Top

ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി

കേസിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു.

19 July 2021 12:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി
X

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വികെ ഇബ്രാഹിം കുഞ്ഞിന് ആശ്വാസം. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവുകള്‍ അനുവദിച്ചു. ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ടുപോകാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു.

കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിയുമായി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ വര്‍ഷമാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ജനുവരി മാസത്തിലാണ് കര്‍ശന വ്യവസ്ഥകളോടെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കപ്പെട്ടത്.

പാലാരിവട്ടം പാലം അഴിമതികേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Next Story