ഉന്നത നേതാക്കളുമായി ഗൂഢാലോചനകള്‍, സംഘടനയില്‍ അറിയപ്പെടുന്നത് പല പേരില്‍; യുഎപിഎ കേസില്‍ വിജിത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അടുത്തിടെ കസ്റ്റിഡയിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസില്‍ ഒളിവില്‍ കഴിയുന്ന സിപി ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം, തുടങ്ങിയവ എത്തിച്ചു നല്‍കുന്നത് വിജിത്ത് ആണെന്നും എന്‍ഐഎ ആരോപിക്കുന്നു. നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ […]

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അടുത്തിടെ കസ്റ്റിഡയിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസില്‍ ഒളിവില്‍ കഴിയുന്ന സിപി ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം, തുടങ്ങിയവ എത്തിച്ചു നല്‍കുന്നത് വിജിത്ത് ആണെന്നും എന്‍ഐഎ ആരോപിക്കുന്നു.
നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിജിത്തിന് ജാമ്യം നല്‍കുന്നതിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ആരോപണങ്ങള്‍ ഉള്ളത്. സിപിഐ മാവോയിസ്റ്റ് സംഘടനയിലെ പ്രധാന കണ്ണിയാണ് വിജിത്ത് എന്നു തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗം അംഗമായ വിജിത്തിന് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്ന ചുമതലയാണ്. പച്ച, ബാലു, മുസഫിര്‍, അജയ്, എന്നീ പേരുകളിലാണ് സംഘടനയ്ക്കുള്ളില്‍ വിജിത്ത് അറിയപ്പെടുന്നത്. വിജിത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണ്.
മാവോയിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമാണ് വിജിത്ത് പുലര്‍ത്തുന്നതെന്നാണ് എന്‍ഐഎയുടെ പ്രധാന കണ്ടെത്തല്‍. സിപി ഉസ്മാനുമായും വൈത്തിരിയില്‍ കൊല്ലപ്പെട്ട ജലീലുമായും വിജിത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളിലെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് വിജിത്തിനെ.