Top

പീഢനം നടന്നതിന് ശാസ്ത്രീയ തെളിവുകള്‍, ശുചിമുറിയിലെ രക്തക്കറ നിര്‍ണ്ണായകമായി; പാലത്തായി കേസിലെ കുറ്റപത്രം

ഡിവൈഎസ്പി രത്‌നകുമാറാണ് തലശ്ശേരി കോടതിയില്‍ പ്രതി പത്മരാജനെതിരായി കുറ്റപത്രം നല്‍കിയത്.

6 July 2021 5:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീഢനം നടന്നതിന് ശാസ്ത്രീയ തെളിവുകള്‍, ശുചിമുറിയിലെ രക്തക്കറ നിര്‍ണ്ണായകമായി; പാലത്തായി കേസിലെ കുറ്റപത്രം
X

കണ്ണൂര്‍ പാലത്തായിയില്‍ ഒമ്പതുവയസ്സുകാരി പീഡനത്തിന് ഇരയായ കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിവൈഎസ്പി രത്‌നകുമാറാണ് തലശ്ശേരി കോടതിയില്‍ പ്രതി പത്മരാജനെതിരായി കുറ്റപത്രം നല്‍കിയത്. പ്രതി പീഢനം നടത്തിയതിന് ശാസ്ത്രീയ തെളിവുകളുള്‍പ്പെടെയുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയത് പത്മരാജനെതിരായ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരിയെ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്ന പരാതി ഉയരുന്നത്. പാനൂര്‍ പോലീസ് അന്വേഷിച്ച പരാതിയില്‍ പക്ഷേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി. പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു പോലീസ് ഈ സമയം സ്വീകരിച്ച നിലപാട്.

ഇതിന് പിന്നാലെ, ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് ഏറ്റെടുത്തു. പാനൂര്‍ പൊലീസിന്റെ നിലപാടിന് സമാനമായിരുന്നു ഈ സംഘവും സ്വീകരിച്ചത്. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തല്‍. ഇതിനിടെ, ഐ.ജി എസ്.ശ്രീജിത്തിന്റേതെന്ന പേരില്‍ പുറത്ത് വന്ന ഫോള്‍ വലിയ വിമര്‍ശനം നേരിട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. ഐ ജി ഇ ജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ ശാസ്ത്രീയമായ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘം പെണ്‍കുട്ടി പീഡനത്തിനിരയായെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്‍ കോടതിയെ സമീപിച്ചത്.

Next Story