Top

‘പിണറായി ഏകാധിപതി’; ലീഗിന്റെ അംഗസഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

27 March 2021 5:05 AM GMT

‘പിണറായി ഏകാധിപതി’; ലീഗിന്റെ അംഗസഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
X

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഭരണം തകിടം മറിഞ്ഞിരിക്കുന്നുവെന്നും ഏകാധിപത്യ ഭരണത്തിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഈ തെരഞ്ഞടുപ്പില്‍ യാതൊരുവിധത്തിലുള്ള നീക്കുപോക്കും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും അദ്ദേഹം വ്യക്തത വരുത്തി. ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ലീഗ് യുഡിഎഫിലെ പ്രബലകക്ഷിതന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അര്‍ഹമായ സീറ്റ് എന്തായാലും തങ്ങള്‍ക്ക് അവകാശപ്പെട്ടാതാണ്. എന്‍ഡിഎയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരു കാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ടസ്ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

കോണ്‍ഗ്രസിന്റെ മതേതര ശക്തി വീണ്ടും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. കേരളത്തില്‍ ലീഗിന്റെ ശക്തി വര്‍ധിച്ചുവരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്സിന് അകത്തുള്ള പ്രശ്‌നത്തിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താറുള്ളതും ലീഗാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story