സ്പീക്കര്‍ക്ക് എതിരായ പ്രതിപക്ഷ പ്രമേയം തള്ളി; ഒരിഞ്ചുപോലും തല കുനിയില്ലെന്ന് പി ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. പി ശ്രീരാമകൃഷ്ണന് സ്വര്‍ണ കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വളരെ ശക്തമായിത്തന്നെ ശ്രീരാമകൃഷ്ണന് മറുപടി പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഒരിഞ്ചുപോലും തല കുനിയില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല കെഎസ് യു പ്രവര്‍ത്തകനില്‍നിന്നും വളര്‍ന്നിട്ടില്ലെന്നും മുനീര്‍ നല്ലതുപോലെ പകര്‍ന്നാട്ടം അറിയുന്ന ആളാണെന്നും അദ്ദേഹം പരിഹസിച്ചു. […]

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.
പി ശ്രീരാമകൃഷ്ണന് സ്വര്‍ണ കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വളരെ ശക്തമായിത്തന്നെ ശ്രീരാമകൃഷ്ണന് മറുപടി പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഒരിഞ്ചുപോലും തല കുനിയില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല കെഎസ് യു പ്രവര്‍ത്തകനില്‍നിന്നും വളര്‍ന്നിട്ടില്ലെന്നും മുനീര്‍ നല്ലതുപോലെ പകര്‍ന്നാട്ടം അറിയുന്ന ആളാണെന്നും അദ്ദേഹം പരിഹസിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രസംഗം;
ഇങ്ങനൊരു പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കാരണം നമ്മുടെ രാജ്യത്ത് വിയോജിപ്പിന്റെയൊരു ചെറിയ ശബ്ദം പോലും ഉയരാന്‍ പാടില്ല എന്ന സാമാന്യ അന്തരീക്ഷം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള നിയമസഭ വിയോജിപ്പിന്റെ ശബ്ദത്തെ ആഘോഷിക്കുന്ന ദിവസമാണിത്. വേണമെങ്കില്‍ ഈ ചര്‍ച്ച ഒഴിവാക്കാനുള്ള നിലപാട് സ്പീക്കര്‍ക്ക് തീരുമാനിക്കാമായിരുന്നു. പക്ഷേ, ചര്‍ച്ച നടക്കട്ടെയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
പക്ഷേ, ചര്‍ച്ചയുടെ ഭാഗമായി പ്രതിപക്ഷനേതാവ് പ്രസംഗിച്ച സമയത്ത് ഞാന്‍ ഓര്‍ക്കുകയായിരുന്നു. 1980 കളില്‍ ഞാന്‍ പെരിന്തല്‍മണ്ണ ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ ചെന്നിത്തല സിന്ദാബാദ് എന്ന കെഎസ്യുവിന്റെ ജാഥ കണ്ടു. അപ്പോള്‍ ചെന്നിത്തല എന്നത് ഒരു ആളാണോ ഒരു നാടാണോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി പോയി. അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും വിലയില്ലാത്ത നായനാരുടെ ഭരണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാറുണ്ട്. അദ്ദേഹം തീരെ വളരാത്ത രീതിയില്‍ തുടരുകയാണെന്നാണ് എനിക്ക് മനസിലാവുന്നത്. കെഎസ്യുവിന്റെ പ്രസിഡന്റിനെപ്പോലെത്തന്നെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന് വിമര്‍ശനങ്ങളുന്നയിക്കാം. പക്ഷേ, അല്പംകൂടി വളര്‍ച്ച കാണിക്കണം. ഉത്തരവാദിത്തപ്പെട്ട ഒരു സഭാ വേദിയില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ക്ക് വസ്തതുതയും യുക്തിയും ഉണ്ടോ എന്ന് നോക്കണ്ടേ.
ഇഎംസ് ലൈബ്രറി പൊളിച്ചുകളഞ്ഞു. ഉണ്ടായിട്ടില്ല. അവിടെ പുതിയ ലൈബ്രറിയുണ്ടാക്കാന്‍ ശരത് എന്ന് പറയുന്ന കൈരളി ടിവിയിലെ മാധ്യമപ്രവര്തത്തകന് കൊടുത്തു. ഉണ്ടായിട്ടില്ല. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി സംഘടിപ്പിച്ച ഗ്രൂപ്പിന് അഞ്ച് കോടി കൊടുത്തു. ഉണ്ടായിട്ടില്ല. ഒരുരൂപ കൊടുത്തു എന്ന് നിങ്ങള്‍ തെളിയിച്ചാല്‍ ഞാന്‍ ഈ പണി നിര്‍ത്തും.
