പാലക്കാടും എല്‍ഡിഎഫ് പട്ടികയായി; മൂന്നുപേരൊഴികെ എല്ലാവരും പുതുമുഖങ്ങള്‍
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഐഎം 21 സീറ്റിലും സിപിഐ അഞ്ചിടങ്ങളിലുമാണ് മത്സരിക്കുന്നത്. ജെഡിഎസിന് രണ്ടും ജോസ് കെ മാണി ഗ്രൂപ്പിനും എന്‍സിപിക്കും ഓരോ സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. നഗരസഭയിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചിട്ടില്ല. കേവല ഭൂരിപക്ഷമില്ലാതെ ബിജെപിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും പാലക്കാട് നഗരസഭ ഭരിച്ചത്. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരെയെല്ലാം യുഡിഎഫും സിപിഐഎമ്മും ചേര്‍ന്ന് പുറത്താക്കിയെങ്കിലും നഗര സഭ ചെയര്‍പേഴ്സണെയും […]

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഐഎം 21 സീറ്റിലും സിപിഐ അഞ്ചിടങ്ങളിലുമാണ് മത്സരിക്കുന്നത്. ജെഡിഎസിന് രണ്ടും ജോസ് കെ മാണി ഗ്രൂപ്പിനും എന്‍സിപിക്കും ഓരോ സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.
പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്.
നഗരസഭയിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചിട്ടില്ല. കേവല ഭൂരിപക്ഷമില്ലാതെ ബിജെപിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും പാലക്കാട് നഗരസഭ ഭരിച്ചത്. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരെയെല്ലാം യുഡിഎഫും സിപിഐഎമ്മും ചേര്‍ന്ന് പുറത്താക്കിയെങ്കിലും നഗര സഭ ചെയര്‍പേഴ്സണെയും വൈസ് ചെയര്‍മാനെയും പുറത്താക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞിരുന്നില്ല. ഇക്കുറിയും അദ്ധ്യക്ഷയും വനിതാ സംവരണമാണ്.
52 അംഗ കൗണ്‍സിലിലേക്ക് 24 പേരെയാണ് ബിജെപിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. യുഡിഎഫിന് 17 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് ഒമ്പതും. വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും എല്‍ഡിഎഫിനോടൊപ്പമായിരുന്നു.
ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെ നഗരസഭ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. മുന്‍ എംഎല്‍എ ടികെ നൗഷാദിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നയിക്കാനാണ് എല്‍ഡിഎഫ് ശ്രമം. കഴിഞ്ഞ തവണയും നൗഷാദായിരുന്നു മുന്നണിയെ നയിച്ചതെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇക്കുറിയും നൗഷാദിനെ തന്നെ വിശ്വാസത്തിലെടുക്കാനാണ് എല്‍ഡിഎഫ് ആലോചന.
നഗരസഭയില്‍ മത്സരം യുഡിഎഫും ബിജെപിയും ആണ് എന്ന് വരുമ്പോള്‍ വോട്ടുകള്‍ ഇരുപാര്‍ട്ടികളിലായി വേര്‍തിരിയുകയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കുറി സംഘടന ശക്തി പരമാവധി ഉപയോഗിച്ച് ഈയവസ്ഥയെ മറികടക്കാനാണ് സിപിഐഎം തീരുമാനം. മുന്‍ എംപിമാരായ എംബി രാജേഷിനെയും എന്‍എന്‍ കൃഷ്ണദാസിനെയും നഗരസഭയില്‍ കേന്ദ്രീകരിപ്പിച്ചേക്കും.
17ല്‍ നിന്ന് സീറ്റുകള്‍ വര്‍ധിപ്പിച്ച് നഗരസഭയില്‍ അധികാരത്തിലെത്താനാണ് യുഡിഎഫ് നീക്കം. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കുന്ന നീക്കുപോക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍, പാലക്കാട് എംപി വികെ ശ്രീകണ്ഠനെയും നഗരസഭയിലെ പ്രചരണം നയിക്കാന്‍ യുഡിഎഫ് രംഗത്തിറക്കും.
നഗരസഭ ഭരണം കൈവിട്ടുപോകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബിജെപി. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ഭീഷണിയില്ലാതെ ഭരിക്കണം എന്നാണ് ബിജെപി ചിന്ത. നിലവില്‍ നഗരസഭ വൈസ് ചെയര്‍മാനും ബിജെപി വൈസ് ചെയര്‍മാനായ സി കൃഷ്ണകുമാറാകും ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിക്കുക.
- TAGS:
- LDF
- Local Body Election