Pakistan vs South Africa

ദക്ഷിണാഫ്രിക്കയെ വരിഞ്ഞു പിടിച്ച് പാക് ബൗളര്‍മാര്‍; അഞ്ച് വിക്കറ്റുകള്‍ വീണു

പാകിസ്ഥാനെതിരായ മൂന്നാം ഏകദിവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. 320 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 37 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ്. ഒരുഘട്ടത്തില്‍ അഞ്ചിന് 140 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ കെയിലും ആന്‍ഡൈലും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. 29 റണ്‍സുമായി ആന്‍ഡൈലും 44 റണ്‍സുമായി കെയിലുമാണ് ക്രീസിലുള്ളത്. ഓപ്പണര്‍ മലാന്‍ 81 പന്തില്‍ 70 റണ്‍സെടുത്തു. പാകിസ്ഥാന് വേണ്ടി മുഹമ്മജ് നവാസ് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ നിശ്ചിത 50 ഓവറില്‍ പാകിസ്ഥാന്‍ 320 റണ്‍സെടുത്തിരുന്നു. സെഞ്ച്വറി നേടിയ ഫഖര്‍ സമാന്‍ (101), 94 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസമുമാണ് പാക് ഇന്നിംഗ്‌സിന്റെ നെടുതൂണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുക്കെട്ടുണ്ടാക്കിയ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ മുന്നേറി. എന്നാല്‍ ആറാമത്തെ ബൗളറായി കേശവ് മഹാരാജിനെ കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബഹുമയുടെ തന്ത്രം വിജയിച്ചു. 57 റണ്‍സെടുത്ത ഇമാമുള്‍ ഹഖാണ് കേശവിന് മുന്നില്‍ ആദ്യം വീഴുന്നത്.

രണ്ടാം വിക്കറ്റിലും പാകിസ്ഥാന്‍ 90 റണ്‍സിലധികം കൂട്ടുക്കെട്ടുണ്ടാക്കി. ഈ സമയങ്ങളില്‍ ക്രീസിലുള്ള ബാറ്റ്‌സ്മാന്മാര്‍ കേശവിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഫഖര്‍ സമാന്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ കേശവ് പുറത്താക്കി. പിന്നാലെ മുഹമ്മദ് റിസ്വാനെ കൂടെ പുറത്താക്കിയ കേശവ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് ഒരുവശത്ത് നിന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റു വീണു.

പാക് സ്്‌കോര്‍ 300 കടക്കില്ലെന്ന് തോന്നിച്ച ഘട്ടത്തില്‍ നായകന്‍ ബാബര്‍ അസം ശൈലി മാറ്റി ആക്രമണ ബാറ്റിംഗ് പുറത്തെടുത്തു. 3 സിക്‌സും 7 ബൗണ്ടറികളും ഉള്‍പ്പെടെ 94 റണ്‍സെടുത്ത നായകന്‍ ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് പുറത്താവുന്നത്. വാലറ്റത്ത് കൂറ്റനടികളുമായി ഹസന്‍ അലിയും കൂടി ഫോമിലേക്ക് ഉയര്‍ന്നതോടെ പാക് സ്‌കോര്‍ മൂന്നൂറ് കടന്നു. പതിനൊന്ന് പന്ത് 4 സിക്‌സും ഒരു ബൗണ്ടറിയും നേടിയ ഹസന്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഐയ്ഡന്‍ മാര്‍ക്രം 2 വിക്കറ്റെടുത്തു. മാര്‍ക്രവും കേശവും മാത്രമാണ് ബൗളിംഗ് നിരയില്‍ പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയത്. 7 ബൗളര്‍മാരെയാണ് ബവുമ ഇന്ന് പരീക്ഷിച്ചത്.

Latest News