ഷാഫി പറമ്പിലിനെതിരെ നിതിന്‍ കണിച്ചേരിയുടെ പേര്; മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസോ എംബി രാജേഷോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആവും
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ തന്നെ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍ ജില്ല പഞ്ചായത്തംഗം നിതിന്‍ കണിച്ചേരിയുടെ പേരാണ് ഇടത് സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസിന്റെയും എംബി രാജേഷിന്റെയും പേരുകളാണ് ഇപ്പോള്‍ എല്‍ഡിഎഫ് നിരയില്‍ ചര്‍ച്ചകളിലുള്ളത്. നേരത്തെ കേട്ടിരുന്ന എ പ്രഭാകരന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ഗോകുല്‍ ദാസിന്റെയും പേരുകള്‍ ഇപ്പോള്‍ ചര്‍ച്ചകളിലില്ല. നെന്മാറയിലും ആലത്തൂരും സിറ്റിങ് എംഎല്‍എമാരെ തന്നെ […]

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ തന്നെ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍ ജില്ല പഞ്ചായത്തംഗം നിതിന്‍ കണിച്ചേരിയുടെ പേരാണ് ഇടത് സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസിന്റെയും എംബി രാജേഷിന്റെയും പേരുകളാണ് ഇപ്പോള്‍ എല്‍ഡിഎഫ് നിരയില്‍ ചര്‍ച്ചകളിലുള്ളത്. നേരത്തെ കേട്ടിരുന്ന എ പ്രഭാകരന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ഗോകുല്‍ ദാസിന്റെയും പേരുകള്‍ ഇപ്പോള്‍ ചര്‍ച്ചകളിലില്ല.
നെന്മാറയിലും ആലത്തൂരും സിറ്റിങ് എംഎല്‍എമാരെ തന്നെ എല്‍ഡിഎഫ് രംഗത്തിറക്കും. കെ ബാബുവും കെഡി പ്രസേനനും തന്നെ മത്സരിക്കും. കോങ്ങാട് ഡിവൈഎഫ്ഐ ജില്ല ഭാരവാഹി വിപി സുമോദിന്റെ പേരാണ് ചര്‍ച്ചകളില്‍ മുമ്പില്‍.
വി ഫോര്‍ പട്ടാമ്പി നേതാവ് ടിപി ഷാജിയെയാണ് സിപിഐഎം ഇപ്പോള്‍ തൃത്താലയിലേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ടിപി ഷാജി ഇപ്പോള്‍ പാര്‍ട്ടി വിട്ട് വി ഫോര്‍ പട്ടാമ്പി എന്ന സംഘടന രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
വി ഫോര്‍ പട്ടാമ്പിയും എല്‍ഡിഎഫും ഒരുമിച്ചാണ് പട്ടാമ്പി നഗരസഭയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഷാജിയടക്കമുള്ളവര്‍ വിജയിച്ചു കയറുകയും നഗരസഭ ഭരണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നഗരസഭ വൈസ് ചെയര്‍മാനാണ് ഷാജിയിപ്പോള്‍. മുന്‍ കോണ്‍ഗ്രസ് നേതാവായ ഷാജിക്ക് കോണ്‍ഗ്രസ് വോട്ടുകളടക്കം തൃത്താലയില്‍ നേടാനാവും എന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
പട്ടാമ്പിയില്‍ സിറ്റിങ് എംഎല്‍എ മുഹമ്മദ് മുഹ്സിന് തന്നെ മത്സരിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപി മുഹമ്മദ്, മുന്‍ നഗരസഭ ചെയര്മാന് കെഎസ്ബിഎ തങ്ങള്‍ എന്നിവരുടെ പേരാണ് ഉയരുന്നത്.