Top

മാണിമാരുടെ പാലയില്‍ തോറ്റവരും തോല്‍പ്പിച്ചവും ‘തല്‍ക്കാലം’ ഒന്നിച്ച്; ഫോര്‍മുല മാറിയാല്‍ ചരിത്രവും മാറും

സിറ്റിംഗ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി ഉറപ്പിച്ച് വ്യക്തമാക്കുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി സീറ്റ് ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം

25 Jan 2021 1:33 AM GMT
അനുപമ ശ്രീദേവി

മാണിമാരുടെ പാലയില്‍ തോറ്റവരും തോല്‍പ്പിച്ചവും ‘തല്‍ക്കാലം’ ഒന്നിച്ച്; ഫോര്‍മുല മാറിയാല്‍ ചരിത്രവും മാറും
X

പ്രാദേശിക രാഷ്ട്രീയത്തിലെ സുപ്രധാന മുന്നേറ്റമായി കേരള രാഷ്ട്രീയത്തിലേത്ത് കടന്നുവന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രധാന ശക്തികേന്ദ്രമാണ് പാലാ മണ്ഡലം. അമ്പത് വര്‍ഷത്തിലധികം കെ എം മാണിയെ നിയമസഭയിലേക്കയച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ കൈവിട്ടതോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞത്. കെ എം മാണിയുടെ പ്രഭാവത്താന്‍ മുന്നണി വ്യത്യാസമില്ലാതെ കേരള രാഷ്ട്രീയത്തെ സ്വധീനിച്ചിരുന്ന കേരള കോണ്‍ഗ്രസില്‍ അതിനുശേഷമുണ്ടായ പിളര്‍പ്പും ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റവുമെല്ലാം സൃഷ്ടിച്ച രാഷ്ട്രീയ കാലാവസ്ഥയിലാണ് പാലാ 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

അരനൂറ്റാണ്ടിലധികം കാലം ഒരേ വ്യക്തിയെ നിയമസഭയിലേക്കയച്ച അപൂര്‍വ്വം ചില മണ്ഡലങ്ങളിലൊന്നാണ് പാലാ. 1967-ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 2016 – ലെ തെരഞ്ഞെടുപ്പു വരെയുള്ള 12 ടേമാണ് മണ്ഡലം മാണിക്കൊപ്പം നിന്നത്. ഇതിനിടെ ഇരു മുന്നണികളുടെയും ഭാഗമായി അദ്ദേഹവും പാര്‍ട്ടിയും പ്രവര്‍ത്തിക്കുകയും മന്ത്രിസഭകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 1892 വരെ കേരള കോണ്‍ഗ്രസിന്റെ ബാനറില്‍ നിന്ന് മത്സരിച്ചിരുന്ന കെ എം മാണി 1987 തെരഞ്ഞെടുപ്പുമുതലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗമായി മത്സരത്തിനിറങ്ങുന്നത്. 2001 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. പക്ഷേ 2006-ലെ തെരഞ്ഞെടുപ്പുമുതല്‍ ഈ കാലാവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി.

ആ വര്‍ഷം മുതലാണ് എന്‍സിപിയുടെ മാണി സി കാപ്പന്‍ കെ എം മാണിക്ക് എതിരാളിയായി മണ്ഡലത്തിലെത്തിയതും. 2011-ലെ തെരഞ്ഞെടുപ്പില്‍ 7759 വോട്ടുകളിലേക്ക് ഇടിഞ്ഞ മാണിയുടെ ഭൂരിപക്ഷം 2011 എത്തിയപ്പോള്‍ 5259 ലേക്കും 2016 തെരഞ്ഞെടുപ്പില്‍ 4703 വോട്ടുകളിലേക്കും കുറഞ്ഞിരുന്നു. ഇക്കാലയളിവില്‍ കെ എം മാണിക്കെതിരെ ബാര്‍കോഴ ആരോപണമടക്കം ഉയരുകയും അദ്ദേഹത്തിന്റെ ബജറ്റവതരത്തില്‍ നിയമസഭ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പ്രക്ഷുബ്ദമാവുകയും ചെയ്തിരുന്നു.

2019 ഏപ്രിലില്‍ അദ്ദേഹം മരണപ്പെടുകയും പാര്‍ട്ടിയെ ചൊല്ലിയും മണ്ഡലത്തെ ചൊല്ലിയും തര്‍ക്കം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു 2019-ലെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വിജയിച്ചു. ആ തെരഞ്ഞെടുപ്പിലാണ് മണ്ഡലം ചരിത്രത്തിലാദ്യമായി ഒരു കേരള കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയെ പാലാ തെരഞ്ഞെടുക്കുന്നത്.

