
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പന്തളം പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പുകളും തൊട്ടടുത്ത ദിവസങ്ങളിലെ പ്രൊഫൈല്‍ പിക്ചറുകളും ചൂണ്ടി എന്തൊരു മാറ്റമെന്ന് അത്ഭുതംകൂറി സോഷ്യല്‍ മീഡിയ. ഫേസ്ബുക്കില്‍ പത്ത് ദിവസം മുന്‍പ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ പിക്കുകളാക്കിയും രാഹുലിന്റെ പ്രചരണപരിപാടികളെ പുകഴിത്തിയും ഫേസ്ബുക്കില്‍ സജീവമായ പ്രതാപന് നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയില്‍ ചേരാന്‍ തോന്നിയത് ചൂണ്ടിയാണ് ഇപ്പോള്‍ ട്രോളുകള്‍.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രം പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതാപന്‍ പ്രൊഫൈല്‍ പിക്ചറാക്കിയിരുന്നു. പുതുച്ചേരിയിലെ ഒരു വിദ്യാര്‍ഥിനിയ്‌ക്കൊപ്പം രാഹുല്‍ ഫോട്ടോയെടുക്കുന്ന വൈറല്‍ വീഡിയോയുള്‍പ്പെടെ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍. ഇത്ര കടുത്ത രാഹുല്‍ ഗാന്ധി ആരാധകനായ ഒരാള്‍ പെട്ടെന്ന് എങ്ങനെ മറുകണ്ടം ചാടി എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരന്‍ കൂടിയാണ് പന്തളം പ്രതാപന്‍.
കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ പ്രതാപന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നല്‍കിയത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രതാപന്‍റെ പേരും കേട്ടിരുന്നു.എം ജി കണ്ണന്‍, ബാബു ദിവാകരന്‍ എന്നിവരോടൊപ്പമാണ് പ്രതാപന്റെ പേരും ഉയര്‍ന്നത്. എന്നാല്‍, സീറ്റിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടര്‍ന്നാണ് ബിജെപിയിലേക്ക് ചാടിയത്. മുന്‍ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.