‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം

ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിക്കിടെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയുണ്ടായി. ഇടവേള ബാബുവിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ പാര്‍വ്വതിയെ രൂക്ഷമായി പരിഹസിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാറും രംഗത്തെത്തി. അമ്മ ആക്രമിക്കപ്പെട്ട നടിയോടും പ്രതികരിച്ചവരോടും ഇപ്പോഴും തുടര്‍ന്നുവരുന്ന സമീപനം വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡബ്ലിയുസിസി തങ്ങളുടെ നിലപാടും തുടര്‍ പദ്ധതികളും വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എംവി നികേഷ് കുമാര്‍ രേവതി, പാര്‍വ്വതി തിരുവോത്ത്, പദ്മപ്രിയ എന്നിവരുമായി നടത്തിയ അഭിമുഖം.
പാര്‍വതി എന്തുകൊണ്ടാണ് എഎംഎംഎയില്‍ നിന്ന് രാജിവെക്കാന്‍ കാരണമെന്ന് ഒന്ന് വിശദീകരിക്കാമോ?
പാര്‍വതി: ഒരു സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്താ പരാമര്‍ശങ്ങളാണ് ഇടവേള ബാബുവില്‍ നിന്നുണ്ടായത്. ‘നമ്മള് കുടുംബമാണ് ഒരു സംഘടനയാണ് നമ്മള് ഒത്തൊരുമയോടെയാണ് പോകുന്നത്’ എന്ന് പറയുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി അതിലുണ്ടായിരുന്ന അംഗങ്ങളേ കുറിച്ചോ, ഇപ്പോഴുള്ള ആളുകളെ കുറിച്ചോ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആ മനോഭാവത്തോടെ സംസാരിച്ചത്. ഇത് പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് ഡബ്ലിയുസിസി രൂപീകരിച്ചതിന് ശേഷം അവരുടെ ഭാഗത്ത് നിന്നും ഇതേ സമീപനം തന്നെയാണ് ഉണ്ടായിരുന്നത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. ഇതിന് മുമ്പും നടന്നുകൊണ്ടിരുന്നത് ഇത് തന്നെയാണ്.
ആ അഭിമുഖം കണ്ടതിനുശേഷവും ഞാന്‍ അവിടെ പ്രതിഷേധിച്ചില്ലെങ്കില്‍ നീതിയ്ക്കുവേണ്ടി പോരാടുന്നതിന്റെ ഭാഗമായി അവിടെ നിന്നും വിട്ട് പോയ അംഗങ്ങളോടു കാണിക്കുന്ന അപമര്യാദയാകും. അതുകൊണ്ടാണ് രാജിവെയ്ക്കാനുള്ള തീരുമാനമെടുത്തത്.
ഇതിന് മുമ്പും സംഘടനയില്‍ നിന്ന് അംഗങ്ങള്‍/ സഹപ്രവര്‍ത്തകര്‍ വിട്ട് പോയിരുന്നു. പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് എന്താണ് ഈ പ്രോട്ടെസ്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നത്?
പാര്‍വതി: ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. എല്ലാ തരത്തിലും നീതിക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് മുമ്പും അംഗങ്ങള്‍ രാജിവെച്ച് പോയിട്ട് ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഒരു സംഘടനയുടെ അകത്ത് നിന്ന് വ്യക്തികളായി നിന്നുകൊണ്ട് നമ്മള് ഉള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ട് വരാനാണ് ശ്രമിച്ചിട്ടുള്ളത്. സംഘടനയ്ക്ക് ഉള്ളില്‍ നിന്ന് മാറ്റങ്ങള്‍ പ്രതീക്ഷിച്ച് കാര്യങ്ങള്‍ മാറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അവര്‍ മാറുന്നില്ല. അമ്മ സംഘടനയ്ക്ക് അകത്ത് നില്ക്കുന്ന ആളുകള്‍ മുഖം മൂടിയണിഞ്ഞുകൊണ്ടാണ് വരുന്നതെന്ന് ഇനിയെങ്കിലും ജനങ്ങള്‍ അറിയണം.
