Top

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി പീഢിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതിയുമായി അമ്മ

മയക്കുമരുന്ന് നല്‍കി അതിന് അടിമയാക്കിയശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതി കുട്ടിയ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

7 July 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി പീഢിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതിയുമായി അമ്മ
X

പാലക്കാട് പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയായി പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഢിപ്പിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ അമ്മയാണ് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനവും ജോലി തരാമെന്ന ഉറപ്പും നല്‍കിയശേഷം തുടര്‍ച്ചയായി മയക്കുമരുന്നുനല്‍കി ദിവസങ്ങളോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് അമ്മയുടെ പരാതി. അമിതമായ മയക്കുമരുന്ന് ഉപയോഗവും ലൈംഗികപീഡനവുംമൂലം കുട്ടിയുടെ ആരോഗ്യനില തകരാറിലാണെന്നും കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അമ്മ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച 25കാരനായ പ്രതിയെക്കുറിച്ച് അമ്മ വിവരം നല്‍കിയിട്ടുണ്ട്.

മയക്കുമരുന്ന് നല്‍കി അതിന് അടിമയാക്കിയശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതി കുട്ടിയ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍മാസം അവസാനമാണ് സംഭവം നടക്കുന്നത്. ജോലിയുടെ ആവശ്യത്തിന് എന്നുപറഞ്ഞ് കുട്ടിയെ ഇയാള്‍ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുപോയെന്നും ദിവസങ്ങളോളം പീഢിപ്പിച്ചെന്നും അമ്മ പറയുന്നു. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. പോലീസ് മേധാവി പാലക്കാട് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ക്ക് പുറമേ പ്രതി കുട്ടിക്ക് നിരന്തരം കഞ്ചാവ് നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.

Next Story