Top

നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം; കാണാന്‍ കൂട്ടം ചേര്‍ന്നത് മൂവായിരത്തിലധികം ആളുകള്‍

ചടങ്ങ് കാണാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയതോടെയാണ് പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവച്ചതും സംഘാടകര്‍ക്കെതിരെ കേസെടുത്തതും.

24 April 2021 2:23 AM GMT

നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം; കാണാന്‍ കൂട്ടം ചേര്‍ന്നത് മൂവായിരത്തിലധികം ആളുകള്‍
X

പാലക്കാട് തത്തമംഗലം അങ്ങാടി വേലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം. 54 കുതിരകളുമായി ചിറ്റൂര്‍ തത്തമംഗലം അങ്ങാടിയില്‍ കുതിരയോട്ടം നടത്തുകയും മൂവായിരത്തിലധികം ആളുകള്‍ ചടങ്ങ് കാണാന്‍ തെരുവില്‍ ഒത്തുകൂടുകയും ചെയ്തു. പകല്‍ ഏഴുമണി മുതല്‍ എട്ടുമണിവരെയായിരുന്നു സംഭവം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് കണ്ടെത്തിയതോടെ എട്ടുമണിക്ക് പൊലീസ് പരിപാടി നിര്‍ത്തിവെയ്ക്കുകയും സംഘാടകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

വേട്ടക്കറുപ്പ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള അങ്ങാടിവേലയില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ചടങ്ങാണ് കുതിരയോട്ടം. ആറ് സമുദായങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട ചടങ്ങാണ് കുതിരയോട്ടം. സാധാരണ ഇരുന്നോളം കുതിരകളുമായി നടത്തുന്ന ചടങ്ങ് ഇത്തവണ പ്രതീകാത്മകമായി മാത്രമായിരിക്കും നടത്തുകയെന്നും സമുദായങ്ങള്‍ കുതിരകളെ കൊണ്ടുവന്ന് ക്ഷേത്രത്തെ വലം വെച്ച് പോകുമെന്നുമായിരുന്നു സംഘാടകര്‍ പൊലീസിനെ അറിയിച്ചിരുന്നത്.

ഇന്നും നാളെയുമായി സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനാല്‍ അത് അനുസരിച്ച് പരിപാടി നടത്തണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ മറികടന്ന് അങ്ങാടി വേലയുടെ കമ്മിറ്റിക്കാര്‍ രാവിലെ ആറുമണിക്ക് സംഘടിക്കുകയും ഏഴുമണി മുതല്‍ എട്ടുമണിവരെയുള്ള സമയത്ത് തത്തമംഗലം അങ്ങാടിയില്‍ കുതിരയോട്ടം നടത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.

ചടങ്ങ് കാണാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയതോടെയാണ് പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവച്ചതും സംഘാടകര്‍ക്കെതിരെ കേസെടുത്തതും. അതേസമയം, ചടങ്ങായി മാത്രം കുതിരയോട്ടം നടന്നാലും ജനങ്ങള്‍ ഒത്തുകൂടുമെന്ന് അറിഞ്ഞുവെച്ചാണ് പൊലീസ് അനുമതി നല്‍കിയതെന്നും കുതിരയോട്ടം നടക്കുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചുകൊടുത്തത് പൊലീസ് തന്നെയാണെന്നും ആരോപണമുണ്ട്.

ഏപ്രില്‍ 17 മുതല്‍ മെയ് 2 വരെ നടക്കുന്ന ഉത്സവത്തില്‍ കുതിരയോട്ടത്തിന് പുറമെ ആന എഴുന്നള്ളിപ്പുമുണ്ട്. ഊട്ടി, മൈസൂര്‍, ആന്ധ്ര, മധുര എന്നിവിടങ്ങളില്‍ നിന്നുവരെയാണ് ചടങ്ങിനായി ആളുകള്‍ എത്താറുള്ളത്. എന്നാല്‍ ഈ ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നായിരുന്നു പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നിര്‍ദ്ദേശം.

Also Read: ‘ഹൽദി’ക്ക് അവധി ലഭിച്ചില്ല; സ്റ്റേഷനിൽ ചടങ്ങ്‌ നടത്തി പൊലീസുകാർ

Next Story