Top

‘ആ ബഹുമതിക്ക് നൽകുന്ന അനാദരവ്’; വൈരമുത്തുവിനെ ഒഎൻവി അവാര്‍ഡിന് തെരഞ്ഞെടുത്തതിൽ പ്രതിഷേധവുമായി പാർവതി

ഒഎൻവി സാർ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാൾക്ക് നൽകുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാർവതി പറയുന്നു.

27 May 2021 6:46 AM GMT
ഫിൽമി റിപ്പോർട്ടർ

‘ആ ബഹുമതിക്ക് നൽകുന്ന അനാദരവ്’; വൈരമുത്തുവിനെ ഒഎൻവി അവാര്‍ഡിന് തെരഞ്ഞെടുത്തതിൽ പ്രതിഷേധവുമായി പാർവതി
X

മീ ടൂ ആരോപണങ്ങൾക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത്. ഒഎൻവി സാർ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാൾക്ക് നൽകുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാർവതി പറയുന്നു. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.

ഒഎൻവി സാർ നമ്മുടെ അഭിമാനമാണ്. ഒരു കവി എന്ന നിലയ്ക്കും ലിറിസിസ്റ്റ് എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. അത് നമ്മുടെ സംസ്കാരത്തെ ഏറെ പരിപോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വർക്കുകൾ ഞങ്ങളുടെ ഹൃദയത്തേയും മനസ്സിനെയും ഏറെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ലൈംഗീക ആക്രമണ പരാതി നേരിടുന്ന ഒരാൾക്ക് നൽകുന്നതിലൂടെ ആ ബഹുമതിക്ക് നൽകുന്ന അനാദരവാണ്.

പാർവതി തിരുവോത്ത്

പാർവതിക്ക് പുറമെ സംഭവത്തില്‍ നടി റിമ കല്ലിങ്കലും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു.

കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.

ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.

Next Story