പതഞ്ജലിയുടെ കൊറോണ പ്രതിരോധകിറ്റിന് റെക്കോര്‍ഡ് വില്‍പ്പന; നാലുമാസം കൊണ്ട് നേടിയത് 250 കോടി

കൊവിഡ് രോഗത്തെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി വിപണിയിലിറക്കിയ കൊറോണില്കിറ്റിന് റെക്കോര്‍ഡ് വില്‍പ്പന. മരുന്നിന് നാലുമാസം കൊണ്ടുണ്ടായത് 250 കോടിരൂപയുടെ വിറ്റുവരവാണ്. പതഞ്ജലി തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ജൂണ്‍ 23ന് വിപണിയിലിറങ്ങിയ കൊറോണില്‍ കിറ്റ് പതഞ്ജലി ഡിസ്പന്സറികള് വഴിയും ഓണ്‍ലൈനായും മറ്റ് മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുമാണ് വിറ്റുപോയത്. ഇന്ത്യയ്ക്ക് പുറമേ വിദേശത്തും കിറ്റിന് മികച്ച സ്വീകരണം ലഭിച്ചതായി പതഞ്ജലി സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബര്‍ 8 വരെയുള്ള കാലയളവില്‍ 25 ലക്ഷം കിറ്റുകളുടെ വില്‍പ്പന നടന്നുവെന്ന് പതഞ്ജലിയുടെ ഔദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നു.
കൊറോണില്‍ മരുന്നിന് കൊവിഡിനെതിരെ പ്രതിരോധം തീര്ക്കാനാകുമെന്നതിന് ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ മരുന്ന് കൊവിഡ് പ്രതിരോധത്തിനുപയോഗിക്കാം എന്ന് പരസ്യം ചെയ്തത് വിവാദമായിരുന്നു.മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയെ സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ആയുഷ് മന്ത്രാലയം കമ്പനിയോട് തേടിയിരുന്നു. വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയ്ക്ക് നോട്ടീസും അയച്ചിരുന്നു. പതഞ്ജലി വികസിപ്പിച്ചെടുത്ത ഈ മരുന്ന് അനുമതിയില്ലാതെ രോഗബാധിതരില്‍ പരീക്ഷിച്ചതിനെതിരെ രാജസ്ഥാന് സർക്കാർ നിയമനടപടിയെടുത്തതും വിവാദമായിരുന്നു. പൊതുവായി പ്രതിരോധശേഷി ഉയര്‍ത്താനുള്ള മരുന്നാണ് കൊറോണില്‍ എന്നായിരുന്നു പതഞ്ജലിയുടെ വിശദീകരണം.