ഗതാഗത കുരുക്കിന് വിരാമം, പാലാരിവട്ടം പാലം ജനങ്ങള്‍ക്കായി തുറന്നു; ആദ്യ യാത്രക്കാരനായി സുധാകരന്
കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പരിപാടികളൊന്നും ഇല്ലാതെയായിരുന്നു പാലം തുറന്നുനല്‍കിയത്. ആദ്യ യാത്രക്കാരനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പാലത്തിലൂടെ കടന്നു പോയി. പാലം തുറക്കുന്നതിന് സാക്ഷിയാകുവന് ഡിഎംആര്‍സി ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. മന്ത്രിയുടെ യാത്രയ്ക്ക് പിന്നാലെ സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അറിയിച്ച് സിപി ഐഎം പ്രവപര്‍ത്തകര്‍ പാലത്തിലൂടെ പ്രകടനം നടത്തി. എല്‍ഡിഎഫിന് പിന്നാലെ മെട്രോമാന് ഇ […]

കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പരിപാടികളൊന്നും ഇല്ലാതെയായിരുന്നു പാലം തുറന്നുനല്‍കിയത്. ആദ്യ യാത്രക്കാരനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പാലത്തിലൂടെ കടന്നു പോയി. പാലം തുറക്കുന്നതിന് സാക്ഷിയാകുവന് ഡിഎംആര്‍സി ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു.
മന്ത്രിയുടെ യാത്രയ്ക്ക് പിന്നാലെ സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അറിയിച്ച് സിപി ഐഎം പ്രവപര്‍ത്തകര്‍ പാലത്തിലൂടെ പ്രകടനം നടത്തി. എല്‍ഡിഎഫിന് പിന്നാലെ മെട്രോമാന് ഇ ശ്രീധരന് അഭിവാദനമറിയിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.
നിലവില്‍ കൊച്ചിയിലെ നാല് മേല്‍പ്പാലങ്ങളും ഗതാഗതയോഗ്യമായ സാഹചര്യത്തില്‍ അത് കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. ഇടപ്പള്ളി, കുണ്ടന്നൂര്‍, വൈറ്റില, പാലരിവട്ടം മേല്‍പ്പാലങ്ങള്‍ ഇനിമുതല്‍ യാത്രക്കാരെ ദുരിതത്തിലാക്കില്ലെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി 2016ല്‍ ആദ്യം ഇടപ്പള്ളി മേല്‍പ്പാലവും പിന്നീട് പാലാരിവട്ടം മേല്‍പ്പാലവും തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് പാലാരിവട്ടം പാലത്തില്‍ വിള്ളലുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലം പുനര്‍നിര്‍മ്മിക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്ക് തുറന്നുനല്കിയതില് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ഈ നാടിന്റെ വികസനത്തിനായി, ഈ സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാല്ക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്‍വം നന്ദി പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ കരുത്തും ത്യാഗവുമാണ് കേരളത്തിന്റെ ഉറപ്പെന്നും ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള് സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.