വെല്‍ഫെയര്‍ എന്ന് പറയുന്നത് പെന്ഷന് നല്കുന്നതോ, ബില്‍ഡിങ്ങുകള്‍ പണിയുന്നതോ ഒടിടി പ്ലാറ്റ്ഫോമുകള് നല്കുന്നതോ അല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാ വെല്‍ഫെയര്‍ സംഘടനകളും ചെയ്യേണ്ടത് തന്നെയാണ്. ഇതിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ടാണ് കൊണ്ടാണ് ഇവര്‍ ഒരു ക്ലബ്ബ് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ഇനിയും ജനങ്ങള്‍ അറിയണം. ഇവരുടെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണെന്നുള്ളത് മനസ്സിലാക്കണം. ഇതില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാകണം. ജനങ്ങളുടെ രോഷം ഇവര്‍ തിരിച്ചറിയണം. ഈ രീതിയില്‍ തന്നെ പ്രതിഷേധിച്ച് മുന്നോട്ട് പോകണമെന്ന് തന്നെ ഞാന്‍ താല്പര്യപ്പെടുന്നു.
ഇടവേള ബാബു പറയുന്നത് ഭരണഘടന മാറിയിട്ടുണ്ടെന്നാണ്. സ്ത്രീ പ്രാതിനിധ്യം മൂന്നില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ മൂന്ന് പേരെ തന്നെ കിട്ടാറില്ല അപ്പോള്‍ നാലുപേര്‍ക്കായി ഞങ്ങള്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുമെന്നാണ്. എന്താണ് പറയാനുള്ളത്?
പാര്‍വതി: ആരോടാണ് ഈ ദയ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അമ്മയില്‍ 50-50 പ്രാതിനിധ്യം എന്നാണ് ഇടവേള ബാബു പറഞ്ഞിട്ടുള്ളത് ഇതില്‍ 15, 16 പേരില്‍ 4 നാല് പേരെ തരുന്നത് ചാരിറ്റിയായിട്ടാണ് അദ്ദേഹം പറയുന്നതെങ്കില്‍ വളരെ സങ്കടം തോന്നുന്ന കാര്യമാണത്. അതുകൊണ്ട് തന്നെയാണ് അസൂയയുള്ള ആളുകളാണ് നമ്മള്‍ക്കെതിരെ വരുന്നതെന്നൊക്കെ പറയുമ്പോള്‍ അസഹനീയമായി തോന്നുന്നതും. ഇവരെന്ത് ചെയ്തിട്ടാണ് ഇവരോട് അസൂയ തോന്നേണ്ടത് എന്നെനിക്ക് മനസ്സിലായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും ഞാനും പദ്മപ്രിയയും രേവതിയും എക്സിക്ക്യുട്ടിവ് കമ്മിറ്റി, ജനറല്‍ ബോഡി യോഗങ്ങളില്‍ പോയി ഓരോ കാര്യങ്ങളും ഉന്നയിച്ചിട്ടും അതിനെപറ്റി ഒന്നും പറയുകയോ ഞങ്ങളെ അതിന്റെ ഒരു ഭാഗമാക്കുകയോ ചെയ്തിട്ടില്ല. പേപ്പറില്‍ കാട്ടാനുള്ള ഒരോ കോമാളിത്തരമായിട്ടെ എനിക്കത് തോന്നിയിട്ടുള്ളൂ.
രേവതിയുള്പ്പടെയുള്ളവര് ഒരു വാര്‍ത്താസമ്മേളനം നടത്തുകയും എഎംഎംഎയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ അതിന് മറുപടിനല്‍കുകയും ചെയ്തിരുന്നു. ആ സമയത്തുണ്ടായിരുന്ന ഒരു തോന്നല്‍ ചില മാറ്റങ്ങളെങ്കിലും ഈ സംഘടനയില്‍ ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനറല്‍ സെക്രട്ടറി പറയുന്നത് കേള്‍ക്കുമ്പോള്‍ ഇതില്‍ മാറ്റമില്ലെന്ന് മാത്രമല്ല, പുച്ഛത്തോടുകൂടി മാത്രമാണ് ഈ കാര്യങ്ങളെയൊക്കെ പരിഗണിക്കുന്നതെന്ന് പോലും തോന്നി പോകുന്നു. അങ്ങനെ തന്നെയാണോ രേവതിയുള്പ്പടെയുള്ളവര്ക്ക് തോന്നുന്നത്, ഇത് തന്നെയാണോ എഎംഎംഎയോടും ജനറല്‍ സെക്രട്ടറിയോടുമുള്ള നിങ്ങളുടെ പ്രതികരണം?
