Top

‘വസ്തുതാവിരുദ്ധമായ ധാരണയില്‍ നിന്നാണ് തെറ്റായ വാര്‍ത്തയുണ്ടാകുന്നത്’; സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവിഷ്‌കരിച്ചത് മുസ്ലിംങ്ങള്‍ക്ക് മാത്രമായിട്ടുള്ള പദ്ധതികളെന്ന് പാലോളി

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെയും ആനുകൂല്യങ്ങളിലെയും 80:20 അനുപാതം സംബന്ധിച്ച് തെറ്റായ ധാരണകളാണ് നിലനില്‍ക്കുന്നതെന്ന് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി. ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സാഹചര്യങ്ങള്‍ പരിശോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച കമ്മീഷനായിരുന്നു സച്ചാര്‍ കമ്മീഷന്‍. മുസ്ലിംങ്ങളുടെ പ്രശ്‌നം മാത്രമാണ് ആ കമ്മിറ്റി പഠിച്ചത്. അതിന്റെ ഭാഗമായി കേന്ദ്രഗവണ്‍മെന്റ് അനുവദിച്ച ഫണ്ട് കേരളത്തില്‍ സംസ്ഥാനത്തിന്റെ ചെറിയ ഒരംശം ഫണ്ട് കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ആ പദ്ധതി നടപ്പിലാക്കിയതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്ത ഈ 20 […]

28 May 2021 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വസ്തുതാവിരുദ്ധമായ ധാരണയില്‍ നിന്നാണ് തെറ്റായ വാര്‍ത്തയുണ്ടാകുന്നത്’; സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവിഷ്‌കരിച്ചത് മുസ്ലിംങ്ങള്‍ക്ക് മാത്രമായിട്ടുള്ള പദ്ധതികളെന്ന് പാലോളി
X

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെയും ആനുകൂല്യങ്ങളിലെയും 80:20 അനുപാതം സംബന്ധിച്ച് തെറ്റായ ധാരണകളാണ് നിലനില്‍ക്കുന്നതെന്ന് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി. ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സാഹചര്യങ്ങള്‍ പരിശോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച കമ്മീഷനായിരുന്നു സച്ചാര്‍ കമ്മീഷന്‍. മുസ്ലിംങ്ങളുടെ പ്രശ്‌നം മാത്രമാണ് ആ കമ്മിറ്റി പഠിച്ചത്. അതിന്റെ ഭാഗമായി കേന്ദ്രഗവണ്‍മെന്റ് അനുവദിച്ച ഫണ്ട് കേരളത്തില്‍ സംസ്ഥാനത്തിന്റെ ചെറിയ ഒരംശം ഫണ്ട് കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ആ പദ്ധതി നടപ്പിലാക്കിയതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്ത ഈ 20 ശതമാനം സംസ്ഥാന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ 80:20 അനുപാതമുണ്ടാക്കിയപ്പോള്‍ ഒരു വലിയ സംഖ്യ മുസ്ലിംങ്ങള്‍ക്കും മറ്റുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വളരെ തുച്ഛമായ സംഖ്യയുമെന്ന അര്‍ഥത്തിലേക്ക് തെറ്റായ ധാരണയിലേക്ക് അതെത്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ‘വിമര്‍ശനങ്ങളില്‍ അന്തസും മാന്യതയും വേണം’; ജനം ടിവി ലേഖനത്തില്‍ സുരേഷ് ഗോപി

പാലോളി മുഹമ്മദ് കുട്ടിയുടെ വാക്കുകള്‍:

