‘സിനിമാ സ്‌റ്റൈല്‍ തൊഴല്‍; സ്‌ക്രീനില്‍ നിന്നിറങ്ങി എന്തോ കാണിച്ചുതരുമെന്ന തോന്നലില്‍ വോട്ട് പോയി’; ആക്ഷന്‍ ഹീറോകള്‍ ജീവിതത്തില്‍ എങ്ങനെയാണെന്ന് ജനം പഠിക്കണമെന്ന് പത്മജ
ജനമനസില്‍ ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപി സ്‌ക്രീനില്‍ നിന്നിറങ്ങി വന്ന് എന്തോ കാണിച്ചുതരുമെന്ന തോന്നലിലാണ് തനിക്കുള്ള കുറെ വോട്ട് പോയതെന്ന് പത്മജ വേണുഗോപാല്‍.തൃശൂരിലെത്തിയ സുരേഷ് ഗോപി ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമാ സ്റ്റൈല്‍ തൊഴലുകളാണ് നടത്തിയത്. ജനങ്ങളിലും പലര്‍ക്കും സിനിമയാണ് ജീവിതമെന്ന തോന്നലുണ്ടെന്നും പത്മജ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പത്മജ പറഞ്ഞത്: ”സുരേഷ് ഗോപി വന്നപ്പോഴുണ്ടായ ആര്‍ഭാടവും ബഹളവും കണ്ടപ്പോള്‍ ജനം അതില്‍ ആകര്‍ഷിക്കപ്പെട്ടു. സിനിമാ സ്‌റ്റൈല്‍ തൊഴലായിരുന്നു അദ്ദേഹത്തിന്റേത്. നമ്മുടെ ജനങ്ങളിലും പലര്‍ക്കും […]
5 Jun 2021 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനമനസില്‍ ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപി സ്‌ക്രീനില്‍ നിന്നിറങ്ങി വന്ന് എന്തോ കാണിച്ചുതരുമെന്ന തോന്നലിലാണ് തനിക്കുള്ള കുറെ വോട്ട് പോയതെന്ന് പത്മജ വേണുഗോപാല്‍.
തൃശൂരിലെത്തിയ സുരേഷ് ഗോപി ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമാ സ്റ്റൈല്‍ തൊഴലുകളാണ് നടത്തിയത്. ജനങ്ങളിലും പലര്‍ക്കും സിനിമയാണ് ജീവിതമെന്ന തോന്നലുണ്ടെന്നും പത്മജ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.
പത്മജ പറഞ്ഞത്: ”സുരേഷ് ഗോപി വന്നപ്പോഴുണ്ടായ ആര്‍ഭാടവും ബഹളവും കണ്ടപ്പോള്‍ ജനം അതില്‍ ആകര്‍ഷിക്കപ്പെട്ടു. സിനിമാ സ്‌റ്റൈല്‍ തൊഴലായിരുന്നു അദ്ദേഹത്തിന്റേത്. നമ്മുടെ ജനങ്ങളിലും പലര്‍ക്കും സിനിമയാണ് ജീവിതമെന്ന തോന്നലുണ്ട്. സുരേഷ് ഗോപി സിനിമയില്‍ നിന്നിറങ്ങി വന്ന് എന്തോ സാധിച്ച് തരുമെന്ന തോന്നലിലാണ് എന്റെ കുറെ വോട്ട് പോയത്. സ്വന്തം കൈയില്‍ നിന്ന് ഒരു കോടിയെടുത്ത് ശക്തന്‍ മാര്‍ക്കറ്റ് നന്നാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പാവങ്ങളായ ജനങ്ങള്‍ അത് വിശ്വസിച്ചു. താരങ്ങളോട് വീരാരാധനയുണ്ട് ജനങ്ങള്‍ക്ക്. ആക്ഷന്‍ ഹീറോകളാണ് അവരുടെ മനസില്‍. എന്നാല്‍ സാധാരണജനങ്ങളിലേക്ക് വരുമ്പോള്‍ അവര്‍ എങ്ങനെയാണെന്ന് ജനങ്ങള്‍ പഠിക്കണം. ഇതെല്ലാം ആളുകളുടെ ആരാധന മനോഭാവമാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. പലര്‍ക്കും ആകെയുള്ള മനസുഖം സിനിമയാണ്. സ്വാഭാവികമാണത്. എന്നാല്‍ ഹീറോകള്‍ക്ക് നമ്മളെ സംരക്ഷിക്കാന്‍ പറ്റുമോന്ന് അവര്‍ നോക്കുന്നില്ല. അവരും നമ്മളെ പോലെ പൗന്‍മാരാണ്.”