രേവതി: ആദ്യം എക്സ്ക്യുട്ടീവ് കമ്മറ്റി മീറ്റിങിന് പോയപ്പോള്‍ ഒരു മാറ്റമുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതില്‍ ആവശ്യപ്പെട്ട പല കാര്യങ്ങള്‍ക്കും പിന്നീടുള്ള ഏഴ് മാസത്തോളം ഒരു മറുപടിയുമുണ്ടായില്ല. അമ്മയുടെ പ്രസിഡന്റിന് നിരവധി ഇ മെയിലുകള്‍ അയച്ചു. പക്ഷേ, ഞങ്ങള്‍ക്ക് ഒരു മറുപടിയും നല്‍കിയില്ല. മാധ്യമങ്ങളോടാണ് മറുപടി നല്‍കിയത്. അതോടെ ഞങ്ങള്‍ക്ക് മനസിലായി ഒരു മാറ്റം ഉണ്ടാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന്. മാറ്റം വരുത്താന്‍ കഴിയും എന്നതില്‍ ഇന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല. കാരണം ഓരോ തവണയും അവര്‍ ഓരോ അംഗങ്ങളും പറയുന്ന ഓരോ കാര്യങ്ങളും അവരുടെ ഓരോ പ്രവര്‍ത്തിയിലും പറയുന്ന ഓരോ കാര്യത്തിലും അവര്‍ക്ക് പുച്ഛമാണ്. സ്ത്രീകളുടെ പ്രശ്നങ്ങളോട് അവര്‍ക്ക് പുച്ഛമാണ്. അവര്‍ പറയുന്നതെല്ലാം കേട്ട് വഴങ്ങിയാല്‍ അവര്‍ക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ, ഒരു ചോദ്യം ചോദിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ പ്രശ്നം തുടങ്ങും.
ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോട് അമ്മയുടെ പുതിയ സിനിമയില്‍ അമ്മയില്‍ നിന്ന് രാജിവെച്ച ഒരു നടിയുണ്ടകുമോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ടാവില്ല. മരിച്ച് പോയവര്‍ തിരിച്ച് വരാത്തത് പോലെ എന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. അതില്‍ വലിയ രീതിയില്‍ ഡബ്ള്യുസിസി രോഷം പ്രകടിപ്പിച്ചിട്ടുണ്ട് നിങ്ങള്‍ എല്ലാവരും പ്രതികരച്ചിട്ടുമുണ്ട്. പിന്നീട് അദ്ദേഹം നല്‍കിയിട്ടുള്ള പ്രതികരണവും നമ്മുടെ കയ്യിലുണ്ട്. അത് തൃപ്തികരമാണോ?
രേവതി: ഇടവേള ബാബു നല്കിയ മറുപടിയില്‍ യാതൊരു തരത്തിലും യോജിക്കുന്നില്ല. അത് ഇടവേള ബാബുവിന്റെ ഒഴിവുകഴിവ് മാത്രമാണ്. അദ്ദേഹം പറഞ്ഞകാര്യം അദ്ദേഹത്തിന്റെ മനസിലുള്ള കാര്യമാണ്. ഇവരെല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യം. സ്വകാര്യമായി സംസാരിച്ചുകൊണ്ടിരുന്ന കാര്യം ഇടവേള ബാബുവിന്റെ വായില്‍നിന്നും പുറത്തേക്ക് വന്നിരിക്കുന്നു. അത് തന്നെയാണ് അവരുടെ മനോഭാവവും.
സിദ്ദിക്കിനെതിരായ പരാതി അത് രേഖാമൂലം ലഭിച്ചിട്ടില്ല എന്നാണ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഈ പരാതിയില്‍ രേവതി ഉറച്ച് നില്ക്കുന്നുണ്ടോ? ഒരു സംഘടനയെടുക്കേണ്ടിയിരുന്ന നിയമപരമായ നടപടികള്‍ സംഘടന പാലിച്ചില്ല. ഇതാണ് ഡബ്ള്യുസിസിയുടെ സ്റ്റേറ്റ്മെന്റില്‍ കണ്ടത്?
