Top

ക്രിക്കറ്റിലെ ‘കുട്ടിത്തം’ ഇനി ഇല്ല; പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു

ഇന്ത്യക്ക് വേണ്ടി 25 ടെസ്റ്റും. 38 ഏകദിനങ്ങളും, രണ്ട് ട്വന്റി-20യും താരം കളിച്ചിട്ടുണ്ട്. 2002 ജനുവരിയില്‍ ന്യുസിലന്റിനെതിരെ ആയിരുന്നു രാജ്യത്തിനായുള്ള അരങ്ങേറ്റം.

9 Dec 2020 1:37 AM GMT

ക്രിക്കറ്റിലെ ‘കുട്ടിത്തം’ ഇനി ഇല്ല; പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു
X

മഹേന്ദ്ര സിംഗ് ധോണിക്ക് മുന്‍പ് വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കൊരു വിശ്വസ്തനുണ്ടായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും, സൗരവ് ഗാംഗുലിയും, രാഹുല്‍ ദ്രാവിഡും നിറഞ്ഞു നിന്ന കാലത്ത് ചെറുപുഞ്ചിരിയുമായി ക്രീസിലേക്ക് നടന്നെത്തിയ 17കാരന്‍. 18 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് പാര്‍ഥിവ് പട്ടേല്‍ കളം വിട്ടു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്

‘പതിനട്ട് വര്‍ഷത്തെ ക്രിക്കറ്റ് ജീവതത്തിന് അവസാനമിട്ടുകൊണ്ട് എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ഒരുപാട് പേരോട് കടപ്പാടുണ്ട്. 17 വയസുകാരനില്‍ പ്രതീക്ഷയും ആത്മവിശ്വാസവും അര്‍പ്പിച്ച ബിസിസിഐക്കും, കരിയറിന്റെ തുടക്കകാലത്തും പിന്നീടും എന്നെ പിന്തുണക്കുകയും കൈത്താങ്ങാകുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി,’ പാര്‍ഥിവ് ട്വിറ്ററില്‍ കുറിച്ചു.

17 വയസും 153 ദിവസവും മാത്രം പ്രായമുള്ളപ്പോളാണ് പാര്‍ഥിവ് ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. എന്നാല്‍ ധോണിയുടെ വരവും, വിക്കറ്റിന് പിന്നിലെ ചടുലതക്കുറവും താരത്തിന്റെ ടീമില്‍ നിന്നുള്ള പുറത്താകലിന് കാരണമായി. 2002ല്‍ അരങ്ങേറ്റം കുറിച്ച പാര്‍ഥിവ് 2003 ലോകകപ്പ് ടീമില്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. രണ്ട് വര്‍ഷം കൊണ്ട് 13 ഏകദിനം കളിച്ച ഇടം കയ്യന്‍ ബാറ്റ്‌സ്മാന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാത്തതും തിരിച്ചടിയായി.

2010ലാണ് പാര്‍ഥിവ് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയില്‍ നാല്, അഞ്ച് മത്സരങ്ങളിലാണ് താരം കളിച്ചത്. രണ്ട് കളികളിലും അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരുക്കേറ്റ സച്ചിന് പകരക്കാരനായി പാര്‍ഥിവ് ടീമിലെത്തി.

2016ല്‍ ഇംഗ്ലണ്ടിനെതിരെ വൃദ്ധിമാന്‍ സാഹക്കും പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ചു. മൊഹാലിയില്‍ വച്ച് നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു പാര്‍ഥിവ് ഇറങ്ങിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 54 പന്തില്‍ പുറത്താകാതെ 67 റണ്‍സും നേടി. 2018ലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ കഴിയാതെ പോയ പാര്‍ഥിവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11,000ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. 194 മത്സരങ്ങള്‍ കളിച്ച താരം 27 സെഞ്ച്വറിയും 62 അര്‍ദ്ധസെഞ്ച്വറിയും കുറിച്ചു. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 486 ക്യാച്ചുകളും 77 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും പാര്‍ഥിവ്‌ മികവ് കാട്ടി.

Next Story

Popular Stories