Top

ഇതുവരെ തൂപ്പുതൊഴിലാളി, ഇനിമുതല്‍ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാലോട് സര്‍ക്കാര്‍ ആശുപത്രിയിലെ സ്വീപ്പറായിരുന്ന കോമളം ഇനിമുതല്‍ സ്ഥാപനത്തിന്റെ അധ്യക്ഷയാകും.

28 Dec 2020 7:23 AM GMT

ഇതുവരെ തൂപ്പുതൊഴിലാളി, ഇനിമുതല്‍ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്
X

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാലോട് സര്‍ക്കാര്‍ ആശുപത്രിയിലെ സ്വീപ്പറായിരുന്ന കോമളം ഇനിമുതല്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലോട് ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കോമളം വിജയിച്ചത്. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

വര്‍ഷങ്ങളോളം കോമളം തൂപ്പു തൊഴിലാളിയായി സേവനമനുഷ്ഠിച്ച പാലോട് സര്‍ക്കാര്‍ ആശുപത്രി ഇതേ ബ്ലോക്ക് ഡിവിഷന്റെ പരിധിയിലാണ് വരുന്നത്. ആശുപത്രിയിലെ സ്വീപ്പര്‍ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് കോമളം തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിസഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ ഇതിന് മുമ്പ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായാണ് ഈ ബ്ലോക്ക് പഞ്ചായത്തില്‍ കയറിയിറങ്ങിയിട്ടുള്ളത്.

ഇതിന് മുമ്പ് പച്ചയില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ മെമ്പറായി പ്രവര്‍ത്തിച്ച പ്രവൃത്തി പരിചയമാണ് ഇവര്‍ക്കുള്ളത്. പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള കോമളം മഹിളാ സമഖ്യ സൊസൈറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിലും സജീവ സാന്നിദ്ധ്യമായിരുന്നു.

Next Story