Top

അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം യുഡിഎഫ് കോട്ട തകര്‍ത്തു; പ്രമാടം പഞ്ചായത്തിനെ നാടിന്റെ സ്വന്തം കലാകാരന്‍ നവനീത് നയിക്കും

1953ല്‍ പഞ്ചായത്ത് രൂപം കൊണ്ടശേഷം ഇതാദ്യമായാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് പ്രമാടത്ത് വിജയം കൊയ്യാനായത്.

21 Dec 2020 12:11 AM GMT

അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം യുഡിഎഫ് കോട്ട തകര്‍ത്തു; പ്രമാടം പഞ്ചായത്തിനെ നാടിന്റെ സ്വന്തം കലാകാരന്‍ നവനീത് നയിക്കും
X

അറുപത്തിയഞ്ച് വര്‍ഷക്കാലം യുഡിഎഫ് കോട്ടയായിരുന്ന പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്തിനെ നാടിന്റെ സ്വന്തം കലാകാരനായ നവനീത് നയിക്കും. ചരിത്രത്തിലാദ്യമായി യുഡിഎഫില്‍ നിന്ന് പഞ്ചായത്ത് പിടിച്ചടക്കാനായ ഇടതുമുന്നണി കന്നിയങ്കത്തില്‍ത്തന്നെ വിജയക്കൊടി പാറിച്ച നവനീതിനെ ഒരേസ്വരത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. പ്രമാടം രണ്ടാം വാര്‍ഡില്‍ നിന്ന് ജനവിധി തേടി ജയിച്ചുവന്ന നവനീത് പട്ടികജാതി സംവരണമണ്ഡലമായതിനാല്‍ എതിരില്ലാതെയാണ് പഞ്ചായത്തിന്റെ അമരക്കാരനായത്.

നാടന്‍ പാട്ട് രംഗത്ത് പതിനാറ് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന നവനീത് കനല്‍ ഫോക്ബാന്റിന്റെ പ്രധാനപാട്ടുകാരനാണ്. നാടിന്റെ സ്വന്തം പാട്ടുകാരനായി അറിയപ്പെടുന്ന നവനീത് സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നാടന്‍കലകള്‍ പഠിപ്പിച്ചുവരികയാണ്. വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് നവനീത് സംഘടനാപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ട് കന്നിയങ്കത്തില്‍ത്തന്നെ മിന്നുന്ന വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ നവനീത്.

1953ല്‍ പഞ്ചായത്ത് രൂപം കൊണ്ടശേഷം ഇതാദ്യമായാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് പ്രമാടത്ത് വിജയം കൊയ്യാനായത്. 19ല്‍ 10 സീറ്റുകളും നല്‍കി ഇത്തവണ ജനം എല്‍ഡിഎഫിനെ നെഞ്ചേറ്റുകയായിരുന്നു.

Next Story