Top

‘കോപ്പി പേസ്റ്റ് ചെയ്ത ട്വീറ്റുകളുമായി ഇന്ത്യ പ്രൊപ്പഗാന്‍ഡയ്‌ക്കെതിരാണ് എന്ന് പറയുന്നതാണ് പ്രൊപ്പഗാന്‍ഡ’; ഇത് വേദനിപ്പിക്കുന്ന തമാശയെന്ന് പാര്‍വ്വതി തിരുവോത്ത്

ഒരേ പോലുള്ള ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന അപഹാസ്യമായ പ്രവൃത്തിയാണ് ഈ ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായതെന്ന് പാര്‍വ്വതി കുറ്റപ്പെടുത്തി.

8 Feb 2021 7:51 AM GMT
വി.എസ് ഹൈദരലി

‘കോപ്പി പേസ്റ്റ് ചെയ്ത ട്വീറ്റുകളുമായി ഇന്ത്യ പ്രൊപ്പഗാന്‍ഡയ്‌ക്കെതിരാണ് എന്ന് പറയുന്നതാണ് പ്രൊപ്പഗാന്‍ഡ’; ഇത് വേദനിപ്പിക്കുന്ന തമാശയെന്ന് പാര്‍വ്വതി തിരുവോത്ത്
X

കര്‍ഷകസമരത്തിന് തന്റെ പരിപൂര്‍ണ്ണപിന്തുണയെന്ന് നടി പാര്‍വ്വതി തിരുവോത്ത്. കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളാണെന്നും ആ ജീവനമാര്‍ഗ്ഗം അവരില്‍ നിന്ന് കട്ടെടുക്കരുതെന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഭിന്നമായി അവരുടെ ജീവിതത്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന സവിശേഷത കൂടി ഈ പ്രക്ഷോഭത്തിനുണ്ടെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു സ്ഥിരം തന്ത്രമാണെന്ന് വിമര്‍ശിച്ചുകൊണ്ട് പാര്‍വ്വതി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന സ്ഥിരം തന്ത്രം തന്നെയാണ് ഈ സമരത്തിലും പ്രകടമാകുന്നതെന്ന് പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതി തിരുവോത്ത്.

കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ താരങ്ങളെ പാര്‍വ്വതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഒരേ പോലുള്ള ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന അപഹാസ്യമായ പ്രവൃത്തിയാണ് ഈ ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായതെന്ന് പാര്‍വ്വതി കുറ്റപ്പെടുത്തി. ഇത്തരം ട്വീറ്റുകളിലൂടെ ഇന്ത്യ പ്രൊപ്പഗാന്‍ഡയ്‌ക്കെതിരാണ് എന്ന് പറയുന്നതാണ് പ്രൊപ്പഗാന്‍ഡയെന്നും പാര്‍വതി തിരിച്ചടിച്ചു. ഇവരുടെ പ്രവൃത്തി വേദനയുണ്ടാക്കുന്ന തമാശയാണെന്ന് പാര്‍വ്വതി പറയുന്നു. പാര്‍വ്വതിയെപ്പോലെ രാഷ്ട്രീയനിലപാടുകള്‍ തുറന്നുപറയാന്‍ മലയാള താരങ്ങള്‍ എന്തിനാണ് മടിക്കുന്നത് എന്ന ചോദ്യത്തിനും പാര്‍വ്വതി വ്യക്തമായ മറുപടി നല്‍കി. ചിലര്‍ക്ക് നിലപാടുകള്‍ പറയാന്‍ ഭയമാണെങ്കില്‍, മറ്റുചിലര്‍ രാഷ്ട്രീയ നിലപാടുകള്‍ പറയേണ്ട ആവശ്യമില്ലെന്ന് കരുതുന്നതായും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

പോപ്പ് ഗായിക റിഹാന കര്‍ഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതോടെയാണ് വിഷയത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള സെലിബ്രിറ്റികളുടെ ശ്രദ്ധ കിട്ടുന്നത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. തൊട്ട് പിന്നാലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ‘ഇന്ത്യ എഗെയിന്‍സ്റ്റ് പൊപഗന്‍ഡ’ എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് സച്ചിന്‍ രംഗത്തെത്തി.
ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാം. ഒരു ജനതയായി തുടരാം.’ എന്നായിരുന്നു സച്ചിന്റെ പ്രതികരണം. ഇതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം കാര്‍ഷിക സമരത്തില്‍ കേന്ദ്രത്തിനെ പിന്തുണച്ചുകൊണ്ട് ഒരേ ഉള്ളടക്കമുള്ള ട്വീറ്റുകളായിരുന്നു പങ്കുവെച്ചത്.

Next Story

Popular Stories