KERALA ELECTION 2021

‘ഭയവുമില്ല, ആശങ്കയുമില്ല’; മന്‍സൂര്‍ വധത്തിലെ ഗൂഢാലോചനക്കാരനെന്ന സുധാകരന്റെ ആരോപണത്തില്‍ പാനോളി വത്സന്റെ മറുപടി

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സന്‍. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തുന്നതെന്നും സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നും
പാനോളി വത്സന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

പാനോളി വത്സന്റെ വാക്കുകള്‍: ”ചിലര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം ഞാന്‍ സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലുമാണ്. ഇവിടെയുള്ള ബൂത്തുകള്‍ സന്ദര്‍ശിക്കാനാണ് എല്‍ഡിഎഫ് എന്നെ ചുമതലപ്പെടുത്തിയത്. അവിടെയായിരുന്നു ഉണ്ടായിരുന്നത്. സുധാകരന്‍ അങ്ങനെയൊരു കാര്യം പറയുമ്പോള്‍ നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയത്.”

”സംഭവവുമായി സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ല. സുധാകരന്‍ പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയില്‍, ഏത് സംഭവവും സിപിഐഎമ്മിന്റെയും നേതാക്കളുടെയും തലയില്‍ വയ്ക്കാന്‍ സാമര്‍ത്ഥ്യമുള്ള നേതാവാണ്. ഇതില്‍ അപ്പുറം പരാമര്‍ശത്തെ കാണേണ്ടതില്ല. ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെ പാര്‍ട്ടി പറയാറുണ്ട്.”

”സംഭവസമയത്ത് ഞങ്ങള്‍ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരന്‍ എത്ര ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല.”

മന്‍സൂറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പനോളി വത്സനാണെന്നാണ് കെ സുധാകരന്‍ എംപി പറഞ്ഞത്. പനോളി വത്സനായിരുന്നു പാനൂരിലെ തെരഞ്ഞെടുപ്പ് ചാര്‍ജ്. മുന്‍പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സന്‍. വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാന കാരണം. വത്സനെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റാത്തതിന്റെ നിരാശയിലാണ് മന്‍സൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എല്‍ഡിഎഫ് ആവര്‍ത്തിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ പറഞ്ഞത്: ”മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ഈ കൊല എന്നത് ഗൂഢാലോചന അതിന്റെ പുറകിലുണ്ടെന്ന് തെളിയിക്കുന്നു. അവിടെ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് പാനോളി വത്സന്‍ എന്ന സിപിഐഎം നേതാവിനാണ്. പനോളി വത്സനെ നമുക്കറിയാം. ഇതിന് മുന്‍പും അക്രമിസംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ് പനോളി വത്സന്‍. പനോളി വത്സന്റെ ഗൂഢാലോചനയാണ് ഈ കൊലപാതകത്തിന്റെ പിറകിലുള്ള അടിസ്ഥാന കാരണമെന്ന് ഞാന്‍ ആരോപിക്കുന്നു. പനോളി വത്സനെയടക്കം ഗൂഢാലോചന കേസില്‍ പ്രതിയാക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. പ്രതികളെ പിടിക്കണം, നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അവര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സന്ദേശം ഗൂഢാലോചനയുടെ തെളിവാണ്. ആ സന്ദേശത്തെ അടിസ്ഥാനമാക്കി കേസെടുക്കുമ്പോള്‍ നേതൃത്വം കൊടുത്ത പനോളി വത്സന്‍ കേസിലെ പ്രതിയാകണം. ഈ കുടുംബത്തോട് നീതി കാണിക്കാന്‍ പൊലീസ് സംവിധാനം അനുകൂലമായി പ്രതികരിക്കണം.”

Latest News