ഞാന്‍ മന്ത്രിയായിരുന്ന സമയത്ത് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള പദ്ധതികളാണ് രൂപപ്പെടുത്തിയത്. ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സ്ഥിതി പരിശോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച കമ്മീഷനായിരുന്നു സച്ചാര്‍ കമ്മീഷന്‍. മുസ്ലിംങ്ങളുടെ പ്രശ്‌നം മാത്രമാണ് ആ കമ്മിറ്റി പഠിച്ചത്. അതിന്റെ ഭാഗമായി കേന്ദ്രഗവണ്‍മെന്റ് അനുവദിച്ച ഫണ്ട് കേരളത്തില്‍ സംസ്ഥാനത്തിന്റെ ചെറിയ ഒരംശം ഫണ്ട് കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ആ പദ്ധതി നടപ്പിലാക്കിയത്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മീഷന്റെ ഫണ്ടിലേക്ക് സംസ്ഥാനസര്‍ക്കാരിന്റേതായി 20 ശതമാനം അധികം കൂട്ടിച്ചേര്‍ത്ത് ക്രിസ്ത്യന്‍ വിഭാഗത്തെക്കൂടി ആ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയാണ് ഉണ്ടായത്. അവരെകൂടി കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ 20 ശതമാനം മാത്രമാണ് മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്നത്. 80 ശതമാനം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു.

സാധാരണഗതിയില്‍ ഇതുകേള്‍ക്കുമ്പോള്‍ ഒരു വലിയ സംഖ്യ മുസ്ലിംങ്ങള്‍ക്കും മറ്റുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വളരെ തുച്ഛമായ സംഖ്യയുമെന്നാണ് പെട്ടെന്ന് മനസിലാക്കുക. പക്ഷേ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുസ്ലിംങ്ങള്‍ക്ക് മാത്രമായിട്ടുള്ള പദ്ധതികളായിരുന്നു അക്കാലത്ത് ആവിഷ്‌കരിച്ചത്. അതിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് 2015-ല്‍ നടന്നത്. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ 20 ശതമാനം കൂടി അതിലേക്ക് കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ സ്വാഭാവികമായും വരുന്ന 80 ശതമാനം മുസ്ലിംങ്ങള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന അനുപാതം തെറ്റാണെന്നാണ് ജനങ്ങള്‍ മനസിലാക്കുക. ഈ തെറ്റായ, വസ്തുതാവിരുദ്ധമായ ധാരണയില്‍ നിന്നാണ് തെറ്റായ വാര്‍ത്തയുണ്ടാകുന്നത്.

ഇതേ മാതൃകയില്‍ മറ്റ് സമുദായങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായുള്ള പദ്ധതികളും നിലവിലുണ്ട്. ക്രിസ്ത്യന്‍വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുന്നതിനുള്ള ഒരു പദ്ധതി കേരളത്തിലുണ്ട്. ഈ പദ്ധതിക്ക് പുറമെയാണ് ആ 20 ശതമാനം വരുന്നത്. എന്നാല്‍ പദ്ധതിയെക്കുറിച്ച് പൊതുവെ കേള്‍ക്കുമ്പോള്‍ 80-20 എന്ന അനുപാതത്തിലാണെന്ന് തോന്നും. അതിനുപകരം ഒരു വിഭാഗത്തിനുമാത്രമായിട്ടുള്ള പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തില്‍ അതിലേക്ക് സംസ്ഥാനസര്‍ക്കാര്‍ ഒരു തുച്ഛമായ സഹായം ചേര്‍ത്ത് 20 ശതമാനമായി ചേര്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കിയില്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനമെന്ന് വരികയും അത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നമാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അതാണിവിടെ സംഭവിച്ചത്.

സത്യത്തില്‍ ആ പദ്ധതിയും മുസ്ലിംവിഭാഗത്തിനായുള്ള പദ്ധതിയും കൂട്ടി അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളിലെയും പാവപ്പെട്ടവര്‍ക്കുമായി ഒന്നിച്ച് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനെ ആരും എതിര്‍ക്കില്ല. അതാണ് ശെരി. അങ്ങനെയുണ്ടാവുകയാണെങ്കില്‍ ഇത്തരമൊരു ആക്ഷേപത്തിന് അടിസ്ഥാനമുണ്ടാകില്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള അവസരമുണ്ടാകുകയും ഇല്ല.

Also Read: ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; മൊബൈല്‍, കണ്ണട കടകള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് ദിവസം പ്രവർത്തിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80% മുസ്ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഈ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് നല്‍കിയത്. പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്!ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.

Also Read:വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് ആറ് ആഴ്ചയ്ക്കുള്ളില്‍; നല്‍കുന്നത് സര്‍ക്കാര്‍ വാങ്ങിയ സ്റ്റോക്കില്‍ നിന്ന്

Next Story