Top

‘500 രൂപയുടെ സാരിയുടുത്താല്‍ അയ്യായിരത്തിന്റേതെന്ന് പറയുമായിരുന്നു, തോല്‍പ്പിച്ചത് തെറ്റിദ്ധാരണകള്‍’; മത്സരിക്കുന്നുണ്ടെങ്കില്‍ തൃശ്ശൂരില്‍ തന്നെയെന്ന് പത്മജ

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ അറിയിച്ചു.

15 Feb 2021 9:54 AM GMT

‘500 രൂപയുടെ സാരിയുടുത്താല്‍ അയ്യായിരത്തിന്റേതെന്ന് പറയുമായിരുന്നു, തോല്‍പ്പിച്ചത് തെറ്റിദ്ധാരണകള്‍’; മത്സരിക്കുന്നുണ്ടെങ്കില്‍ തൃശ്ശൂരില്‍ തന്നെയെന്ന് പത്മജ
X

മത്സരിക്കുന്നുണ്ടെങ്കില്‍ ഇത്തവണയും അത് തൃശ്ശൂരില്‍ തന്നെയായിരിക്കുമെന്ന് നിലപാടറിയിച്ച് പത്മജ വേണുഗോപാല്‍. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ തന്നെപ്പറ്റിയുണ്ടായിരുന്ന തെറ്റിദ്ധാരണകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തന്നെ പരാജയപ്പെടുത്തിയതെന്ന് പത്മജ പറയുന്നു. ഇപ്പോള്‍ ആ തെറ്റിദ്ധാരണ മാറിക്കഴിഞ്ഞെന്നും മുന്‍പ് തെറ്റിദ്ധരിച്ചവര്‍ നേരിട്ടുവന്ന് തന്നോട് ക്ഷമ ചോദിച്ചെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു പത്മജയുടെ പ്രതികരണം.

താനൊരു അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ പലരിലും മുന്‍പ് ഉണ്ടായിരുന്നതായി പത്മജ പറയുന്നു. 500 രൂപയുടെ സാരി ഉടുത്താല്‍ പോലും 5000 രൂപയുടേതാണെന്ന് പറയുമായിരുന്നു. ഈ തെറ്റിദ്ധാരണകള്‍ കൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ആ തെറ്റിദ്ധാരണ മാറി. അത് പലരും തന്നോട് നേരിട്ട് പറഞ്ഞെന്നും പത്മജ പറഞ്ഞു.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ അറിയിച്ചു. എന്നാല്‍ മത്സരിക്കുകയാണെങ്കില്‍ തൃശ്ശൂരില്‍ നിന്ന് തന്നെയായിരിക്കും. പാര്‍ട്ടി ഇത് സംബന്ധിച്ച് തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും എതിര്‍ സ്ഥാനാര്‍ഥി ആരായാലും അത് തനിക്ക് പ്രശ്‌നമല്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അനുകൂല മണ്ഡലമായി പരിഗണിക്കപ്പെടവെ തന്നെ കെ കരുണാകരന്റെ പരാജയത്തില്‍ തുടങ്ങി പത്മജ വേണുഗോപാലിന്റെ പരാജയത്തിലവസാനിക്കുന്ന തെരഞ്ഞെടുപ്പ് ചരിത്രമാണ് തൃശ്ശൂര്‍ മണ്ഡലത്തിന്റേത്. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും താരസ്ഥാനാര്‍ഥികളെ കളത്തിലിറക്കിയ മണ്ഡലത്തില്‍ പക്ഷേ ഫലമെത്തിയപ്പോള്‍ താരമായത് രണ്ട് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് മുന്നേറ്റം അവസാനിപ്പിച്ച വി എസ് സുനില്‍ കുമാറായിരുന്നു. വിജയമുറപ്പിച്ച് മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ 6987 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംസ്ഥാനവക്താവ് ബി ഗോപാലകൃഷ്ണനായിരുന്നു മൂന്നാം സ്ഥാനം.

Next Story