
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വികസന തുടര്‍ച്ചയ്ക്ക് പിന്തുണ തേടിയാണ് സിറ്റിങ്ങ് എംഎല്‍എ കൂടിയായ പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് എംഎല്‍എയും യുഡിഎഫ് പ്രവര്‍ത്തകരും. മണ്ഡലം രൂപികൃതമായതിന് ശേഷം തുടര്‍ച്ചയായി രണ്ട് തവണയും ഇടതുപക്ഷം വെന്നിക്കൊടി പാറിച്ച കുറ്റ്യാടി കഴിഞ്ഞ തവണയാണ് യുഡിഎഫ് പിടിച്ചെടുത്തത്. സിറ്റിങ്ങ് എംഎല്‍എ ആയിരുന്ന കെകെ ലതികയെ 1157 വോട്ടുകള്‍ക്കാണ് പാറക്കല്‍ അബ്ദുള്ള പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്ഫിന്റെ പ്രധാന പ്രചാരണ ആയുധം വികസന മുരടിപ്പ് ആയിരുന്നു.

ഇടതു മുന്നണിക്ക് വേരോട്ടമുള്ള മണ്ഡലം സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ പാറക്കല്‍ അബ്ദുള്ളയുടെ സാന്നിധ്യത്തോടെ യുഡിഎഫിന് അനുകൂലമാവുകയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം വിദ്യാഭ്യാസ മേഖലയില്‍ വ്യക്തിഗത പദ്ധതികളും എംഎല്‍എയുടെ മുന്‍കൈയ്യില്‍ നടപ്പിലാക്കിയിട്ടുണ്ട്. വര്‍ഷം തോറും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കോളനികളില്‍ ഉള്‍പ്പടെ എം.എല്‍.എ നേരിട്ട് എത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തിരുന്നത്.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ വര്‍ഷംതോറും ആദരിക്കുന്നതും പതിവായിരുന്നു. മണ്ഡലത്തിന്റെ മുഖഛായ മാറ്റാന്‍ തനിക്ക് കഴിഞ്ഞു എന്നാണ് പാറക്കല്‍ അബ്ദുള്ളയുടെ അവകാശവാദം. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് പാറക്കല്‍ പങ്കുവെക്കുന്നത്.