‘ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റ് ചെയ്തു,ഫയലില്‍ ഒപ്പിടുക മാത്രമാണുണ്ടായത്’; നിയമം പിണറായി വിജയന്റെ വഴിക്കാണെന്ന് രമേശ് ചെന്നിത്തല
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മൊബിലൈസേഷന് അഡ്വാന്‍സ് കൊടുക്കുന്നത് ആദ്യത്തെ സംഭവമാണോയെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് മൊബിലൈസേഷന് അഡ്വാന്‍സ് കൊടുത്തിട്ടില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ‘വികെ ഇബ്രാഹിംകുഞ്ഞ് ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്. ആര്‍ഡിഎസ് എന്ന കമ്പനി ഈ സര്‍ക്കാരിന്റെ കാലത്തും പ്രവര്‍ത്തിച്ചു വരികയല്ലേ. പാലാരിവട്ടം പാലത്തില്‍ ലോ […]

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മൊബിലൈസേഷന് അഡ്വാന്‍സ് കൊടുക്കുന്നത് ആദ്യത്തെ സംഭവമാണോയെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് മൊബിലൈസേഷന് അഡ്വാന്‍സ് കൊടുത്തിട്ടില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
‘വികെ ഇബ്രാഹിംകുഞ്ഞ് ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്. ആര്‍ഡിഎസ് എന്ന കമ്പനി ഈ സര്‍ക്കാരിന്റെ കാലത്തും പ്രവര്‍ത്തിച്ചു വരികയല്ലേ. പാലാരിവട്ടം പാലത്തില്‍ ലോ ടെസ്റ്റ് നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അത് നടത്താതെ സുപ്രീം കോടതിയില്‍ പോയി. ലോ ടെസ്റ്റ് നടത്താതെ അഴിമതി കേസില്‍ പാലാരിവട്ടം അവിമതിയുണ്ടെന്ന് വരുത്തി തീര്‍ത്ത് വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നുവെന്നും’രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്യുമെന്ന്് നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രേരിതമായി ദുഷ്ടലാക്കോടുകൂടി യുഡിഎഫ് എംഎല്‍എമാരെ കേസില്‍ കുടുക്കി അപമാനിക്കാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ താങ്കള്‍ നേരിടുന്ന കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ നടത്തിയ അറസ്റ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സര്‍ക്കാര്‍ കാലത്താണ് പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണി പൂര്‍ത്തിയാക്കിയത്. അപ്പോള്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകാതെ പിണറായി വിജയന്റെ വഴിക്കാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റേയും പ്രതികരണം.അറസ്റ്റ് അനവസരത്തിലുള്ളതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെതിരായ കേസില്‍ അന്വേഷണം നേരത്തെ പൂര്‍ത്തിയായതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് ബാലന്‍സ് ചെയ്യാന്‍ സര്‍ക്കാര്‍ കളിക്കുന്ന നാടകമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ഇന്നലെ രാത്രി 7 ഓടെയായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ചികിത്സ തുടരും.
ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നാണ് ലേക്ക്‌ഷോര്‍ ആശുപത്രി ഡോക്ടര്‍ വ്യക്തമാക്കിയത്. ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുന്ന ഡോക്ടര്‍ ഗംഗാധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇബ്രാഹിം കുഞ്ഞിനെ പുറത്ത് കൊണ്ട് പോയാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍ പ്രതികരിച്ചു.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടര്‍മാരും വിജിലന്‍സ് സംഘവും കൂടിക്കാഴ്ച നടത്തിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.