എന്റെ അഡീഷണല്‍ പിഎയെ വിളിച്ചപ്പോള്‍ എതിര്‍ത്തോ? മറ്റന്നാള്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കുമ്പോള്‍ ടെലിഫോണ്‍ കോളിലൂടെ നിയമസഭാ സമ്മേളനങ്ങള്‍ക്ക് ചുമതലയുള്ള ഉദ്യോഗസ്ഥന് തിരുവനന്തപുരത്ത് എത്തണമെന്ന് പറയുന്നതില്‍ അതിലൊരു മര്യാദകേടില്ലേ. പിഎയെ വിടാമെന്ന് പറഞ്ഞത് എന്റെ മര്യാദ. അതേ മര്യാദ തിരിച്ചും വേണ്ടേ? പോവില്ലാ എന്നല്ല പറഞ്ഞത്. എട്ടാംതിയതി ഹാരരാകാമെന്ന് അറിയിക്കുകയാണ് ചെയ്തത്. അതിന് ശേഷം നടപടിക്രമങ്ങള്‍ക്ക് നിയമസഭാ സ്പീക്കറുടെ അനുമതി വാങ്ങുകയെന്ന രീതികൂടിയുണ്ടെന്ന് അറിയിച്ചു. പിഎയെ ഹാജരാകുന്നതില്‍ തടസപ്പെടുത്തി എന്ന് പറയുന്നത് ശരിയല്ല.
ഡോ മുനീര്‍ പ്രഗത്ഭനായ ഒരു പിതാവിന്റെ മകനാണ്. അദ്ദേഹത്തിന് പകര്‍ന്നാട്ടം അറിയാമെന്ന് എനിക്ക് നന്നായിട്ടറിയാം. കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ഏറ്റവും മികച്ച കഴിവാണ് പകര്‍ന്നാട്ടം. ഒരു ഭാഗത്ത് കത്തിയും അതേസമയം മിനുക്കുമെടുത്ത് ആടാന്‍ ശേഷിയുള്ള ആള്. അദ്ദേഹം ഒരു മൊഴിയെക്കുറിച്ച് പറഞ്ഞു. ഏത് മൊഴി? ആരുടെ മൊഴി? ്അദ്ദേഹം ആ മൊഴി കണ്ടിട്ടുണ്ടോ? പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് ഞാന്‍ പ്രതിഷേധിച്ചില്ല. എനിക്കതിന് സമയമില്ലാത്തതുകൊണ്ടാണ്. ഏതെങ്കിലും പത്രമുതലാളിയുടെ മനോധര്‍മ്മത്തിന് പി്ന്നാലെ പോയിട്ട് കിണ്ണം കട്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട വിഡ്ഢിയല്ല ഞാന്‍. ചോദിക്കേണ്ടവര്‍ക്ക് എന്നോട് ചോദിക്കാം. പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി പലതും മെനഞ്ഞുണ്ടാക്കിയ ചരിത്രവും പാരമ്പര്യവും നിങ്ങള്‍ക്കുണ്ടാവാം. സ്വന്തമായുള്ള ചാനലുകളെ ഉപയോഗപ്പെടുത്തി ചില പണികള്‍ നടത്തിയ പാരമ്പര്യവുമുണ്ടാവും.
ഇതിനിടെ സ്പീക്കര്‍ വെള്ളം കുടിച്ചതിനെ പ്രതിപക്ഷം കളിയാക്കി. താന്‍ വെള്ളം കുടിക്കുകതന്നെ ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേട്ടുകേള്‍വികളുടെയും ഊഹാപോഹങ്ങളുടെയും വിലകുറഞ്ഞ അപവാദങ്ങളുടെയും പിന്‍ബലത്തില്‍ നിയമസഭയുടെ അധ്യക്ഷ വേദിക്കെതിരെ ഇന്ത്യയില്‍ ആദ്യമായി പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷവും പ്രതിപക്ഷ നേതാവെന്നും നിങ്ങള്‍ക്ക് അഭിമാനിക്കാം. അതാണ് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോവുന്നത്.
കഴിഞ്ഞ നാലരവര്‍ഷക്കാലം അധ്യക്ഷ വേദിയില്‍നിന്ന് നീതി കിട്ടിയില്ല എന്ന പരാതി നിയമസഭയില്‍ ഉണ്ടായിട്ടില്ല. ഒരു കുറവും ഉണ്ടാകാതിരിക്കാന്‍ ആവുന്ന വിധം ഞാന്‍ പരിശ്രമിച്ചു. ഇപ്പോള്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ്.
ഗോഡ്ഫാദറിലെ രംഗത്തിലേതുപോലെ അഴിമതിയുണ്ടെങ്കില്‍ തെളിയിക്കടാ എന്ന് ഇവിടുത്തെ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയെടാ പറയെടാ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ ചെവിടത്തേക്ക് ഒരു അടി. ഉമ്മര്‍ ആ സിനിമയിലെ ഇന്നസെന്റിന്റെ പണിയാണ് ചെയ്തത്. അത് ബൂമറാങ്ങാവും. ഉമ്മറടിച്ച അടി കരണത്തേക്ക് തിരിച്ചുവരും. ഖുര്‍ ആനിലെ ഒരു വാചകവും ശ്രീരാമകൃഷ്ണന് ആവര്‍ത്തിച്ചു.