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ സുരേന്ദ്രനും സുരേഷ് ഗോപിയും മാത്രമാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ചത്. സുരേഷ് ഗോപി നോമിനേഷന്‍ കൊടുക്കാനും തിരിച്ചുപോയതും വോട്ടെണ്ണലിന് മണ്ഡലത്തില്‍ വന്നതും ഹെലികോപ്ടറിലാണ്. ഇതിനെല്ലാം ചിലവാക്കിയ ലക്ഷക്കണക്കിന് രൂപയ്ക്ക് കണക്കുണ്ടോയെന്നും ആ പണമെല്ലാം എവിടെ നിന്നാണ് വന്നതെന്നും പത്മജ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ചോദിച്ചു.
പത്മജ വേണുഗോപാല്‍ പറയുന്നു: ”നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പണം ഇറക്കിയത് തൃശൂര്‍ മണ്ഡലത്തിലാണ്.കെ സുരേന്ദ്രനും സുരേഷ് ഗോപിയും മാത്രമാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ചതെന്നാണ് എന്റെ അറിവ്. സുരേഷ് ഗോപി നോമിനേഷന്‍ കൊടുക്കാനും തിരിച്ചുപോയതും വോട്ടെണ്ണലിന് വന്നതും ഹെലികോപ്ടറിലാണ്. കാര്‍ ഉപയോഗിച്ചാല്‍ പോരെ. ഹെലികോപ്ടറില്‍ പണം കടത്തി കൂടായെന്നില്ല. ബിജെപി ഏറ്റവും കൂടുതല്‍ പണം ഇറക്കിയത് തൃശൂര്‍ ജില്ലയിലാണ്. പണത്തിന്റെ ധാരാളിത്തമായിരുന്നു മണ്ഡലത്തില്‍. പോസ്റ്ററുകളും രഥങ്ങളും തയ്യാറാക്കുന്നതിന് നിരവധി പണമാണ് അവര്‍ ചിലവഴിച്ചത്. നിരവധി രഥങ്ങളായിരുന്നു ഉപയോഗിക്കാതെ ഉപേക്ഷിച്ചത്. പലരീതിയില്‍ നിരവധി പണം അവര്‍ ഉപയോഗശൂന്യമാക്കി. പണത്തിന്റെ കുത്തൊഴുക്കായിരുന്നു മണ്ഡലത്തില്‍. കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ ഇതെല്ലാം പറയുന്നത് ദേഷ്യം കൊണ്ടാണെന്ന്. എനിക്ക് സത്യം അറിയണം. ഞാനിന്ന് വരെ ആരോടും വിദ്വേഷത്തോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ഇതെല്ലാം കണ്ണില്‍ കാണുന്നതാണ്. എങ്ങനെയാണ് പറയാതിരിക്കുക. സുരേഷ് ഗോപിയുടെ പോസ്റ്റുകള്‍ കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്..”
”വോട്ടിനായി പലര്‍ക്കും നല്ലരീതിയില്‍ അവര്‍ പണവും ഓഫര്‍ ചെയ്തിട്ടുണ്ട്. ഇതിനൊക്കെ എവിടെ നിന്നാണ് പണം. എവിടെ നിന്ന് വന്നു, എവിടെയൊക്കെ പോയി. കെ സുരേന്ദ്രന്‍ ഒരു പാര്‍ട്ടി അധ്യക്ഷന്‍ മാത്രമാണ്. അങ്ങനെയൊരാള്‍ എന്തിനാണ് കോന്നിയില്‍ നിന്ന് മഞ്ചേശ്വരത്ത് പോകാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചത്. ഒരു സ്ഥാനാര്‍ത്ഥി ഇത്രയും പണം മാത്രമേ ചിലവാക്കാന്‍ പാടുള്ളൂ എന്നുണ്ട്. സുരേഷ് ഗോപി ഹെലികോപ്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ച ലക്ഷങ്ങളുടെ കണക്കുകള്‍ കാണിച്ചിട്ടുണ്ടോ. എല്ലാം അന്വേഷിക്കണം. ഇത് സംബന്ധിച്ച രേഖകള്‍ ഞാന്‍ എടുക്കാന്‍ പോകുകയാണ്. എനിക്ക് അറിയണം കാര്യങ്ങള്‍. കേസ് പൊലീസ് അന്വേഷിക്കട്ടെ. എന്നിട്ട് നോക്കാം. ആവശ്യം വന്നാല്‍, അന്വേഷണം ശരിയായി പോകുമെങ്കില്‍ പരാതി നല്‍കും. കേസ് മുങ്ങി പോകുമോയെന്ന് സംശയമുണ്ട്. അന്തര്‍ധാര സജീവമാണ്. ”