രേവതി: സിദ്ദിഖിനെതിരായ പരാതി രേഖാമൂലം നല്‍കിയിട്ടില്ല എന്ന കാര്യംതന്നെ പറയണമെന്ന് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. അതുതന്നെയാണ് ഇടവേള ബാബു ആവര്‍ത്തിച്ചിരിക്കുന്നതും. രേഖാമൂലം പരാതി തരണം എന്ന് അവര്‍ക്ക് പറയാമായിരുന്നല്ലോ. അംഗങ്ങളോട് അതുപോലും പറയാത്ത ഒന്നിനെ എങ്ങനെയാണ് സംഘടനയെന്ന് വിളിക്കുക.
പദ്മപ്രിയ: സിദ്ദിഖിന്റെ പേരില്‍ ഒരു പീഡന ആരോപണം വരുമ്പോള്‍ അവിടെയൊരാള് സാക്ഷി ആണെങ്കില്‍ നിയമപ്രകാരം അത് സിവില്‍ കോര്‍ട്ട് ആണ്. അപ്പോള്‍ ഇരയാക്കപ്പെട്ട ആള് കംപ്ലെയിന്റ് കൊടുത്തോ ഇല്ലയോ എന്ന് നോക്കണ്ട ആവശ്യം ഇല്ല. വേണ്ട നടപടി എടുക്കണം. സംഘടനയ്ക്ക് പുറത്ത് നിന്ന് ഒരാളെ വിളിക്കാനും പ്രശ്നം പരിഹരിക്കാനും അവകാശം ഉണ്ട്. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ മെമ്പറിന് മുകളില്‍ ഇത്രയും വലിയൊരു ആരോപണം വരുമ്പോള്‍ അത് നിയമപരമായി പരിഹരിക്കുക എന്ന തോന്നല്‍ ആര്‍ക്കും വന്നില്ലേ?. ആക്രമിച്ച കാര്യം പോട്ടെ നിങ്ങള്‍ ഒന്ന് സിദ്ദിഖിനെ വിളിച്ചുകൂടെ. ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് എപ്പോഴും രണ്ട് വശവും നോക്കണ്ടെ. നിയമം അനുശാസിക്കുന്ന ഒരാള്‍ ആവുമ്പോള്‍ അങ്ങനെ ചെയ്യണ്ടെ? അത്രയും എങ്കിലും ചെയ്യണ്ടേ
അസൂയകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അതിനോട് എന്താണ് പ്രതികരിക്കാനുള്ളത്?
പാര്‍വതി: എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടത് പറഞ്ഞുതരണം. ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. ഏതെങ്കിലും ഒരു കാര്യം അസൂയ തോന്നുന്നത് പറഞ്ഞു തന്നിരുന്നെങ്കില്‍, ഞാന്‍ ചെയ്ത ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍ വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. എഎംഎംഎ എന്ന ഈ ക്ലബ്ബ് ഒരു രീതിയിലും അതായത് ഡിസ്റെസ്പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷന്മാര് ചേര്‍ന്നിട്ട് എന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ. ജനറല്‍ സെക്രട്ടറി ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ പുറകില്‍ നിന്ന് അത്രയും പിന്തുണ നേതൃത്വം നല്കുന്നതുകൊണ്ടാണ്. തന്നെ തൊടാന്‍ പറ്റില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് അയാള്‍ അങ്ങനെ വന്നിരുന്ന് സംസാരിക്കുന്നത്. ബൈലോയുടെ കാര്യത്തില്‍ ജെബിഎല്‍ ജനറല്‍ ബോഡിയെ സംരക്ഷിക്കാനുള്ള പോയിന്റുകളാണ് ഞങ്ങള്‍ പറഞ്ഞത്. എന്തുകൊണ്ടാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയെ വളരെയധികം പവര്‍ഫുള്ളാക്കി ജനറല്‍ ബോഡിയുടെ അധികാരം എടുത്തുകളയുന്നത്?
അമ്മയില്‍ നിന്ന് പോയാല്‍ മലയാള സിനിമയില്‍ നിന്ന് ഔട്ട് എന്നാണല്ലോ ഇടവേള ബാബു പറഞ്ഞതിന്റെ അര്‍ത്ഥം. അമ്മയില്‍ നിന്ന് പുറത്ത് പോയ രമ്യ നമ്പീശന് ആണെങ്കിലും പദ്മപ്രിയയാണെങ്കിലും അവരെയൊക്കെ ഇപ്പോള്‍ മലയാള സിനിമയില്‍ കാണാനില്ല. അമ്മയില്‍ നിന്ന് പാര്‍വതി പോവുകയാണ് എന്ന് പറയുമ്പോള്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുമെന്ന് പേടിയുണ്ടോ പാര്‍വതിക്ക്?
