിനിടെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ബിയില്‍ നിന്നെത്തിയ ശരണ്യ മനോജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായി. ഒരു ഘട്ടത്തില്‍ ചാണ്ടി ഉമ്മന്റെ പേരും മണ്ഡലത്തിലേക്ക് ഉയര്‍ന്നെങ്കിലും മത്സരരംഗത്തേക്കില്ലെന്ന വ്യക്തമാക്കിയ അദ്ദേഹം നേതാക്കളുടെ ആവശ്യം തള്ളുകയായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചാമക്കാലയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ തര്‍ക്കങ്ങള്‍ അവസാനിക്കുകയായിരുന്നു. മണ്ഡലത്തില്‍ പൊതുവായിട്ടുള്ള സ്വാധീനത്തിനൊപ്പം എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ടുകളും പിടിക്കാന്‍ അദ്ദേഹത്തിനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

May be an image of 6 people and people standing

പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഏരിയ കമ്മിറ്റി അംഗം മാമ്പഴത്തറ സലീമെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളോടും ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാരോപിച്ചായിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. സാധ്യതാപട്ടികയില്‍ പ്രാഥമിക പരിഗണനയിലുണ്ടായിരുന്ന സലീം തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴുതുരുട്ടി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോള്‍ യുവ നേതാവ് ജിതിന്‍ ദേവിനെയാണ് പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി രംഗത്തിറക്കിയത്.

Next Story

Popular Stories