അന്നുവരെ പിളര്‍ന്ന് വളര്‍ന്നുകൊണ്ടിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പല വിഭാഗങ്ങളായാണ് നിലനിന്നിരുന്നതെങ്കിലും മാണിയുടെ മരണം വരെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കൂടെനിര്‍ത്തിയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ഐക്യമുന്നണിക്കൊപ്പം നിന്നിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം അധ്യക്ഷ സ്ഥാനമടക്കമുള്ള വിഷയത്തില്‍ കേരള കോണ്‍ഗ്രസില്‍ ആരംഭിച്ച തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിലെത്തിച്ചത്. ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ രണ്ടായി തിരിഞ്ഞ തര്‍ക്കം കോടതിവരെയെത്തുകയും ജോസ് കെ മാണി വിഭാഗത്തിന്റെ പാര്‍ട്ടി യഥാര്‍ഥ കേരള കോണ്‍ഗ്രസ് എമ്മായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അതോടെ കഴിഞ്ഞ തവണ അഴിമതിയാരോപണം നടത്തി എല്‍ഡിഎഫ് കടന്നാക്രമിച്ച കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തായി.

എന്നാല്‍ പുതിയ സഖ്യത്തിന്റെ പിന്തുണയും മണ്ഡലവും തങ്ങളുടെ കൈയ്യിലുണ്ടായിട്ടും ഇടതുപക്ഷത്തിന് ഇത്തവണ അത്ര എളുപ്പത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കടന്നുപോകാവുന്ന അവസ്ഥയല്ലയുള്ളത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കെല്ലാം ഏറെ മുന്‍പ് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റഘട്ടത്തില്‍ തന്നെ പാല സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചതാണ്. സിറ്റിംഗ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി ഉറപ്പിച്ച് വ്യക്തമാക്കുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി സീറ്റ് ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. ഇതിനിടെ എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി മാറാന്‍ നീക്കം നടത്തുന്നു എന്നതും മുന്നണിക്ക് ഭീഷണിയായി നില്‍ക്കുന്നു. അതോടെ 2019-ലെ ജോസഫ്- ജോസ് കെ മാണി ഏറ്റുമുട്ടല്‍ അന്ന് കേരള കോണ്‍ഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ച അനുഭവം ഇടതുമുന്നണിക്ക് മുന്നില്‍ മുന്നറിയിപ്പായി നില്‍ക്കുകയാണ്.

കുട്ടനാട് സീറ്റ് മാണി സി കാപ്പന് നല്‍കി പ്രശ്‌നപരിഹാരം നടത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ മാണി സി കാപ്പന്‍ അത് പരസ്യമായി തള്ളി. കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചെങ്കിലും കുട്ടനാടും മുട്ടനാടും വേണ്ടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ കെ എം മാണിയുടെ മണ്ഡലം തങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നും കേരള കോണ്‍ഗ്രസിന് തന്നെ വേണമെന്നും ജോസ് കെ മാണിയും അറിയിച്ചിട്ടുണ്ട്.

യുഡിഎഫിലേക്ക് പോകില്ലെന്നും തനിക്കവകാശപ്പെട്ട സീറ്റ് നല്‍കണമെന്നും മാണി സി കാപ്പന്‍ ആവര്‍ത്തിക്കുമ്പോഴും എം പി സ്ഥാനം രാജിവെച്ച് ജോസ് കെ മാണി എത്തിയിരിക്കുന്നത് പാല ഉന്നം വെച്ചാണെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇതോടെ മണ്ഡലം ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ എല്‍ഡിഎഫിനുമേല്‍ സമ്മര്‍ദ്ദമാരംഭിച്ചിരിക്കുകയാണ് ഇരുപാര്‍ട്ടികളും. എന്നാല്‍ നിലപാട് വ്യക്തമാക്കുന്നതോടെ മുന്നണിക്കുള്ളില്‍ ആരംഭിക്കാനിരിക്കുന്ന അസ്വസ്ഥതകളെ നേരിടുക എന്ന വെല്ലുവിളി ഇടതുമുന്നണിയുടെ തലയ്ക്കുമേലിരിക്കുകയാണ്.

ഇതിനിടെ പാല മണ്ഡലത്തില്‍ മത്സരിക്കാന്‍ താനുമുണ്ടെന്ന പ്രഖ്യാപനവുമായി പി സി ജോര്‍ജും രംഗത്തെത്തിയിരുന്നു. യുഡിഎഫിലേക്കുപോകുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അങ്ങനെപോവുകയാണെങ്കില്‍ പാല മണ്ഡലത്തിലേക്കായിരിക്കുമെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. എന്നാല്‍ പി സി ജോര്‍ജിന്റെ മുന്നണി പ്രവേശം എതിര്‍ത്ത് കോണ്‍ഗ്രസിനകത്ത് പ്രതിഷേധങ്ങളുയരുമെന്നത് ഈ നീക്കത്തെ തടയുന്നെന്നാണ് സൂചനകള്‍.

Next Story