പാര്‍വതി: ഇല്ല, ആക്ച്വലി എനിക്കാശങ്ക ഇല്ല. ഇവരുടെ കൂടെ, ഇത്തരം ആളുകളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള അവസരങ്ങള്‍ എനിക്ക് വേണ്ട. സിനിമ എന്ന് പറയുന്നത് ഇവരുടെ തറവാട്ട് സ്വത്തൊന്നുമല്ല. നമ്മളും ക്രിയേറ്റീവ് ആയ ആള്‍ക്കാരാണ്. നമുക്കും നല്ല ബുദ്ധിയുണ്ട്. നമുക്ക് നമ്മുടേതായ ഏജന്‍സിയുണ്ട്. നമ്മള് നമ്മുടെ വര്‍ക്ക് സ്വയം ക്രിയേറ്റ് ചെയ്യും. നമ്മള് വര്‍ക്ക് ചെയ്യും. ഇത് പണ്ടത്തെ, വളരെ ഒപ്രസീവ് ആയിട്ടുള്ള സ്ട്രക്ചര്‍ ക്രിയേറ്റ് ചെയ്തിട്ട് നമ്മളിവിടത്തെ തമ്പുരാക്കന്മാരാണെന്ന് പറഞ്ഞിരിക്കുന്ന ഇവരുടെ ആറ്റിറ്റിയൂഡ്, ഫുള്‍ ഷോ ഓഫ് കാണിക്കുമ്പോ എല്ലാര്ക്കും തോന്നുന്ന ഒരു ഭീകരതയൊക്കെയേ ഉള്ളൂ. സത്യം പറഞ്ഞാല്‍, ഇവരുടെ ഒറ്റയാളും, ആരും ഇന്‍ഡിസ്പെന്‍സിബ്ള്‍ അല്ല ഇന്‍ഡസ്ട്രയില്‍. ഇവരാരും ഇല്ലെങ്കിലും സിനിമ, കല എന്ന് പറയുന്നത് മുമ്പോട്ട് പോകും സോ, എനിക്കങ്ങനത്തെ ഒരാശങ്കയും ഇല്ല. എസ്പെഷ്യലി ഇത്തരം ആള്‍ക്കാരുടെ കൂടെ വര്‍ക്ക് ചെയ്യാനായുള്ള ജോലി എനിക്ക് വേണ്ടതാനും. അത്രയും സ്വയം പര്യാപ്തരായ ആള്ക്കാര് തന്നെയാണ് ഞങ്ങളോരോരുത്തരും. അതിപ്പോ രമ്യയാണെങ്കിലും പ്രിയയാണെങ്കിലും ഞാനാണെങ്കിലും രേവതി ചേച്ചിയാണെങ്കിലും സിനിമ വിട്ടിട്ടെങ്ങോട്ടെങ്കിലും പോയ്ക്കളയുമെന്ന് പ്രതീക്ഷിച്ചാരും സന്തോഷിച്ച് നില്‍ക്കേണ്ട എന്നേ എനിക്ക് പറയാനുള്ളൂ. ബിക്കോസ്, ഇവിടം എന്ന് പറയുന്നത് നമ്മുടെ വീടാണ്. ഇത് ക്ലീന്‍ ചെയ്ത്…ഇവിടെ ചെളിപുരണ്ട് നില്ക്കുന്ന ആള്‍ക്കാരെ പുറത്താക്കാന്‍ ഞങ്ങള്‍ വളരെയധികം പര്യാപ്തരായിട്ടാണ് വന്നിരിക്കുന്നത്. സോ ദിസ് ഈസ് നോട്ട് ദ എന്‍ഡ്!.ഞങ്ങള്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് വച്ച്, ഇതില്‍ സങ്കടപ്പെട്ട്, എന്‍ഡ് ചെയ്ത് ഇരിക്കാനൊന്നും പോകുന്നില്ല. വീ വില്‍ ഡു ഫിലിംസ്, വീ വില്‍ മേക്ക് ഫിലിംസ്, ലെറ്റ്സ് സീ ഹൂ സ്റ്റോപ്സ് അസ്.