Top

പറളിക്കുന്ന് കൊലപാതകത്തിലെ സാക്ഷി കിണറ്റില്‍ മരിച്ചനിയില്‍; മരിച്ചത് പ്രതി ജസ്‌നയുടെ ഭിന്നശേഷിക്കാരനായ സഹോദരന്‍

വയനാട് മുട്ടില്‍ പറളിക്കുന്നില്‍ മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സഹോദരന്‍ പറളിക്കുന്ന് ലക്ഷം വീട് കോളനിയിലെ ജംഷീര്‍ (28)നെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

25 Dec 2020 5:38 AM GMT

പറളിക്കുന്ന് കൊലപാതകത്തിലെ സാക്ഷി കിണറ്റില്‍ മരിച്ചനിയില്‍; മരിച്ചത് പ്രതി ജസ്‌നയുടെ ഭിന്നശേഷിക്കാരനായ സഹോദരന്‍
X

വയനാട്: പറളിക്കുന്ന് കൊലപാതകകേസിലെ പ്രതി ജസ്‌നയുടെ ഭിന്നശേഷിക്കാരനായ സഹോദരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുട്ടില്‍ പറളിക്കുന്നില്‍ മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സഹോദരന്‍ പറളിക്കുന്ന് ലക്ഷം വീട് കോളനിയിലെ ജംഷീര്‍ (28)നെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ഇയാള്‍ കേസിലെ സാക്ഷിയായിരുന്നു. അസ്വഭാവിക മരണത്തില്‍ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

അബ്ദുള്‍ ലത്തീഫിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലിസ് ജസ്‌നയെയും സഹോദരന്‍ ജംഷാനെയും ചൊവ്വാഴ്ച അറസ്റ്റു ചെയ്തിരുന്നു. അബ്ദുള്‍ ലത്തീഫിനെ ഭാര്യ ജസ്‌നയും സഹോദരനും ചേര്‍ന്ന് കൈയും കാലും കെട്ടിയിട്ടാണ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ദേഹത്ത് വടികൊണ്ട് അടിച്ചതിന്റെയും കുത്തിയതിന്റെയും പാടുകളുണ്ടായിരുന്നു. നെഞ്ചിന്റെ താഴ്ഭാഗത്തേറ്റ ചവിട്ടാണ് മരണകാരണമെന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കൈകള്‍ കെട്ടിയിട്ട് മലര്‍ന്നു കിടക്കുന്ന നിലയിലാണ് ലത്തീഫിനെ തിങ്കളാഴ്ച പുലര്‍ച്ചയോടെ സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അതേസമയം ജസ്‌നയെ നിരന്തരം ആക്രമിച്ചിരുന്ന അബ്ദുള്‍ ലത്തിഫിനെതിരെ കുടുംബം പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നവംബര്‍ 10ന് ഇയാള്‍ ജസ്‌നയുമായുള്ള വിവാഹബന്ധം മൊഴിചൊല്ലി അവസാനിപ്പിച്ചിട്ടും മാനസികവും ശാരീരികവുമായ പീഡനം തുടര്‍ന്നുവെന്നും മക്കളുടെ മരണത്തില്‍ മക്കള്‍ക്ക് പങ്കില്ലെന്നുമാണ് ജസ്‌നയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഞായറാഴ്ച രാത്രി 11.30ഓടെ വീട്ടിലെത്തിയ ലത്തീഫ് തന്നെ ആക്രമിച്ചപ്പോള്‍ സുഖമില്ലാത്ത മകന്‍ (ജംഷീര്‍) ഇയാളെ തള്ളിമാറ്റി, വീണ്ടും വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ച അബ്ദുള്‍ ലത്തീഫ് നിയന്ത്രണംവിട്ട് അലമാരയില്‍ തലയടിച്ച് നിലത്തുവീഴുകയുമായിരുന്നെന്നും ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചെന്നുമാണ് മാതാവ് സാബിറ പറഞ്ഞത്.

മുന്‍പ് ജസ്‌നയുടെ അയല്‍വാസിയെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചതിന് അബ്ദുള്‍ ലത്തീഫിനെതിരെ കല്പറ്റ പോലീസ് കേസെടുത്തിരുന്നു. അബ്ദുള്‍ ലത്തീഫിനെ മര്‍ദിച്ചതിന് ജസ്‌നയുടെ ബന്ധുക്കളുടെ പേരിലും കേസുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നഗരസഭയിലെ തച്ചത്തുംപറമ്പ് വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു അബ്ദുള്‍ ലത്തീഫ്.

Next Story