Top

ബല്‍റാമിനെതിരെ പി രാജേഷ് തന്നെയെത്തും; പല ഘടകങ്ങള്‍ പരിശോധിച്ച് പ്രഖ്യാപനത്തിലേക്ക് ഇടതുമുന്നണി

പാലക്കാട്: സിപിഐഎമ്മിന്റെ കോട്ടയെന്നറിയപ്പെട്ട മണ്ഡലമായിരുന്നു തൃത്താല. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും വിടി ബല്‍റാം എന്ന യുവനേതാവ് ഇടതുപക്ഷത്തെ ഞെട്ടിച്ച് മണ്ഡലം പിടിച്ചെടുത്തു. ഇക്കുറി എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കണമന്ന വാശിയിലാണ് ഇടതുപക്ഷം. അതിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് പി രാജേഷെന്ന ഡിവൈഎഫ്‌ഐ നേതാവിലാണ്. ഷൊര്‍ണ്ണൂരിലെ സാംസ്‌കാരിക സംഘടനയായ ജ്വാലയുടെ ഭാരവാഹി എന്ന നിലയില്‍ കലാ സാംസ്‌കാരിക മേഖലയിലും ഒളിമ്പിക് അസോസിയേഷനിലൂടെ കായിക മേഖലയില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ് പി രാജേഷ്. […]

27 Feb 2021 11:17 PM GMT

ബല്‍റാമിനെതിരെ പി രാജേഷ് തന്നെയെത്തും; പല ഘടകങ്ങള്‍ പരിശോധിച്ച് പ്രഖ്യാപനത്തിലേക്ക് ഇടതുമുന്നണി
X

പാലക്കാട്: സിപിഐഎമ്മിന്റെ കോട്ടയെന്നറിയപ്പെട്ട മണ്ഡലമായിരുന്നു തൃത്താല. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും വിടി ബല്‍റാം എന്ന യുവനേതാവ് ഇടതുപക്ഷത്തെ ഞെട്ടിച്ച് മണ്ഡലം പിടിച്ചെടുത്തു. ഇക്കുറി എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കണമന്ന വാശിയിലാണ് ഇടതുപക്ഷം. അതിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് പി രാജേഷെന്ന ഡിവൈഎഫ്‌ഐ നേതാവിലാണ്.

ഷൊര്‍ണ്ണൂരിലെ സാംസ്‌കാരിക സംഘടനയായ ജ്വാലയുടെ ഭാരവാഹി എന്ന നിലയില്‍ കലാ സാംസ്‌കാരിക മേഖലയിലും ഒളിമ്പിക് അസോസിയേഷനിലൂടെ കായിക മേഖലയില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ് പി രാജേഷ്. ഷോര്‍ണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നഗര സഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയിരുന്ന പി ഗോവിന്ദന്‍ കുട്ടിയുടെ മകനും ചളവറ പാലാട്ട് മെറ്റാ ഫിസിക്‌സ് ഗവേഷകന്‍ ഡോക്റ്റര്‍ ജയകൃഷ്ണന്റെ മരുമകനുമാണ് ഇദ്ദേഹം. ഡോ ജയകൃഷ്ണന്‍ ജില്ലയ്ക്കകത്ത് നടത്തി വരുന്ന നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധവും പൊതു സ്വീകാര്യതയും രാജേഷിന് അനുകൂലമാകുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

വി ടി ബല്‍റാമിനെതിരെ നായര്‍, മുസ്ലിം വോട്ടുകള്‍ പാര്‍മാവധി സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെയാണ് സിപിഐഎം നേരത്തെ മുതല്‍ തേടി വന്നത്. ചളവറയിലെ പാലാട്ട് കുടുംബത്തില്‍ നിന്നുള്ള അംഗം എന്ന നിലയില്‍ നായര്‍ വോട്ടുകളും പുറമെ മുസ്ലിം വോട്ടുകളും പരമാവധി സമാഹരിക്കാന്‍ രാജേഷിനാകുമെന്നാണ് ഇടതുപക്ഷ പ്രതീക്ഷ.

ഏറ്റവും ഒടുവില്‍ രണ്ട് പതിറ്റാണ്ടുകാലത്തെ സിപിഐഎം മുന്നേറ്റത്തിന് തടയിട്ട് 2011ല്‍ മണ്ഡലം പിടിക്കുകയും 2016ല്‍ ആ വിജയം ആവര്‍ത്തിക്കുകയും ചെയ്ത വിടി ബല്‍റാമിനെ തന്നെ കളത്തിലിറക്കി യുഡിഎഫ് തീരുമാനം.

മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പുകളായ 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ ടി കുഞ്ഞനാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ കുഞ്ഞമ്പുവായിരുന്നു പ്രധാന എതിരാളി. എന്നാല്‍ 1970ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി ഈച്ചരന്‍ സിപിഐഎമ്മില്‍ നിന്ന് മണ്ഡലം പിടിച്ചു. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ ടി കുഞ്ഞന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇടതുമുന്നണിക്ക് മണ്ഡലം നഷ്ടമാകുന്നത്.

1977ല്‍ മണ്ഡലം അടുത്ത തെരഞ്ഞെടുപ്പിലേക്ക് കടന്നപ്പോഴും സിപിഐഎമ്മിന് മണ്ഡലം തിരിച്ചുപിടിക്കാനായില്ല. ആ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ ശങ്കരനാരായണന്‍ ഇടത് സ്ഥാനാര്‍ഥി പി പി കൃഷ്ണനെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസിനൊപ്പമാക്കി. 1980ലെ മാറിയ രാഷ്ട്രീയ പരിസ്ഥിതിയില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് യു മണ്ഡലത്തിലെ പ്രധാന എതിരാളിയായി മാറി. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ഡലത്തിലെത്തിയ പ്രമുഖ നേതാവ് എം പി താമി എതിര്‍സ്ഥാനാര്‍ഥി എന്‍ സുബ്ബയ്യനെ പരാജയപ്പെടുത്തി അട്ടിമറി ശ്രമം തടഞ്ഞു.

1982ല്‍ മത്സരം വീണ്ടും സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാവുകയും കോണ്‍ഗ്രസ് തന്നെ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനാണ് ആ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1987ല്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ എം പി താമി വീണ്ടും മണ്ഡലത്തിലേക്ക് വീണ്ടും രംഗത്തിറങ്ങുകയും സിപിഐഎമ്മിന്റെ എം കെ കൃഷ്ണനെ മറികടന്ന് വിജയിക്കുകയും ചെയ്തു.

എന്നാല്‍ 1991ല്‍ മണ്ഡലത്തില്‍ ലീഗ് മത്സരത്തിനിറങ്ങുകയും പത്തുവര്‍ഷത്തിനപ്പുറം സിപിഐഎം മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കുകയും ചെയ്തു. ഇ ശങ്കരന്‍കെ പി രാമന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇ ശങ്കരന്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പമാക്കി. പിന്നീട് മുന്ന് ടേം മണ്ഡലം ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു. 1996, 2001 വര്‍ഷങ്ങളില്‍ സിപിഐഎമ്മിന്റെ വി കെ ചന്ദ്രനും 2006ല്‍ ടിപി കുഞ്ഞുണ്ണിയും വിജയിച്ചു. 1996ല്‍ കോണ്‍ഗ്രസിന്റെ എ പി അനില്‍കുമാറും, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ പി ബാലനുമായിരുന്നു പ്രധാന എതിരാളികള്‍.

മണ്ഡലത്തിലെ അടുത്ത അട്ടിമറിക്ക് അരങ്ങൊരുങ്ങിയ 2011ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി പി മമ്മിക്കുട്ടിയെ 3197 വോട്ടുകള്‍ക്ക് പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം മണ്ഡലത്തില്‍ വിജയിച്ചു. അദ്ദേഹത്തെ ആദ്യമായി നിയമസഭയിലെത്തിച്ച ആ തെരഞ്ഞെടുപ്പോടെ രണ്ട് പതിറ്റാണ്ട് നീണ്ട ഇടത് മുന്നേറ്റത്തിനാണ് വി ടി ബല്‍റാം തടയിട്ടത്. 2016ലും മണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച അദ്ദേഹം ആ തവണ ഭൂരിപക്ഷം പതിനായിരത്തിനുമേലേക്ക് ഉയര്‍ത്തി.

2011ല്‍ നിന്ന് 2021 ലേക്ക് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുചിത്രം മാറുമ്പോള്‍ വി ടി ബല്‍റാം എന്ന നേതാവിന്റെയും പ്രതിച്ഛായയില്‍ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന സൈബറിടങ്ങളിലെ പോരുകളില്‍ സജീവസാന്നിധ്യമാണ് വി ടി ബല്‍റാം. ആരോപണങ്ങളും വിവാദങ്ങവിഷയങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ചര്‍ച്ചയാക്കുന്ന ബല്‍റാമിനോട് ഏറ്റുമുട്ടിയവരാണ് ഒട്ടുമിക്ക ഇടത് യുവ നേതാക്കളും.

Next Story