Top

‘വിശുദ്ധ പശുവല്ല, പക്ഷെ ഊഹാപോഹങ്ങള്‍ വച്ചുള്ള വിമര്‍ശനരീതി ഭൂഷണമല്ല’; ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.ചെന്നിത്തലയുടെ ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ല. നിയമസഭാ സെക്രട്ടറിയേറ്റോ സ്പീക്കറോ വിമര്‍ശനത്തിന് വിധേയരല്ലാത്ത വിശുദ്ധ പശുക്കളാണെന്ന് കരുതുന്നില്ല. എല്ലാവരുടേയും വിമര്‍ശനങ്ങള്‍ക്കും സൂക്ഷ്മപരിശോധനയ്ക്കും വിധേയനാകണം. വസ്തുതാവിരുദ്ധമായ, ഊഹാപോഹങ്ങള്‍ വെച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന രീതി ഭൂഷണമാണോയെന്നും സ്പീക്കര്‍ ചോദിച്ചു. മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകരങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരള നിയമസഭ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തു 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി […]

10 Dec 2020 3:20 AM GMT

‘വിശുദ്ധ പശുവല്ല, പക്ഷെ ഊഹാപോഹങ്ങള്‍ വച്ചുള്ള വിമര്‍ശനരീതി ഭൂഷണമല്ല’; ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
ചെന്നിത്തലയുടെ ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ല. നിയമസഭാ സെക്രട്ടറിയേറ്റോ സ്പീക്കറോ വിമര്‍ശനത്തിന് വിധേയരല്ലാത്ത വിശുദ്ധ പശുക്കളാണെന്ന് കരുതുന്നില്ല. എല്ലാവരുടേയും വിമര്‍ശനങ്ങള്‍ക്കും സൂക്ഷ്മപരിശോധനയ്ക്കും വിധേയനാകണം. വസ്തുതാവിരുദ്ധമായ, ഊഹാപോഹങ്ങള്‍ വെച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന രീതി ഭൂഷണമാണോയെന്നും സ്പീക്കര്‍ ചോദിച്ചു.

മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകരങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരള നിയമസഭ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തു 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി വന്‍ നേട്ടമാണ് ഇക്കാലളവില്‍ ഉണ്ടായിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാന്‍ ആണ് കടലാസ് രഹിത സഭ എന്ന ആശയം കൊണ്ട് വന്നത്. ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നതെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ല. 30% തുക മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ സമിതികള്‍ ആലോചിച്ചു ആണ് തീരുമാനിച്ചത്. കടലാസ് രഹിത സഭ പദ്ധതിയായ ഇ വിധാന്‍ സഭ നടപ്പാകും വഴി പ്രതി വര്‍ഷം 40 കോടി ലാഭം ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസുമായി സ്പീക്കറുടെ പേര് ബന്ധപ്പെടുത്തി വിവാദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു രാവിലെ പ്രതിപക്ഷ നേതാവ് വിമര്‍ശനം നടത്തിയത്. സ്പീക്കര്‍ എന്നത് ഉന്നതമായ പദവി അത് കളങ്കപ്പെട്ട ചരിത്രമില്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇന്ന് സ്പീക്കര്‍ക്ക് എതിരെ ഉയരുന്നത് കടുത്ത ആരോപണമാണ്. എന്നിട്ടും തന്റെ ന്യായം പറയാന്‍ സ്പീക്കര്‍ മാധ്യമങ്ങളെ കാണാത്തത് കുറ്റബോധം കൊണ്ടാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ സര്‍ക്കാര്‍ ധൂര്‍ത്തിന്റേയും അഴിമതിയുടേയും പര്യായമാക്കി മാറ്റി. ലോക കേരള സഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢ ഗംഭീരമായ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടും. തമ്പിഹാള്‍ നവീകരണത്തിനായി 1.84 കോടി രൂപ ചെലവാക്കി. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത് നടത്തിയത്. ടെണ്ടര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രവൃത്തി ഏല്‍പിച്ചത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരണ നടപടികള്‍ സ്വീകരിച്ചു. ഇതും ഊരാളുങ്കലിന് ടെണ്ടറില്ലാതെ നല്‍കി. വെറും ഒന്നര ദിവസത്തെ ലോക കേരള സഭ പരിപാടിയ്ക്ക് വേണ്ടിയായിരുന്നു ഇത്. 12 കോടിയുടെ ബില്‍ ആണ് ഇതുവരെ ഊരാളുങ്കലിന് നല്‍കിയിരിക്കുന്നത്. കൊവിഡ് സാമ്പത്തിക നിയന്ത്രണത്തിനിടയില്‍ ഇതിന് പ്രത്യേക ഇളവ് നല്‍കിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന് പേരിട്ട നടത്തിയ പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറ് പരിപാടിക്ക് പദ്ധതിയിട്ട് കൊവിഡ് മൂലം രണ്ടായി ചുരുക്കി. ഇതിനുമാത്രമായി രണ്ടേകാല്‍ കോടി രൂപ ചെലവാക്കി. ഈ പരിപാടിയുടെ ഭക്ഷണചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്രാ ചിലവിനത്തില്‍ 42 ലക്ഷം രൂപ. പരസ്യത്തിന് 31 ലക്ഷവും മറ്റുചിലവുകള്‍ക്കായി 1.21 കോടി രൂപയും ചെലവഴിച്ചു. പരിപാടി പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷവും ജീവനക്കാര്‍ 30,000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. ഈയിനത്തില്‍ മാത്രം 21.61 ലക്ഷം രൂപ ചെലവാക്കി. സഭാ ടിവിയുടെ പേരിലും വന്‍ ധൂര്‍ത്ത് നടത്തിയിട്ടുണ്ട്. എല്ലാ അഴിമതിയും ധൂര്‍ത്തും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല രാവിലെ പറഞ്ഞു.

Next Story