Top

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും; ഇത് സന്തോഷ മുഹൂര്‍ത്തമെന്ന് ഇ ശ്രീധരന്‍

ശനിയാഴ്ച്ച മുതല്‍ പാലം ഗതാഗതത്തിനായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ വിലയിരുത്തല്‍.

3 March 2021 11:22 PM GMT

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും; ഇത് സന്തോഷ മുഹൂര്‍ത്തമെന്ന് ഇ ശ്രീധരന്‍
X

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെ പരിശോധന റിപ്പോര്‍ട്ട് ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് വിലയിരുത്തിയതിനുശേഷം പൊതുമരാമത്ത് വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ പുനര്‍നിര്‍മ്മാണം കഴിഞ്ഞ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകും. ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തിലാണ് അവസാനഘട്ട പരിശോധനകള്‍ നടന്നത്.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും ഇത് സന്തോഷ മുഹൂര്‍ത്തമാണെന്നും അവസാനഘട്ട പരിശോധനകള്‍ക്കുശേഷം ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേക നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച്ച മുതല്‍ പാലം ഗതാഗതത്തിനായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ വിലയിരുത്തല്‍.

കഴിഞ്ഞമാസം 27നാണ് ഭാരപരിശോധന ആരംഭിച്ചത്. പാലത്തിന്റെ 35 മീറ്ററിന്റേയും 22 മീറ്ററിന്റേയും സ്പാനറുകളിലാണ് ഭാരപരിശോധന നടന്നത്. രണ്ട് ഘട്ടങ്ങളിലായി ഭാരപരിശോധന നാല് ദിവസത്തോളം നീണ്ടുനില്‍ക്കുകയായിരുന്നു. ഒന്‍പത് മാസത്തിനുള്ളില്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് 5 മാസവും 10 ദിവസവും കൊണ്ട് പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലാരിവട്ടം ബൈപ്പാസില്‍ ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവായിരുന്നു. പറഞ്ഞതിലും നേരത്തെ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായത് പൊതുജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായി.

Next Story